Image

അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, പ്രശസ്തിക്കു വേണ്ടിയാണ് നടനും സംവിധായകനുമായത്: സന്തോഷ് പണ്ഡിറ്റ്

Published on 01 June, 2018
അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, പ്രശസ്തിക്കു വേണ്ടിയാണ് നടനും സംവിധായകനുമായത്: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടോ സംവിധായകനാകാനുള്ള മോഹം കൊണ്ടോ അല്ല താന്‍ സിനിമക്കാരനായതെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണെന്നും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നാലുപേരറിയുന്ന നിലയിലേക്കു തനിക്ക് എത്താനായത് ആ ശ്രമത്തിന്റെ ഫലമാണെന്നും തന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ പ്രചരണാര്‍ഥം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു

സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന സമയത്ത് വളരെ കുറച്ചാളുകള്‍ക്കു മാത്രമേ തന്നെ അറിയുമായിരുന്നുള്ളൂ. ജോലി സംബന്ധമായി നിര്‍മാണ സൈറ്റ് സന്ദര്‍ശിക്കുന്നതിനിടെ ഒരു പൂച്ച വഴിയില്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ കാഴ്ച വല്ലാതെ തന്നെ ചിന്തിപ്പിച്ചു. തന്റെ മരണവും ഇതുപോലെ ആളുകള്‍ അറിയാതെ പോകരുതെന്ന് അന്നു തീരുമാനമെടുത്തു. അങ്ങനെയാണ് സിനിമയിലേക്ക് വരാനും പ്രശസ്തി നേടിയെടുക്കാനും കാരണമായത്.

അഭിനയത്തേക്കാള്‍ സംവിധാനത്തോടാണ് ഏറെ താല്‍പര്യം. ആര്‍ക്കും ചെയ്യാന്‍ സാധിക്കും വിധം വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ് അഭിനയം. എന്നാല്‍ സംവിധാനം അങ്ങനെയല്ല.  തലയില്‍ എന്തെങ്കിലുമുള്ളവര്‍ക്കേ സംവിധാനം ചെയ്യാനാകൂ. ഭാവിയില്‍ അഭിനയത്തില്‍ നിന്ന് മാറി സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ലക്ഷ്യമെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റ് ഇരട്ട വേഷത്തിലെത്തുന്ന ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രമാണ് ഉരുക്ക് സതീശന്‍. സിനിമ ന്യൂ ജനറേഷന്‍ ചിത്രമല്ലെന്നും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചിത്രത്തിലില്ലെന്നു സന്തോഷ് പറഞ്ഞു. സംസ്ഥാനത്ത് 34 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക