Image

യാത്രക്കാരി (യാത്ര തുടരുന്നു: തോമസ് കളത്തൂര്‍)

Published on 03 June, 2018
യാത്രക്കാരി (യാത്ര തുടരുന്നു: തോമസ് കളത്തൂര്‍)
സായംസന്ധ്യയുടെ നൈസര്ഗ്ഗി കമായ വെളിച്ചം , വൈദ്യുതിയുടെ കൃത്രിമ വെളിച്ചത്തിനു വഴിമാറി കഴിഞ്ഞു. എന്നാല്‍ മേഘപാളികള്‍ ക്കിടയില്‍ നിന്ന് ശീത കിരണന്‍, ശശാങ്കന്‍ , പ്രത്യക്ഷപ്പെട്ടതോടെ വൈദ്യുതിയുടെ കൃത്രിമവെളിച്ചത്തിനു മങ്ങലേറ്റു. ഇരുട്ടിനെ ഇല്ലായ്മ ചെയ്യാന്‍ കൃത്രിമത്വത്തിനു ആവില്ല. അല്ലെങ്കില്‍ കൃത്രിമത്വം വെളിച്ചമായി തീരണം. തമസ്സ് അഥവാ ഇരുട്ട് , വെളിച്ചം തരുന്ന വിളക്കിന് ചുവട്ടിലോ ഉള്ളിലോ പതിയിരിക്കുന്നു. അതുപോലെ വെളിച്ചം പതിക്കുന്നിടത്തിനു പിന്നില്‍, ഒരു നിഴലായി ഇരുട്ട് ഒളിക്കുന്നുണ്ടാവും. ഈ ഇരുട്ടും വെളിച്ചവും എനിക്കിനി ബാധകമല്ല. .

സാറ്റിന്‍ തുണിയില്‍ പൂക്കള്‍ തുന്നിയ മര്‍ദ്ദവ മേറിയ മെത്തയില്‍ സുഖശയനത്തില്‍ ആയിരുന്ന എന്റെ സൂക്ഷ്മ തന്തുക്കളെ പ്രകമ്പനും കൊള്ളിച്ചുകൊണ്ട് ബോധ മണ്ഡലം, "അവള്‍ , ആ യാത്രക്കാരി , യാത്ര തുടര്‍ന്ന് ഇവിടെ എത്തുന്നു " എന്ന് അറിയിച്ചു . എങ്ങനെ , എപ്പോള്‍ , ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ഉത്തരം കണ്ടുപിടിക്കാന്‍ പാടുപെടേണ്ടി വന്നില്ല. കൂടുതല്‍ ചിന്തിച്ചു സമയം കളയേണ്ടതില്ല , സ്വീകരിക്കാന്‍ ഒരുങ്ങുകയേ വേണ്ടു. ഇന്നൊരു ‘വിഷു’വിന്‍ നാളാണ് . പക്ഷെ ഇവിടെ ആഘോഷങ്ങള്‍ക്ക് സ്ഥാനമില്ല , നഷ്ടങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും അതിന്‍റെ ദുഃഖങ്ങള്‍ക്കും മാത്രം . അല്ലെങ്കിലും അമേരിക്കയില്‍ എന്തു വിഷു, പ്രേത്യേകിച്ചും കാലയവനികയ്ക്കുള്ളില്‍… അവള്‍ ഉടനെ എത്തും , വേഗം ഒരുങ്ങേണ്ടി ഇരിക്കുന്നു. എക്‌സറേയ് കിരണങ്ങളെ പോലെ , ഞാന്‍ കോണ്‍ക്രീറ്റ് പാലകയിലുടെ കടന്ന് മനോഹരമായ പുല്‍പ്പുറത്തെത്തി . ഒരു രാജമല്ലി പൂങ്കുല അടര്‍ത്തി എടുത്തു സൂക്ഷിച്ചു , അവളെ സ്വാഗതം ചെയ്യാന്‍.

പുല്‍ത്തകിടിയില്‍ അവിടവിടെ ആയി തണല്‍ മരങ്ങളും നെടുകെയും കുറുകെയും കോണ്‍ക്രീറ്റ് വഴികളും നിര്‍മ്മിച്ചിട്ടുണ്ട്, ശാന്തതക്ക് ഭംഗം വരാതെ , വണ്ടികള്‍ക്കു പതിയെ സഞ്ചരിക്കാനായി. ശ്മശാന മൂകത ഒട്ടും നഷ്ട മാവാതെ തളംകെട്ടി നില്‍ക്കുന്നു , ഇവിടെ. എന്നാല്‍ മുന്നിലുള്ള "ടെലിഫോണ്‍" റോഡിലൂടെ വണ്ടികള്‍ പാഞ്ഞു പോകുന്നു. "ബെല്‍റ്റുവേ എട്ട് " ല്‍ നിന്നും, ബ്രോഡ്വെനയില്‍ നിന്നും ഇവിടെ വേഗം എത്തിച്ചേരാം. അന്ത്യ വിശ്രമത്തിനായി പെയര്‍ലണ്ടിലെ " സൗത്ത് പാര്‍ക്ക് ", അനേക മലയാളികളും തെരഞ്ഞെടുത്തിരിക്കുന്നു .

കുരിശ്ശ്‌കൊത്തിയ വെണ്ണക്കല്ലിലേക്കു ഞാന്‍ ചാരി ഇരുന്നു. ചിന്തകള്‍, അവളെ ചുറ്റിപ്പറ്റി സഞ്ചരിച്ചു. അവള്‍ക്കിവിടെ എത്താന്‍, അഡ്രസ്സും “ജി.പി.എസ്സും” ഒന്നും ആവശ്യമില്ല. കേരളത്തിലെ കോട്ടയത്ത് നിന്നും തനിയെ ഇവിടെ എത്താമെങ്കില്‍ , എന്റെ അടുത്തെത്താന്‍ ആഗ്രഹത്തില്‍ ഉപരി ആയി ഒന്നും തന്നെ ആവശ്യമില്ല.. രാജമല്ലി പൂക്കള്‍ ഒരു "വിഷുക്കണി" പോലെ അവള്‍ക്ക് നല്‍കി സ്വാഗതം ചെയ്യാനുറച്ചു. ഓര്‍മ്മകളും സ്വപ്നങ്ങളും മാത്രം മനസ്സിന്റെ ചെപ്പിലടച്ചു സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അനേക ദശാബ്ദങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നു, നേരില്‍ കാണാനാവാതെ. അവള്‍ ഇത്ര നാളും എന്റെ സ്വപ്നങ്ങളില്‍ ജീവിച്ചു. സ്വപ്നങ്ങള്‍ക്കും ഉപരിയായി, എന്നോടൊന്നിക്കണമെന്ന അവളുടെ അപ്രതിരോദ്ഥ്യമായ അഭിലാഷമാണ് ഭൂഖണ്ഡങ്ങള്‍ കടന്നു ഇവിടെ എത്താന്‍ അവളെ സഹായിച്ചത്. ശുഭ്രവും സുതാര്യവുമായ ഒരു വസ്ത്രം, അന്തരീക്ഷത്തിലൂടെ ഒഴുകി...ഒഴുകി....എന്റെ മുന്‍പിലെത്തി. മഞ്ഞില്‍ തീര്‍ത്ത ഒരു സ്തംഭം കണക്കെ എനിക്ക് അഭിമുഖമായി നിന്നു. മറ്റൊരു മഞ്ഞു സ്തംഭമായി ഞാന്‍ ഉയര്‍ന്നു നിന്നു. പതുക്കെ, എനിക്ക് അവളുടെ മുഖവും കൈകാലുകളും ശരീരവുംനനുനനുത്ത വെളുത്ത മഞ്ഞിനുള്ളില്‍ ദൃശ്യം ആയിവന്നു. അനേക നാളെത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ ഒന്നിക്കുകയാണ്. നിര്‍ന്നിമേഷനായി നിന്ന് പോയി.

"എന്നെ ഓര്മ്മത ഉണ്ടോ ? നമ്മള്‍ മുന്‍പ് എവിടെ എങ്കിലും വെച്ച്..............എന്റെപേര് ഓര്‍മ്മയുണ്ടോ ? അവള്‍ ഒരു ചെറു ചിരിയോടെ കുസൃതി ചോദ്യങ്ങള്‍ തൊടുത്തു വിട്ടു . ആ നീണ്ട കണ്ണുകളും, കൊഞ്ചലും കുറുമ്പും സമ്മേളിക്കുന്ന ചുണ്ടുകളും, എനിക്ക്ശരിക്കു കാണാമായിരുന്നു. . രാജമല്ലി പൂവ് അവള്‍ക്കു നേരെ നീട്ടികൊണ്ടു ഞാന്‍ മറുചോദ്യം എറിഞ്ഞു. "ഇനിയും പേരും മേല്‍വിലാസവും ഒക്കെ പറയണോ? ഞാന്‍, അന്ന് മുതല്‍ പിന്നെന്തു സംഭവിച്ചു , എവിടെ പോയി , എന്നൊക്കെ അന്വേഷിക്കുക ആയിരുന്നു. ഇങ്ങോട്ടു വരുന്നു എന്ന് ഞാന്‍ അറിഞ്ഞു, ഞാന്‍ ഇവിടെ ഉണ്ടെന്നു നീ അറിഞ്ഞതുപോലെ തന്നെ. ഇന്ന് നമ്മള്‍ അമാനുഷര്‍ ആണല്ലോ അല്ലെങ്കില്‍ അതിമാനുഷര്‍. ഇന്ന് നമ്മള്‍ ഭൂമിയിലെ സ്ഥല കാലങ്ങള്‍ക്കു അതീതരാണ്. ഭൂമിയെ ഉള്‍കൊള്ളുന്ന പ്രപഞ്ചത്തിനു സമാന്തരമായി, മറ്റൊരു പ്രപഞ്ചത്തിലാണ് നാം ഇന്ന്. ഇവിടെ ദ്രവ്യം അഥവാ പദാര്‍ത്ഥം ഇല്ല, ഊര്‍ജ്ജം അഥവാ ചൈതന്യം മാത്രം. . സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ശക്തമാണെങ്കില്‍, ചൈതന്യവത്താണെങ്കില്‍, നമുക്കിവിടെ ഒന്നിക്കാം. നമ്മുടെ പഴയ പ്രാര്‍ത്ഥനകള്‍ ഈശ്വരന്‍ സഫലീകരിച്ചു തരുന്നു എന്ന് കരുതിക്കോ". തുറന്ന കൈകളുമായി ഞാന്‍ അവളെസമീപിച്ചു കൊണ്ടു പറഞ്ഞു, "അങ്ങനെ നമ്മള്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു". ഇതുവരെ അടക്കി വെച്ചിരുന്ന സന്തോഷം ചിറപൊട്ടി ഒഴുകി. അവളുടെ കയ്കളും മുഖവും എന്റെ തോളില്‍ അമര്‍ന്നു . ഞങ്ങള്‍ മുകളിലേക്ക് ഉയര്‍ന്നു ഉയര്‍ന്നു സഞ്ചരിച്ചു.. സമൂഹത്തിന്റ സമ്മര്ദങ്ങളോ, അന്തരീക്ഷ മര്‍ദ്ദങ്ങളോ ആനുഭവപ്പെടാതെ ഞങ്ങള്‍ ഒഴുകി നടന്നു. ഇന്ന് ഞങ്ങള്‍ സ്വതന്ത്രരാണ് . നഷ്ടപ്പെട്ട സ്വപ്നങ്ങളെ യാഥാര്‍ത്തിയ മാക്കുക ആയിരുന്നു. എത്ര സമയം പറന്നും ഒഴുകിയും നടന്നു എന്നറിയില്ല, കാരണം ഇവിടെ സമയവും ബാധകമല്ലല്ലോ. തിരികെ സൗത്ത് പാര്‍ക്കിന്റെ പുല്‍ത്തകിടിയില്‍ എത്തിയപ്പോള്‍, മനുക്ഷ്യരൊക്കെ അവിടം വിട്ടിരുന്നു . രാത്രിയിലെ ശ്മശാനം പ്രേത പിശാചുക്കള്‍ക്കായി ഒഴിഞ്ഞിട്ടിരിക്കുകയാവാം, അവരുടെ ഭയം.

ഞങ്ങള്‍ സംസാരിച്ചു കൊണ്ട് ശ്മശാനത്തിലൂടെ നടന്നു. "നമ്മള്‍ വേര്‍പെട്ടിട്ട്……, പിന്നെ എന്തു സംഭവിച്ചു ? എന്റെ ആകാംക്ഷ അള മുട്ടുകയാണ്. അവള്‍ തുടര്‍ന്നു "പിന്നെ ഞാനൊരു കുറ്റവാളിയായി , അച്ചനും അമ്മയും മാറി മാറി വിചാരണ ചെയ്തു. കൂടെ കുറെ മര്‍ദ്ദനങ്ങളും സഹിച്ചു. കാരാഗൃഹവാസം നീണ്ടുനിന്നില്ല. വിവാഹം പെട്ടെന്ന് നടത്തി, ആര്ഭാടവമായി തന്നെ. ജീവിതം യാന്ത്രികമായി മുന്നോട്ടു പോയി, ഒരു ഭാര്യ ആയി , 'അമ്മ ആയി ഒക്കെ. സദാ ഒരു 'നഷ്ട ബോധം' കൂട്ടിനുണ്ടായിരുന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ നിശ്ശബ്ദതയിലേക്കു കടന്നു. അവളുടെ അപ്പോഴത്തെ വൈകാരിക അവസ്ഥയ്ക്ക് മാ റ്റം വരുത്താനായി ഫലിത രൂപേണ ഞാന്‍ അന്വേഷീച്ചു, "എന്താണ് നഷ്ടപ്പെട്ടിരുന്നത്?". തിരിഞ്ഞു വയറിനു ഒരു ഇടി സമ്മാനിച്ച് കൊണ്ട് എന്റെ നെറ്റിയില്‍ ചൂണ്ടു വിരല്‍ കുത്തി, അവള്‍ പറഞ്ഞു " ഇതിനെ". രണ്ടു പേരും പൊട്ടി ചിരിച്ചു. വീണ്ടും ഇരുവരും തോളിലൂടെ കൈകള്‍ ചുറ്റി കൊണ്ട് നടത്തം തുടര്‍ന്നു.

അനേകര്‍ വിശ്രമം കൊള്ളുന്ന നിശബ്ദതയുടെ ആ മനോഹര പ്രദേശത്തുകൂടെ ഞങ്ങള്‍ ഒഴുകി നടന്നു . ഒരു കല്‍കൂനയുടെ മുകളില്‍ കൊടുംകൈയും കുത്തി ഇരിക്കുന്ന ഒരു സ്ത്രീ യുടെ മുന്‍പില്‍ എത്തിപ്പെട്ടു . അവര്‍ പുതിയതായി ഇവിടെ താമസം ആരംഭിച്ചതാണ്. കുശല പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ കൂട്ടുകാരിയെ വളെരെ ആവേശത്തോടെ അവര്‍ക്കു പരിചയപ്പെടുത്തി . അവള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി, എന്നെ തിരഞ്ഞു ഇവിടെത്തി എന്ന് പറഞ്ഞപ്പോള്‍ അവര്‍ അഭിനന്ദനങള്‍ അറിയിച്ചു. പിന്നീട് അവര്‍ സ്വന്തം ദുഃഖം വിവരിച്ചു. സന്തോഷിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും ദുഃഖത്തെ കൂടി വഹിച്ചു കൊണ്ടാണ് എത്തുക. "മകന്റെ നിര്ബന്ധ പ്രകാരം അമേരിക്കയില്‍ എത്തിയതാണ്. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ കൊച്ചു മക്കളെ കാണാനും താലോലിക്കാനും ഒക്കെ ഉള്ള മോഹം , പിന്നെ മക്കളോടൊപ്പം അമേരിക്കയില്‍ കഴിഞ്ഞു കൂടുന്നതിലുള്ള ആത്മസംതൃപ്തിയും അഭിമാനവും മറ്റൊന്ന്. എന്നാല്‍ ഏതാനം മാസങ്ങള്‍ക്കകം മക്കള്‍ തന്നെ ഞങ്ങളെ ചെറിയ ഒരു അപ്പാര്‍ട്‌മെന്റിലേക്കു മാറ്റി താമസിപ്പിച്ചു. ഞങ്ങള്‍ കാരണം വര്‍ദ്ധിക്കുന്ന ചെലവുകള്‍ക്ക് ഞങ്ങളെ കൊണ്ട് തന്നെ ഒരു നീക്കി പോക്കുണ്ടാക്കാനുള്ള ബുദ്ധി ഇത് മാത്രം. ആരോരുമില്ലാത്ത പട്ടിണി പാവങ്ങളായി സര്‍ക്കാരിന്റെ മുന്നില്‍ അങ്ങനെ ഞങ്ങളെ അവതരിപ്പിച്ചാല്‍, ചിലവുള്ള വൈദ്യ സഹായങ്ങളും, മരുന്നുകളും , എന്തിനു , ആഹാര സാധനങ്ങള്‍ വരെ, സൗജന്യമായ് വാങ്ങാനുള്ള "ചിറ്റുകള്‍ " കിട്ടും. സ്വന്ത നാട്ടിലെ അഗതി മന്ദിരം ആണ് ആദ്യം മനസ്സില്‍ വന്നത്. ദൂരെ അല്ലാത്തതിനാല്‍ ആവശ്യാനുസരണം മകനും ഭാര്യയും സന്ദര്ശിൂച്ചു കൊള്ളാമെന്നുള്ള ഉറപ്പുമുണ്ട്. "എന്നാല്‍ മക്കളെ കാണാന്‍ കൂടെ കൂടെ വീട്ടില്‍ വന്നു ശല്യം ചെയ്യരുത്", എന്നൊരു മുന്നറിയിപ്പും കൂടെ തന്നിട്ടാണ് മരുമകള്‍ പോയത്. എന്നാല്‍നാണം കെട്ടാണെങ്കിലും , ഇടയ്‌ക്കൊക്കെ കൊച്ചുമക്കളെ കാണാന്‍, അവരുടെ അപ്പച്ചാ!..അമ്മച്ചി!...എന്ന നിഷ്കളങ്കവും സ്‌നേഹമസൃണവും ആയ വിളി കേള്‍ക്കാനായി അവിടെ പോകുമായിരുന്നു. ദുര്‍ മുഖം കണ്ടു മടുത്തു...സന്ദര്‍ശനം വിരളമാക്കാന്‍ ശ്രമിച്ചു . പക്ഷെ ...മനസ്സും ഹൃദയവുമായുള്ള ഈ മല്പിടുത്തതില്‍...ഹൃദയം തോറ്റു. അങ്ങനെ ഞാനിവിടെ എത്തി..... എന്നാല്‍, ആ മനുഷ്യന്‍ .. എന്റെ ഭര്‍ത്താവു ....ഒറ്റയ്ക്ക് ആ അപ്പാര്‍ട്‌മെന്റില്‍ എങ്ങനെ കഴിയും എന്നോര്‍ക്കുമ്പോള്‍...." മുഴുമിപ്പിക്കാനാവാതെ അവര്‍ മടിയിലൂന്നിയ കൈതടങ്ങളിലേക്കു മുഖം അമര്‍ത്തി .

ആ ദുഃഖ കഥ അല്പനേരത്തേക്കു ഞങ്ങളെയും നിശ്ശബ്ദരാക്കി . മുന്നോട്ടു നടന്നുപോകുന്നതിനിടയില്‍ , " കഷ്ടമുണ്ട്" എന്ന വാക്ക് മാത്രം അവളില്‍ നിന്നു പുറത്തേക്കു വന്നു. അല്‍പ നേരത്തിനു ശേഷം , "അഭിമാനത്തോടെ നാട്ടില്‍ സ്വാതന്ത്രരായി ജീവിച്ച അവരെ ഇവിടെ കൊണ്ടുവന്ന് സൗജന്യമേടിക്കാന്‍ വിട്ട്, അപമാനിക്കുകയല്ലേ ചെയ്യുന്നത്. ജീവന്‍ ഉണ്ടായിരുന്നെങ്കില്‍ ആ മക്കളോട് രണ്ടെണ്ണം ഞാന്‍ പറഞ്ഞേനെ. ഞാന്‍ അവളെ സമാ ധാനിപ്പിച്ചു. " സാരമില്ലെന്നേ.... ആ മക്കള്‍ക്കും മക്കളുണ്ടല്ലോ. ജീവിതം! കടം ഇട്ടേക്കില്ല. ഇന്നല്ലെങ്കില്‍ നാളെ , അടുത്ത തലമുറ തിരിച്ചു കൊടുക്കുകയോ , പിന്നെ വാങ്ങുകയോ ചെയ്യും. നമുക്ക് നഷ്ട പെട്ടത് നമുക്ക് ഇപ്പേള്‍ കിട്ടി...ഇല്ലേ?" വീണ്ടും സന്തോഷത്തില്‍ തിരികെ എത്താനുള്ള ഉദ്യമം ഞാന്‍ തുടര്‍ന്നു.. തമാശകള്‍ പലതും പൊട്ടിച്ചു...അപ്പോളാണ് സുന്ദരിയായ ഒരു യുവതി ഞങ്ങളെ കടന്നു പോയത്. ഞാന്‍ നടപ്പു നിറുത്തി ...ആ സ്ത്രീ പോയ ദിക്കിലേക്ക് തിരിഞ്ഞു നില്‍പ്പായി . എന്റെ കൂട്ടുകാരി തിരികെ ഓടി എത്തി. എന്റെ പുറത്തും വയര്‍ ഭാഗത്തും മൃതുവായി ഇടിച്ചു കൊണ്ട് , വന്ന ദിക്കിലേക്ക് തള്ളിവിട്ടു. പിന്നെ കൂടെ നടന്നുകൊണ്ടു, കൈവിരലുകള്‍ കൂമ്പിയ പുഷ്പാകൃതിയില്‍ ചുരുട്ടി എന്റെ പള്ളയിലൂടെ തിരുകി എന്നെ കിക്കിളി ഇട്ടു. എന്നിട്ടൊരു ചോദ്യം .." കോട്ടയം ബസ്റ്റാന്‍ഡിലെ ആ പഴയ സ്വഭാവം , ഇപ്പോഴും കളഞ്ഞിട്ടില്ലേ? രണ്ടു പേരും പൊട്ടിച്ചിരിച്ചു ബസ്സ്റ്റാന്‍ഡും, ബെസ്‌ററ് ഹോട്ടലും , ഫിലിപ്പൊച്ചെന്റെ വീടും , ഒന്നുകൂടി മിന്നി മറഞ്ഞു. ഞങ്ങള്‍ ഒഴുകി ഒഴുകി കളിചിരി കളോടെ യാത്ര തുടര്‍ന്നു.

തോളിലൂടെ എന്നെ ചുറ്റി പിടിച്ചു മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ഒരു കൊച്ചു കുട്ടിയെ പ്പോലെ അവള്‍ ചിണുങ്ങി, "എനിക്കിനി ബസ്പൃക്കാനായും സ്വര്‍ഗ്ഗവും ഒന്നും വേണ്ടാ. എനിക്കെന്റെ സ്വര്‍ഗ്ഗം കിട്ടിയിരിക്കുന്നു...".. ചൂണ്ടു വിരല്‍ നാക്കില്‍ തൊടുവിച്ചിട്ട്, എന്റെ കവിളില്‍ തൊട്ടുകൊണ്ട്,.. ." ഇതിനെ,... ഇവിടൊരാളുടെ കൂടെ.." അവള്‍ മനോഹരമായി മന്ദഹസിച്ചു . ഇളം കാറ്റില്‍ ആ ശ്മശാനത്തിലെ മരങ്ങള്‍ തലയാട്ടി ചിരിച്ചു. ആകാശം സന്തോഷ കണ്ണീര്‍ പൊഴിച്ചു. രണ്ടു ചെറു ഓളങ്ങള്‍ പോലെ അന്തരീഷത്തിലൂടെ ഞങ്ങള്‍ തൊട്ടുരുമ്മി ഒഴുകി നടന്നു. മഴ ക്കാറിനെയും കൊള്ളിയാനേയും ഭയപ്പെട്ടില്ല, മഴയത്തു നനഞ്ഞും കുതിര്‍ന്നും ഇല്ല. ഞങ്ങളുടെ പുനര്‍ സംഗമത്തില്‍ മഴയും കാറ്റും കെട്ടിപ്പിടിച്ചു നൃത്തം ചെയ്യുന്നുണ്ടായിരുന്നു . അവയ്‌ക്കൊപ്പം ഞങ്ങളും .......ആകാശത്തും ഭൂമിയിലുമായി ഒഴുകി നടന്നു..
Join WhatsApp News
Jyothylakshmy Nambiar 2018-06-04 02:19:00
 ഭൂമിയിൽ നടക്കാത്ത സ്വപ്നങ്ങളെ മറ്റൊരു തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.  മനോഹരമായ സങ്കല്പങ്ങൾ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക