Image

പാര്‍ട്ടി പറഞ്ഞാല്‍ മാറും, അല്ലാതെ തയ്യാറല്ല, പി ജെ കുര്യന്‍

Published on 03 June, 2018
പാര്‍ട്ടി പറഞ്ഞാല്‍ മാറും, അല്ലാതെ തയ്യാറല്ല, പി ജെ കുര്യന്‍

പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നു മാറിനില്‍ക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. താന്‍ ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ എംപി സ്ഥാനം നല്‍കിയതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായി പി.ജെ. കുര്യന്‍. പി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കണമെന്നും യുവാക്കള്‍ക്ക് അവസരം കൊടുക്കണമെന്നു കഴിഞ്ഞ ദിവസം യുവനേതാക്കളായ ഷാഫി പറമ്പിലും വി. ബല്‍റാമും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കുര്യന്റെ പ്രതികരണം. 
പാര്‍ട്ടി പറഞ്ഞാലേ മാറൂ, സ്വമേധയാ മാറാന്‍ കൂട്ടാക്കുന്നില്ലെന്നാണ് പി.ജെ. കുര്യന്റെ വാക് ധ്വനി. ഇതോടെ, കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്നു വ്യക്തമായി. ഇന്നിറങ്ങിയ വീക്ഷണം ദിനപത്രത്തില്‍ കോണ്‍ഗ്രസിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതും കുര്യന്റെ പ്രതികരണവും ചേര്‍ത്തു വായിക്കുമ്പോഴാണ് കേരളത്തില്‍ ഉടലെടുക്കുന്ന നാലാംചേരിയെക്കുറിച്ച് കൂടുതല്‍ വ്യക്താവുക.
കുര്യന്‍ പറയുന്നതു ശ്രദ്ധിക്കുക-യുവാക്കളുടെ അവസരത്തിനു താന്‍ തടസ്സമല്ല. താന്‍ മാറി നില്‍ക്കണമെന്നുള്ള യുവ എംഎല്‍എമാരുടെയും നേതാക്കളുടെയും ആവശ്യത്തെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്നതാണ് പാര്‍ട്ടി. തനിക്ക് എല്ലാ പദവികളും നല്‍കിയത് പാര്‍ട്ടിയാണ്. 25 വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമാണ് തനിക്ക് എംപി സ്ഥാനം ലഭിച്ചത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. താഴെത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനം നടത്താതിരുന്നതാണ് ചെങ്ങന്നൂരിലെ പരാജയ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒഴിവുവരുന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ശീതയുദ്ധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക