Image

പ്രവീണ്‍ കേസ് ;കാത്തിരിപ്പോടെ ലൗലി വര്‍ഗീസും മോണിക്ക സൂക്കയും

അനില്‍ പെണ്ണുക്കര Published on 04 June, 2018
പ്രവീണ്‍ കേസ് ;കാത്തിരിപ്പോടെ ലൗലി വര്‍ഗീസും മോണിക്ക സൂക്കയും
ജൂണ്‍ 4 തിങ്കളാഴ്ച നടക്കുന്ന പ്രവീണ്‍ വധക്കേസിന്റെ വിചാരണയും കാത്തു ഇന്ന് രണ്ട് അമ്മമാര്‍. മകന്റെ ദാരുണമായ മരണത്തില്‍ നെഞ്ചുതകര്‍ന്ന പെറ്റമ്മ ലൗലി വര്‍ഗീസും മോണിക്ക സുക്കയുമാണ് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ആ രണ്ട് അമ്മമാര്‍. പ്രവീണിനെ സ്‌നേഹിക്കാനും നെഞ്ചോട് ചേര്‍ക്കാനും ലൗലി വര്‍ഗീസ് എന്ന അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് പ്രവീണ്‍ രണ്ട് അമ്മമാരുടെ സ്‌നേഹത്തിനു ഉടമയാണ്.

ഒരുപക്ഷെ ഈ രണ്ട് അമ്മമാരുടെയും സ്‌നേഹവാത്സല്യങ്ങള്‍ മറ്റൊരുലോകത്തിരുന്നു പ്രവീണ്‍ ഏറ്റുവാങ്ങുന്നുണ്ടാവും. മകന്റെ മരണശേഷം എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്ന ലൗലിയെ കൈ പിടിച്ചു യാഥാര്‍ഥ്യത്തിലേക്ക് കൊണ്ട് വരാനും പ്രവീണിന് നീതി കിട്ടുന്നതിനായി പോരാടാനും മുന്നോട്ടു വന്ന ധൈര്യശാലിയായ മറ്റൊരു അമ്മകൂടിയാണ് മോണിക്ക സുക്ക.

ചിക്കാഗോയിലെ ഒരു റേഡിയോ ഹോസ്റ്റാണ് മോണിക്ക. പ്രവീണിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചതിലും അവരെ പ്രതിഷേധച്ചൂടില്‍ എത്തിച്ചതിലും മോണിക്കയുടെ പങ്ക് എത്രത്തോളമാണെന്ന് പറയേണ്ടതില്ലല്ലോ. മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ നിന്ന് ചങ്കുപൊട്ടിക്കരഞ്ഞ ലൗലിയെ നോക്കി സഹതപിക്കാനല്ല മറിച്ചു നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ആ അമ്മക്ക് തുണയാവാനാണ് മോണിക്ക ശ്രമിച്ചത്. ഒരിക്കലും ആരും പ്രതീക്ഷിക്കാതെ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ദൈവം കൊണ്ടുവരുന്ന സുമനസുകള്‍ .അവര്‍ നമുക്കുവേണ്ടി ചെയ്തു തരുന്നത്തെല്ലാം ദൈവത്തിന്റെ നിയതികള്‍ ആണ് .പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിനു ശേഷം ഇനിയെന്തെ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ദൈവം ഏല്‍പ്പിച്ച മാലാഖയായിരുന്നു മോനിക്കാ സുക്ക

മുന്‍പരിചയമോ രക്തബന്ധമോ അല്ല മോണിക്കയെ ലൗലിയിലേക്ക് അടുപ്പിച്ചത്. മനുഷ്യമനഃസാക്ഷിയെ അമ്പരപ്പിച്ച ആ അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ പങ്കു ചേരാന്‍ ബന്ധത്തിന്റെ ആഴം നോക്കേണ്ടതില്ല.ജൂണ്‍ 4 ന് നടക്കുന്ന വിചാരണയിലൂടെ പുതിയ ഒരു അധ്യായം തുറക്കപ്പെടുമെന്ന വിശ്വാസത്തില്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ആ രണ്ട് അമ്മമാര്‍.

നീതിക്ക് വേണ്ടി ഒന്നായ ആ അമ്മമാരുടെ ശബ്ദത്തിന്റെ മൂര്‍ച്ച കൊണ്ടാവാം ഇന്ന് ലോകത്തിന്റെ പിന്തുണയും അവര്‍ക്കൊപ്പമുണ്ട്.പ്രവീണിന്റെ മരണം കണ്ടു കണ്ണുകലങ്ങി പിന്‍വാങ്ങുന്നവരല്ല, മറിച്ചു ഞാന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞു കരുത്തേകുന്നവരാണ് യഥാര്‍ത്ഥ മനുഷ്യരെന്നു തെളിയിക്കുകയാണ് മോണിക്ക. പെറ്റമ്മയുടെ വേദന തിരിച്ചറിയുന്നിടത്താണ് മനുഷ്യത്തമുള്ളതെന്നും അവര്‍ പറയുന്നു.

അകാരണമായി തന്റെ അമ്മയില്‍ നിന്നും എടുത്തുമാറ്റപ്പെട്ട കുഞ്ഞിനുവേണ്ടി നാല് വര്‍ഷമായി ആയി ഈ അമ്മമാര്‍ പോരാടുന്നു.ഈ നാളുകള്‍ കണ്ണീരും വേദനയും നിരാശയും കോപവും ഒക്കെ പങ്കുവച്ചുകൊണ്ട് ആര്‍ക്കും സങ്കല്പിക്കുവാന്‍ കഴിയാത്തരീതിയില്‍ അവര്‍ പോരാടി .അവര്‍ ഓരോരുത്തരെയുഉം ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
നീതിക്കുവേണ്ടി ഒന്നായ രണ്ടു അമ്മമാര്‍.

ലോകത്തിന്റെ ഒരു കൊച്ചു മൂലയില്‍ ജനിച്ചുവളര്‍ന്ന ലൗലി വര്‍ഗീസ് എന്ന സാധാരണക്കാരിക്കുവേണ്ടി നടത്തിയ പോരാട്ടം ഒരു പക്ഷെ കാലഘട്ടത്തിന്റെ ആവശ്യം ആകാം.നാല് വര്ഷം മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസ് എന്ന കൊച്ചനുജനുവേണ്ടി തന്നെ ജനിച്ച മറ്റൊരമ്മ മോണിക്ക സുക്ക എന്ന അമേരിക്കകാരി നമ്മെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് .മലയാളികള്‍ക്ക് കടന്നു ചെല്ലുവാന്‍ ഒരിക്കലും സാധിക്കാത്ത ഇടങ്ങളിലേക്കു നീതിക്കുവേണ്ടി ഒരമ്മയെയും കൊണ്ട് നടത്തിയ സമരം.ഇവയെല്ലാം പ്രവീണ്‍ വര്‍ഗീസിന്റെ കൊലയാളിയെ കണ്ടെത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത് .

പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക്ക് ചിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന ഒരു സ്‌നേഹിതയുടെ ആത്മസാക്ഷാത്കാരം കൂടിയാണ് മോണിക്ക സൂക്കയുടെ പിന്തുണ . ഒരു അമ്മയുടെ ഹൃദയ ഭേദകങ്ങളായ നിമിഷങ്ങളില്‍ ഒപ്പം നിലകൊണ്ട ഒരു ദൈവീക സാന്നിധ്യമാണ് മോണിക്ക എന്നുറപ്പാണ് .മറുനാട്ടില്‍ ചിലപ്പോള്‍ ഇത്തരം സാന്നിധ്യം പലര്‍ക്കും ലഭിക്കാറില്ല.പക്ഷേ ഇവിടെ പ്രവീണിനെ ലൗലി വര്‍ഗീസ് വിളിക്കുന്ന പോലെ

"വാവേ ..നിന്റെ ആത്മസാക്ഷാത്കാരത്തിനു വേണ്ടി എന്തും ചെയ്യാം "
എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ പറയുമ്പോള്‍ ഒരു മലയാളി വീട്ടമ്മയ്ക്കു ലഭിക്കുന്ന കരുത്ത് വളരെ വലുതല്ലേ.ഇവിടെ മോണിക്ക സൂക്ക ലൗലി വര്‍ഗീസിന് ആശ്വാസം മാത്രമല്ല ഒരു ചൂണ്ടു പലക കുടി ആണെന്ന കാര്യത്തില്‍ സംശയം ഇല്ല .മകന്‍ നഷ്ടപ്പെട്ട ഒരമ്മ നടത്തിയ നിശബ്ദ വിപ്ലവത്തിനു കരുത്തായി മറ്റൊരു അമ്മ.

ഇത് അമേരിക്കയിലെ അമ്മമാര്‍ക്കല്ല കരുത്താകുന്നത്.അമേരിക്കയിലെ കുഞ്ഞുങ്ങള്‍ക്കാണ്.

ഇന്ന് മുതല്‍ ലോകം കാത്തിരിക്കുന്നു .നീതിക്കു വേണ്ടി കാത്തിരിക്കുന്ന ആ അമ്മമാര്‍ക്ക് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം. ഒപ്പം ലൗലി ,മോണിക്ക എന്ന ധൈര്യശാലിയായ രണ്ട അമ്മമാരെ നമ്മുടെ ജീവിതത്തില്‍ മാതൃകയാക്കാം.
പ്രവീണ്‍ കേസ് ;കാത്തിരിപ്പോടെ ലൗലി വര്‍ഗീസും മോണിക്ക സൂക്കയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക