Image

ഫോമ യൂത്ത് പ്രതിനിധി ഏഞ്ചലാ ഗൊരാഫിയുടെ നോവല്‍ ബ്യൂട്ടിഫുള്‍ തോട്സ് വരുന്നു

emalayalee exclusive Published on 31 May, 2018
ഫോമ യൂത്ത് പ്രതിനിധി ഏഞ്ചലാ ഗൊരാഫിയുടെ നോവല്‍ ബ്യൂട്ടിഫുള്‍ തോട്സ് വരുന്നു
ഇരട്ട നേട്ടങ്ങളില്‍ തിളങ്ങി ഏഞ്ചലാ ഗൊരാഫി മലയാളി യുവത്വത്തിന്റെ വിജയ പ്രതീകമായി. ഫോമ യൂത്ത് പ്രതിനിധിയായി എതിരില്ലാതെ വിജയിച്ചതാണ് ഒന്ന്. സ്വന്തം നോവല്‍ ആമസോണ്‍ പ്രസിദ്ധീകരിക്കുന്നു എന്നതാണ് രണ്ടാമത്തേത്.

മിക്കവാറുമെല്ലാ കലാവേദികളിലും ഏഞ്ചലാ ഗൊരാഫിയുടെ പേര് കേട്ടിരിക്കും. സൗന്ദര്യ മത്സരമുള്ളിടത്ത് പ്രത്യേകിച്ചും. സൗന്ദര്യറാണിമാരെ കിരീടമണിയിക്കാനും ഒരു മുന്‍ സൗന്ദര്യറാണി തന്നെ വേണമല്ലോ.

ഗൊരാഫി എന്ന പേര് ആംഗ്ലോ ഇന്ത്യനോ മറ്റോ ആണെന്നു കരുതിയെങ്കില്‍ തെറ്റി. കോട്ടയം മൂലേടം സ്വദേശി. പിതാവ് സുരേഷ് ഗൊരാഫി. ജോറഫി എന്ന പേര് പരിണമിച്ച് ഗൊരാഫി ആയി.

അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും രേഖാ നായരെ പോലെ പച്ച മലയാളം പറയുന്ന സെക്കന്‍ഡ് ജനറേഷന്‍ അംഗമാണ് ഏഞ്ചല. പക്ഷെ നോവല്‍ ഇംഗ്ലീഷില്‍- ബ്യൂട്ടിഫുള്‍ തോട്സ്.

ആവാ എന്ന മലയാളി യുവതിയുടെ കഥ. വ്യത്യസ്ത സംസ്‌കാരത്തില്‍ വിജയം കണ്ടെത്താനുള്ള ആവയുടെ തത്രപ്പാട്. അതിനിടയില്‍ പരമ്പരാഗത സാമൂഹിക ചിന്തകളോടുള്ള പോരാട്ടം. എന്നാല്‍ ആധുനിക ചിന്തകളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുമില്ല. സ്വതന്ത്ര ചിന്തയുടെ പ്രതീകം. അതിനില്‍ തന്നെ നോവല്‍ തത്വചിന്താപരമെന്ന് നോവലിസ്റ്റ് പറയുന്നു. ഒടുവില്‍ ഒരു സുഹ്രുത്തിലൂടെ ആവ ജീവിതം കണ്ടെത്തുന്നു.

2016 ഡിസംബറില്‍ എഴുത്ത് തുടങ്ങി. 35 ദിവസംകൊണ്ട് രൂപരേഖ തയാറാക്കി. പിന്നെ പുനരെഴുത്തിനും എഡിറ്റിംഗിനും ഒരു വര്‍ഷമെടുത്തു. അവസാനം ആമസോണ്‍ പുസ്തകം സ്വീകരിച്ചതായി ഈ ആഴ്ച വിവരം കിട്ടി.

പുസ്തകത്തിന്റെ 50 കോപ്പി എങ്കിലും ഫോമ കണ്‍വന്‍ഷനില്‍ കൊണ്ടുവരും. അപ്പോഴേയ്ക്കും പ്രിന്റ് എഡിഷന്‍ ലഭ്യമായിരിക്കും.

പുസ്തകം എഴുതുന്നതിന് കാരണമുണ്ട്. ലഘു സിനിമകളില്‍ വേഷമിടുകയും ചാനല്‍- കലാരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ഈ രംഗത്തുള്ള ഫോമ നേതാവ് ജോസ് ഏബ്രഹാമും ഭാര്യ ജിജിയുമായി അടുത്ത ബന്ധമുണ്ട്. തനിക്കില്ലാത്ത മൂത്ത സഹോദരനും സഹോദരിയുമാണ് അവരെന്ന് ഏഞ്ചല പറയുന്നു.

വോയിസ് ഓഫ് എ.ബി.പി.ഡി എന്ന സ്വന്തം ബ്ലോഗില്‍ ഏഞ്ചല സജീവമായിരുന്നു. ഇത്രയധികം എഴുതുന്നയാള്‍ക്ക് സ്വന്തമായി ഒരു പുസ്തകം എഴുതാന്‍ ജോസ് ഏബ്രഹാമും ജിജിയും വെല്ലുവിളിച്ചു. ആ വെല്ലുവിളി സ്വീകരിച്ച ഏഞ്ചല എഴുത്തിന്റെ സപര്യയില്‍ മുഴുകി. അതു പൂവണിഞ്ഞു.

മലയാളി കഥാപാത്രങ്ങളുണ്ടെങ്കിലും മലയാളികള്‍ മാത്രമല്ല എല്ലാവരും ആവേശപൂര്‍വ്വം നോവല്‍ വായിക്കണമെന്ന് ഏഞ്ചല ആഗ്രഹിക്കുന്നു. 240 പേജുള്ള പുസ്തകം വായിച്ചവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പ്രസിദ്ധമായ 'ആല്‍കെമിസ്റ്റി'ന്റെ പാതയിലാണ് നോവല്‍ പുരോഗമിക്കുന്നത്. കഥാപാത്രങ്ങള്‍ സെക്കന്‍ഡ് ജനറേഷന്‍ എന്നു പറയാനാവില്ല.

സിയാറ്റിലിലുള്ള വിനി മാത്യു തയാറാക്കിയ മനോഹരമായ കവറില്‍ ചിത്രം ഗ്രന്ഥകര്‍ത്താവിന്റേതു തന്നെയാണ്. പക്ഷെ അതു മനസ്സിലാവില്ല. ഫോട്ടോ എടുത്തത് നിക്കി സ്റ്റീഫന്‍.

പിതാവ് സുരേഷ് ഗൊരാഫി വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സിയാറ്റിലില്‍ മുന്‍ ഫോമ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ കമ്പനിയായ എയ്റോ കണ്‍ട്രോള്‍സില്‍ ഉദ്യോഗസ്ഥനാണ്. നാലു പതിറ്റാണ്ടായി അമേരിക്കയിലായിട്ട്. അമ്മ ലത കുമരകം വടക്കത്ത് ജേക്കബിന്റെ പുത്രി. ഏഞ്ചലയെ എട്ടുമാസം ഗര്‍ഭമുള്ളപ്പോഴാണ് 24 വര്‍ഷം മുമ്പ് അമ്മ അമേരിക്കയിലെത്തിയത്. പ്രീ സ്‌കൂള്‍ അധ്യാപികയാണ്. ഇളയ സഹോദരന്‍ അലന്‍ തോമസ് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.

ഏഞ്ചല 2014-ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് മിസ് ഇന്ത്യാ ആയിരുന്നു.ആ വര്‍ഷം മിസ് ഇന്ത്യാ യു.എസ്.എ മത്സരത്തില്‍ മിസ് പോപ്പുലര്‍ ആയി. 2016-ല്‍ മിസ് ഓബേണ്‍ വാഷിംഗ്ടണ്‍ ആയും തെരെഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിക്കേഷനില്‍ ബാച്ചിലര്‍- മാസ്റ്റര്‍ ബിരുദങ്ങളുള്ള ഏഞ്ചല ഇപ്പോള്‍ ലാസ്വേഗസ് കേന്ദ്രമായിപ്രമുഖ പത്രങ്ങള്‍ക്കുവേണ്ടി ഡിജിറ്റല്‍ സ്പെഷലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

നര്‍ത്തകിയും കോറിയോഗ്രാഫറുമാണ്. മഴവില്‍ എഫ്.എമ്മില്‍ ആര്‍.ജെയും. ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു.

പി.എച്ച്.ഡി നേടുകയാണു അടുത്ത ലക്ഷ്യം. എഴുത്തും ബ്ലോഗ് എഴുത്തൂം സജീവമായി തുടരും. അതു പോലെ ന്രുത്തവും അഭിനയവും കൈവിടില്ല.ഭാവിയില്‍ യൂണിവേഴ്‌സിറ്റി അധ്യാപികയാവണമെന്നാഗ്രഹിക്കുന്നു. 
ഫോമ യൂത്ത് പ്രതിനിധി ഏഞ്ചലാ ഗൊരാഫിയുടെ നോവല്‍ ബ്യൂട്ടിഫുള്‍ തോട്സ് വരുന്നു
ഫോമ യൂത്ത് പ്രതിനിധി ഏഞ്ചലാ ഗൊരാഫിയുടെ നോവല്‍ ബ്യൂട്ടിഫുള്‍ തോട്സ് വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക