Image

പിണറായിക്ക് സന്തോഷം, സജി ചെറിയാന്‍ മന്ത്രിയാകുമോ?

Published on 31 May, 2018
പിണറായിക്ക് സന്തോഷം, സജി ചെറിയാന്‍ മന്ത്രിയാകുമോ?
സജി ചെറിയാന്റെ വിജയം മുഖ്യമന്ത്രി പിണറായി വിജയനു നല്‍കുന്ന സന്തോഷം ചെറുതല്ല. കെവിന്‍ കൊലക്കേസ് പോലും മുഖ്യമന്ത്രിയ്ക്ക് നേരെ വിരല്‍ച്ചൂണ്ടുന്ന വിധത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് റിക്കാര്‍ഡ് ഭൂരിപക്ഷവുമായി സജി ചെറിയാന്‍ മണ്ഡലം കാത്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വയ്പ്പിച്ച് ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നും വിജയിപ്പിച്ചത് പോലും ഒഴിവുള്ള മന്ത്രിസ്ഥാനം നല്‍കാനാണെന്നും തലസ്ഥാനത്തു നിന്നും ശ്രുതികളുണ്ട്. തെരഞ്ഞെടുപ്പും മന്ത്രിസഭ വാര്‍ഷികവും കഴിഞ്ഞാലുടന്‍ തന്നെ മന്ത്രിസഭ പുനസംഘടന പ്രതീക്ഷിക്കാമെന്നു പല സൂചനകളും പുറത്തു വരുന്നുണ്ട്. ആ നിലയ്ക്ക് പിണറായിയുടെ മാനം കാത്ത സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നതും ഈ നിലയ്ക്കു വേണം കണക്കിലെടുക്കേണ്ടത്. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക