Image

ഡോ. ജയ്‌മോള്‍ ശ്രീധര്‍: ഉന്നത ലക്ഷ്യങ്ങള്‍; മികച്ച നേത്രുത്വം

Published on 04 June, 2018
ഡോ. ജയ്‌മോള്‍ ശ്രീധര്‍: ഉന്നത ലക്ഷ്യങ്ങള്‍; മികച്ച നേത്രുത്വം
ഫോമ വനിതാഫോറത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ഡോ. ജയമോള്‍ ശ്രീധര്‍ ഇത്തവണ വനിതാ പ്രതിനിധിയായി മത്സരിക്കുന്നത്. മിഡ് അറ്റ്ലാന്റിക് റീജിയന്റെ ചാരിറ്റി ചെയര്‍ എന്ന നിലയില്‍ വനിതാ ഫോറത്തിന്റെ എഡിസണില്‍ നടന്ന ഫണ്ട് സമാഹരണത്തില്‍ പങ്കാളിയാകാനും അതു വലിയ വിജയമാക്കാനും കഴിഞ്ഞു.

വനിതാ ഫോറം നല്ല മാതൃക കാട്ടി. അതു തുടരണം-പെന്‍സില്‍വേനിയ വൈഡനര്‍ യൂണിവേഴ്സിറ്റിയില്‍ നഴ്സിംഗ് പ്രൊഫസറായ ഡോ. ജയമോള്‍ ചൂണ്ടിക്കാട്ടി. നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും കാന്‍സര്‍ രോഗികള്‍ക്ക് സഹായമെത്തിക്കുന്നതുമൊക്കെ തികച്ചും നല്ല പ്രവര്‍ത്തനങ്ങളാണ്. ഇവിടെ വന്ന് സാമ്പത്തികമായി സുരക്ഷിതത്വം നേടിയ നമുക്ക് നാടിനോട് കടപ്പാടുണ്ട്. വന്ന വഴി നാം മറക്കാന്‍ പാടില്ലല്ലോ? ചാരിറ്റി പ്രവര്‍ത്തനം തന്നെ മുഖ്യ ലക്ഷ്യം.

മലയാളി സമൂഹത്തില്‍ പ്രഗത്ഭരും ഊര്‍ജസ്വലരുമായ ഒരുപാട് വനിതകളുണ്ട്. അവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ് മറ്റൊരു ലക്ഷ്യം. വനിതകള്‍ വരുമ്പോള്‍ അവരുടെ കുട്ടികളും താനെ സംഘടനാ പ്രവര്‍ത്തനത്തിലേക്കും ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളിലേക്കുമൊക്കെ തത്പരരാകും.

വിദ്യാഭ്യാസ കാര്യത്തില്‍ ഇവിടെ മാതാപിതാക്കള്‍ മക്കളുടെ അഭിപ്രായത്തിനു വഴങ്ങുകയാണ് പതിവ്. പ്രധാന കാരണം ഫസ്റ്റ് ജനറേഷന്‍ നാട്ടില്‍ പഠിച്ചവരാണെന്നതാണ്. ഇവിടത്തെ  കാര്യത്തില്‍ വ്യക്തമായ ഉപദേശം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുപോലെ പതിനെട്ട് വയസു കഴിഞ്ഞാല്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടാനും പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ പഠന സമ്പ്രദായത്തെപ്പറ്റിയും കോഴ്സുകളെപ്പറ്റിയും വരുംവരാഴികകളെപ്പറ്റിയുമൊക്കെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ബോധവത്കരണം നല്‍കണമെന്നതാണ് മറ്റൊരു ലക്ഷ്യം.

സ്ഥാനമേറ്റാല്‍ നന്നായി പ്രവര്‍ത്തിക്കണമെന്ന പക്ഷക്കാരിയാണ്. അതിനാല്‍ ചെയ്യാന്‍ പറ്റാത്തതൊന്നും വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

പ്രത്യേകിച്ച് പാനലൊന്നുമില്ല. എല്ലാവരുടേയും പിന്തുണയാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നത്. കഴിവുള്ളവരെ കണ്ടെത്തി വിജയിപ്പിക്കണം. സംഘടനയുടെ നന്മയ്ക്കും കഴിവുള്ളവര്‍ നേതൃത്വത്തില്‍ വരണം.

വൈഡനര്‍ യൂണിവേഴ്സിറ്റിയില്‍ നഴ്സിംഗ് പഠിക്കാനെത്തുന്ന തൊണ്ണൂറ്റൊമ്പത് ശതമാനവും അമേരിക്കക്കാരാണ്. അവിടെ ഫാക്കല്‍റ്റിയില്‍ ഏക ഏഷ്യന്‍ ഡോ. ജയമോള്‍ ആണ്.

നഴ്സിംഗ് വിദ്യാഭ്യാസം നാട്ടിലേതു തന്നെയാണ് മികച്ചത്- കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു ബി.എസ്സി നഴ്സിംഗും, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ നിന്നു മാസ്റ്റേഴ്സ് ഇന്‍ നഴ്സിംഗും നേടിയ അവര്‍ പറയുന്നു. നാട്ടില്‍ നാലുവര്‍ഷം തുടര്‍ച്ചയായി പഠനം. ക്ലിനിക്കല്‍ പരിശീലനം. ഇവിടെ മിക്കവരും പാര്‍ട്ട് ടൈം ജോലി  ചെയ്യുന്നവരാണ്. അതിനു പുറമെ ക്ലിനിക്കല്‍ പരിശീലനവും കുറവ്. എങ്കിലും തിയറി കൂടുതല്‍ പഠിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഇവിടെ പൊതുവെ സ്ട്രെസ് കൂടുതലാണ്.

നഴ്സിംഗ് രംഗം നാട്ടിലും ഇവിടെയും പ്രതിസന്ധി നേരിടുന്നുണ്ട്. ഇവിടെ പലവിധ സാമ്പത്തിക നിയന്ത്രണം മൂലം സ്റ്റാഫ് കുറഞ്ഞു. ജോലിഭാരം കൂടി. ഇതു കാരണമെന്നു തന്നെ പറയാം നല്ലൊരു വിഭാഗം മലയാളി നഴ്സുമാര്‍ ഹയര്‍ സ്റ്റഡീസിനു പോയി നഴ്സിംഗ് പ്രാക്ടീഷണറും മറ്റുമായി പോകുന്നു. അത് തികച്ചും അഭികാമ്യമാണ്.

ഇന്ത്യയിലെ സ്ഥിതി മെച്ചമല്ല. നഴ്സിംഗിനു അര്‍ഹമായ അംഗീകാരമില്ല. പ്രതിഫലമില്ല. രോഗം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഇന്ത്യയില്‍ കുറവ്. താന്‍ പഠിക്കുമ്പോള്‍ കൈ കഴുകാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു. അതുപോലെ അവബോധവും കുറവ്. നിപ പടര്‍ന്നപ്പോള്‍ അതു കണ്ടതാണ്.എന്തായാലും ഏറ്റവും കഷ്ടപ്പെടുന്ന വിഭാഗമാണ് നഴ്സുമാര്‍. എവിടെയായാലും സ്ഥിതി അതുതന്നെ.

മാസ്റ്റേഴ്സ് എടുത്തശേഷം ഡോ. ജയമോള്‍ നേരേ കോളജ് അധ്യാപികയാകുകയായിരുന്നു. പ്രൊഫസറായി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വൈസ് പ്രസിന്‍സിപ്പലായി. പിന്നീട് നാലു കോളജുകളുടെ ചുമതലയുള്ള കോര്‍ഡിനേറ്ററായി. ആയിരത്തോളം വിദ്യാര്‍ത്ഥികളും, ഇരുനൂറോളം ഫാക്കല്‍റ്റികളും കോര്‍ഡിനേറ്ററുടെ കീഴില്‍.

2004-ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞശേഷം ഫിലാഡല്‍ഫിയയില്‍. കാന്‍സാസില്‍ നിന്നു 2016-ല്‍ ഡോക്ടറേറ്റ് എടുത്ത് അധ്യാപികയായി. അതിനുശേഷമാണ് പൊതു പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമായത്.

ശ്രീനാരായണ അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്യാനായി. വിവിധ ആഘോഷങ്ങളും മറ്റും വലിയ ജനപിന്തുണ നേടി. ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണിപ്പോള്‍. 2014-ല്‍ ആദ്യ കണ്‍വന്‍ഷന്‍ എം.സിയായിരുന്നു. കലയുടെ വിമൻസ് ഫോറം ചെയർ.

ഭര്‍ത്താവ് സുജീത് ശ്രീധര്‍, ഡേ ആന്‍ഡ് സിമ്മര്‍മാന്‍ എന്ന കമ്പനിയുടെ ഐ.ടി. ഡയറക്ടര്‍. എല്ലാ കാര്യത്തിനും പിന്തുണയുമായി ഭര്‍ത്താവുള്ളതു കൊണ്ടാണ് ഉപരിപഠനവും സ്ംഘടനാ പ്രവര്‍ത്തനവുമൊക്കെ സാധ്യമാവുന്നതെന്നു അവര്‍ പറഞ്ഞു. 

രണ്ടു മക്കള്‍. സിദ്ധാര്‍ത്ഥ് (12), ശ്രേയസ് (10). 
ഡോ. ജയ്‌മോള്‍ ശ്രീധര്‍: ഉന്നത ലക്ഷ്യങ്ങള്‍; മികച്ച നേത്രുത്വം
Join WhatsApp News
Arjun Mohan 2018-06-04 15:14:50
Congrats jaichechi... All the very best... 
ജോയി കോരുത് 2018-06-04 22:04:13
ഫോമായിൽ പത്തുവർഷമായി അടിമുടി  സ്ത്രീ ശാക്തീകരണമാണ്. പക്‌ഷേ, ഒരു സ്ത്രീയെപോലും രണ്ടാമത് ഒരു സ്ഥാനത്തേക്ക് ആരും പരിഗണിക്കുന്നില്ല. ഇതും ഒരു ബലിയാട്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക