Image

കടലില്‍ കാണാതായ ക്രിസ്തുദാസിന്‍െറ മൃതദേഹം ഷാര്‍ജയില്‍ കണ്ടെത്തി

Published on 25 March, 2012
കടലില്‍ കാണാതായ ക്രിസ്തുദാസിന്‍െറ മൃതദേഹം ഷാര്‍ജയില്‍ കണ്ടെത്തി
റാസല്‍ഖൈമ: തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയോടെയുള്ള കാത്തിരിപ്പിനും ഇറാനിലുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് റാസല്‍ഖൈമ കടലില്‍ കാണാതായ തിരുവനന്തപുരം പുതിയതുറ സ്വദേശി ക്രിസ്തുദാസിന്‍െറ (34) മൃതദേഹം കണ്ടെത്തി. ഷാര്‍ജ ഹാര്‍ബറിന് 16 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അതിരാവിലെ മത്സ്യബന്ധനത്തിന് പോയവര്‍ ആണ് മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചയുടന്‍ കോസ്റ്റ് ഗാര്‍ഡ് എത്തി പൊലീസിന്‍െറ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ച് ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.   
കഴിഞ്ഞ ശനിയാഴ്ചയാണ് റാസല്‍ഖൈമ അല്‍ മ്യാരീദില്‍ നിന്ന് മത്സ്യബന്ധനത്തിന് തിരിച്ച പുതിയതുറ അഗസ്റ്റ്യന്‍-ക്രിസ്റ്റീന ദമ്പതികളുടെ മകന്‍ ക്രിസ്തുദാസിനെ കടലില്‍ കാണാതായത്. ദിവസങ്ങളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒരാഴ്ച തികയുന്ന ഇന്നലെ ഷാര്‍ജയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് റാസല്‍ഖൈമയിലുള്ള സഹോദരന്‍ പാട്രിക് ലോറന്‍സും സഹോദരീ ഭര്‍ത്താവ് ജേക്കബ് ജോണും സുഹൃത്തുക്കളും ഷാര്‍ജയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴുത്തിലണിഞ്ഞിരുന്ന ജപമാല കണ്ടായിരുന്നു ഇത്. എന്നാല്‍, മൃതദേഹം വിട്ടുകിട്ടുന്നതിന് ഇനിയും ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്ന് പാട്രിക് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.എ.ഇയില്‍ അടുത്തിലെ മൂന്നുപേരെ കടലില്‍ കാണാതായിരുന്നു. ഈ സാഹചര്യത്തില്‍ മൃതദേഹത്തിന്‍െറയും ക്രിസ്തുദാസ് സഞ്ചരിച്ചിരുന്ന ബോട്ടിലെയും വിരലടയാളങ്ങള്‍ ഒത്തുനോക്കിയ ശേഷമേ അധികൃതര്‍ മൃതദേഹം വിട്ടുകൊടുക്കൂ. പോസ്റ്റുമോര്‍ട്ടവും ഇന്നാണ് നടക്കുക. അനാകൈ്ളറ്റയാണ് ഭാര്യ. മക്കള്‍: അജിത (13), അനുജ (ഏഴ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക