Image

മേരിക്കുട്ടിയുടെ ട്രെയിലര്‍ കണ്ടു കണ്ണു നിറഞ്ഞെന്ന്‌ അഞ്‌ജലി

Published on 04 June, 2018
മേരിക്കുട്ടിയുടെ ട്രെയിലര്‍ കണ്ടു കണ്ണു നിറഞ്ഞെന്ന്‌ അഞ്‌ജലി


ഭിന്നലിംഗക്കാരുടെ കഥ പറയുന്ന രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്‌ ആശംസ നേര്‍ന്ന്‌ നടി അഞ്‌ജലി ഷമീര്‍. ജയസൂര്യയാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ട്രെയിലറും മറ്റു വീഡിയോകളും കണ്ടപ്പോള്‍ തന്റെ കഴിഞ്ഞു പോയ ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ തെളിഞ്ഞു വന്നുവെന്നാണ്‌ അഞ്‌ജലി പറയുന്നത്‌. ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വഴിയായിരുന്നു അഞ്‌ജലിയുടെ കുറിപ്പ്‌.

`` മേരിക്കുട്ടിയിലെ വീഡിയോ കണ്ടപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു. എന്തോ ജയേട്ടനോട്‌ ഒരിഷ്‌ടം കൂടുതല്‍ തോന്നി. ഒപ്പം രഞ്‌ജിത്തേട്ടനോടും. ഒരു പാട്‌ കാത്തിരിക്കുന്നു. ജൂണ്‍ 15നായി. എന്റെ എല്ലാ ആശംസകളും. മേരിക്കുട്ടിയുടെ എല്ലാ ക്രൂവിനും.'' അഞ്‌ജലി കുറിച്ചു.

ജനിച്ചത്‌ ആണ്‍കുട്ടിയായിട്ടാണെങ്കിലും വളര്‍ച്ചയുടെ ഘട്ടത്തിലാണ്‌ താനൊരു പെണ്‍കുട്ടിയാണെന്ന്‌ അഞ്‌ജലി തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ഇരുപതാം വയസില്‍ അഞ്‌ജലി തന്റെ സെക്ഷ്വല്‍ റീഅസസ്‌മെന്റ്‌ സര്‍ജറി ചെയ്‌ത്‌ പൂര്‍ണമായും ഒരു സ്‌ത്രീയായി മാറി. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന പേരമ്പിലെ നായികയാണ്‌ അഞ്‌ജലി.

ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്‌ മേരിക്കുട്ടിയിലേത്‌. മലയാളത്തില്‍ ഭിന്നലിംഗക്കാരെ കുറിച്ചിറങ്ങിയതില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ മേരിക്കുട്ടിയെന്ന്‌ ട്രെയിലറില്‍ നിന്നു വ്യക്തമാകുന്നുണ്ട്‌. സ്‌ത്രീകളെക്കാള്‍ സ്‌ത്രീത്വത്തില്‍ അഭിമാനിക്കുന്ന കഥാപാത്രമായാണ്‌ ജയസൂര്യയെത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക