Image

നീതിക്കായി കാത്തിരിക്കുന്ന ഒരു അമ്മയും മലയാളി സമൂഹവും

അനില്‍ പെണ്ണുക്കര Published on 02 June, 2018
നീതിക്കായി കാത്തിരിക്കുന്ന ഒരു അമ്മയും മലയാളി സമൂഹവും
അമേരിക്കന്‍ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ പ്രവീണ്‍ വധക്കേസ് വിചാരണക്ക് ഒരുങ്ങുന്നു. ജൂണ്‍ 4, തിങ്കളാഴ്ച രാവിലെ 9 മണിക്ക് ജാക്‌സണ്‍ കൗണ്ടിയില്‍ വെച്ച് വിചാരണ നടക്കും. കേസിനോടനുബന്ധിച്ചു ജോര്‍ജ് ബത്തൂണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തി എന്നതാണ് ബത്തൂണിനു മേലുള്ള ആരോപണം. പ്രവീണിന്റെ മരണം വെറും അപകടമരണമാണെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ മുഖത്തും തലയിലും മുറിപ്പാടുകള്‍ കണ്ടെത്തിക്കൊണ്ട് വര്‍ഗീസിന്റെ അമ്മ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ബത്തൂണ്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

2014 ല്‍ കാര്‍ബോര്‍ഡലിലെ വനാന്തരങ്ങളില്‍ നിന്നാണ് പ്രവീണ്‍ വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തുന്നത്. സതേണ്‍ ഇലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ത്ഥിയായിരുന്നു ഈ 19 കാരന്‍. പ്രവീണ്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ബത്തൂണ്‍ ആരോപണങ്ങള്‍ക്ക് ചെവി കൊടുത്തിരുന്നില്ല. അഭ്യര്‍ത്ഥനകളോ ഇടപാടുകളാലോ പരിഗണിക്കില്ല എന്ന് പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ പറഞ്ഞു. എന്നാല്‍ ഈ അവസരത്തില്‍ തനിക്കു ഒന്നും പറയാനില്ല എന്നാണ് ബത്തൂണ്‍ അറിയിച്ചത്.

കോടതിയില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളിലും വാദങ്ങളിലും താന്‍ അടിയുറച്ചു വിശ്വസിക്കുന്നുവെന്നും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു. എല്ലാം നിയമത്തിനും കോടതിക്കും വിട്ടുകൊടുക്കുകയാണെന്നും ലവ്‌ലി കൂട്ടിച്ചേര്‍ത്തു. തന്റെ മകന്റെ വേര്‍പാടില്‍ കണ്ണീരൊഴുക്കാതെ അവനു നീതി ലഭിക്കാന്‍ രംഗത്ത് വന്ന ലവ്‌ലി വര്‍ഗീസിന് ഒരുപാട് അമ്മമാരുടെ പിന്തുണയും സഹായവും ലഭിച്ചു. അതുകൊണ്ടുതന്നെ പ്രവീണ്‍ വധക്കേസ് ഇലിനോയ്‌സിനെ മാത്രമല്ല ലോകത്തെ ഒന്നടങ്കം പ്രതിഷേധച്ചൂടില്‍ എത്തിക്കുകയും ചെയ്തു. ജൂണ്‍ 4 ന് ജാക്‌സണ്‍ കൗണ്ടിയില്‍ വെച്ച് നടക്കുന്ന വിചാരണക്ക് ഒരു വലിയ ജനസമൂഹം തന്നെ സാക്ഷിയാകും എന്നതില്‍ സംശയമില്ല.ഇലിനോയ്‌സിനു ജൂണ്‍ 4 ഒരു വലിയ ദിവസം തന്നെയായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക