Image

നഷ്ടമാകുന്ന മോഡി പ്രഭാവം; കാവി രാഷ്ട്രീയം മതിയാക്കുന്ന ഇന്ത്യ

Published on 31 May, 2018
നഷ്ടമാകുന്ന മോഡി പ്രഭാവം;  കാവി രാഷ്ട്രീയം മതിയാക്കുന്ന ഇന്ത്യ


ബിജെപി ഭരണം നാല് വര്‍ഷം പിന്നിടുമ്പോള്‍ മോഡി പ്രഭാവം ഇന്ത്യയില്‍ നഷ്ടമാകുന്നു എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം ഈ വര്‍ഷം മാര്‍ച്ച് വരെ 23 ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ഇതില്‍ വെറും അഞ്ച് സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ഇതില്‍ ആറ് സീറ്റുകള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. 2018ലും ബിജെപിക്ക്  കനത്ത നഷ്ടമാണ് ഉപതിരഞ്ഞെടുപ്പുകള്‍ സമ്മാനിക്കുന്നത്. രാജസ്ഥാനിലെ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തുറുപ്പുഗുലാനായ യോഗി ആദിത്യനാഥിന്‍റെ ഗോരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂല്‍പൂരും നഷ്ടമായി. ഉത്തര്‍പ്രദേശിലെ കൈറാനയില്‍ ആല്‍.എല്‍.ഡി സ്ഥാനാര്‍ഥി തബസും ബീഗം ബിജെപിയെ ഇപ്പോള്‍ പരാജയപ്പെടുത്തിയിരിക്കുന്നു. 
ദേശിയ രാഷ്ട്രീയത്തിന്‍റെ വിധിനിര്‍ണ്ണയമാകുമെന്ന് കരുതിയിരുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞതുമില്ല. 
ബിജെപിക്ക് നേരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ശക്തമാകുന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗുജറാത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസിന് മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞതോടെ രാഹുല്‍ഗാന്ധി എന്ന മിടുക്കനായ രാഷ്ട്രീയക്കാരന്‍റെ ഉദയം സംഭവിച്ചു എന്നതാണ് മറ്റൊരു വസ്തുത. പ്രാദേശിക പാര്‍ട്ടികളോട് ഏത് വിധേനയും രമ്യതയില്‍ എത്താനും ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകാനും കോണ്‍ഗ്രസ് ഒരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. കര്‍ണ്ണാടകയില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ് തന്ത്രം ഈ വിട്ടുവീഴ്ചയുടെ ഭാഗമാണ്. എങ്ങനെയും തിരിച്ചു വന്നേ മതിയാകു എന്ന് കോണ്‍ഗ്രസിന് നന്നായി തന്നെ അറിയാം. 
അതിനേക്കാള്‍ തിരിച്ചറിവിലേക്ക് എത്തുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ഇപ്പോള്‍ ഒരുമിച്ച് നിന്ന് ബിജെപിയെ ചെറുത്തില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിന് അപ്പുറം തങ്ങളെല്ലാം ഇല്ലാതാക്കപ്പെടും എന്ന് അവര്‍ മനസിലാക്കുന്നു. യു.പിയില്‍ മായാവതിയും അഖിലേഷ് യാദവും ഈ ഭീഷണി നല്ലത് പോലെ മനസിലാക്കിക്കഴിഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍.സി.പി കോണ്‍ഗ്രസുമായി സഖ്യപ്പെടാന്‍ ഒരുങ്ങിക്കഴിഞ്ഞു. തെന്നിന്ത്യയില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്ലാ പ്രാദേശിക കക്ഷികളും തീരുമാനിച്ചിരിക്കുന്നു. 
ഇതിനൊപ്പം പെട്രോള്‍ വിലവര്‍ദ്ധനവും വിലക്കയറ്റവും വര്‍ഗീയത സൃഷ്ടിക്കുന്ന അക്രമങ്ങളും മോഡിയുടെ ഭരണത്തിന് കളങ്കം സൃഷ്ടിച്ചിരിക്കുന്നു. പ്രതിപക്ഷ ഐക്യനിരയെ മറികടന്ന് ജനവികാരം തനിക്ക് ഒപ്പമാക്കാന്‍ ഇനി മോഡിക്ക് എന്ത് മാജിക്ക് കാട്ടാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വെറും വാചകകസര്‍ത്തില്‍ ഒതുങ്ങുന്ന മാജിക്കാണ് മോഡിയില്‍ ബാക്കിയുള്ളതെങ്കില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും എന്നു തന്നെ ഉറപ്പിക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക