Image

ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)

Published on 05 June, 2018
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ചെറുപ്പത്തിന്റെ ആവേശവും, പ്രവര്‍ത്തനമികവിന്റ്‌റെ ഊര്‍ജസ്വലതയും കൈമുതലാക്കി, ഊഷ്മളമായ പെരുമാറ്റവും ,വ്യത്യസ്തതയാര്‍ന്ന വികസന കാഴ്ചപ്പാടുകളുമായി ജനശ്രദ്ധയാര്‍ജ്ജിച്ച നിയമസഭാ സാമാജികനാണ് അങ്കമാലിയുടെ യുവ MLA ശ്രീ റോജി എം ജോണ്‍. അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി ശ്രീ റോജി എം ജോണുമായി ജിനേഷ് തമ്പി നടത്തിയ പ്രത്യേക അഭിമുഖം

1) ചെങ്ങന്നൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോല്‍വിയാണല്ലോ ഏറ്റു വാങ്ങിയത് . ഈ തോല്‍വിയെ റോജി എം ജോണ്‍ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ചെങ്ങന്നൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയം അംഗീകരിക്കുന്നു . മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നടപ്പിലാക്കിയ വന്‍ തോതിലുള്ള വര്‍ഗീയ ദ്രുവീകരണമാണ് കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കലാശിച്ചത് . അത് പോലെ സംഘടനാതലത്തില്‍ മണ്ഡലത്തില്‍ പോരായ്മകളുമുണ്ടായിരുന്നു . ആ ദൗര്‍ബല്യങ്ങളും പരിഹരിക്കപെടേണ്ടതുണ്ട് . സമഗ്രമായ നടപടികള്‍ സ്വീകരിച്ചു പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തേണ്ട യാഥാര്‍ഥ്യവും മനസിലാകുന്നു . കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തി വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി തിരിച്ചു വരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി നശിച്ചു പോവുകയൊന്നുമില്ല . ഇത് പോലത്തെ പരാജയങ്ങള്‍ പാര്‍ട്ടി മുന്‍പും ഏറ്റു വാങ്ങിയിട്ടുണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും.

2) ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റി എന്നും, കോണ്‍ഗ്രസ് അടുത്തയിടെ സ്വീകരിക്കുന്ന മൃതു ഹിന്ദുത്വം തിരിച്ചടിയായി എന്നും പരക്കെ ആക്ഷേപമുണ്ടല്ലോ ?

അതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് .ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിജയകുമാര്‍ എന്ത് കൊണ്ടും അനുയോജ്യനായ, പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാണ് .
അയ്യപ്പ സേവാ സംഘത്തില്‍ അംഗമായത് കൊണ്ട് ആരെങ്കിലും RSS കാരനാണ് എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത് പോലെ കുറി തൊട്ടതു കൊണ്ട് ആരെങ്കിലും വര്‍ഗീയവാദിയാകുമോ ? അതെല്ലാം ഓരോ മതപരമായ വിശ്വാസങ്ങളല്ലേ . കോണ്‍ഗ്രസ് പാര്‍ട്ടി എന്നും മതേതര ജനാധിപത്യത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ക്ക് വേണ്ടി നിലകൊണ്ടു, ജനക്ഷേമ പദ്ധതികളോടെ കോണ്‍ഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യും

3) രാജ്യസഭാ സീറ്റ് വിഷയത്തില്‍ റോജി എം ജോണ്‍, വി ടി ബല്‍റാം, ഹൈബി ഈഡന്‍ , അനില്‍ അക്കര, ഷാഫി പറമ്പില്‍ മുതലായ ഒരു പിടി യുവ നേതാക്കള്‍ പരസ്യമായി പി ജെ കുര്യന് എതിരായി നിലകൊണ്ടല്ലോ . കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ എന്ന് അറിയപ്പെടുന്ന നിങ്ങളുടെ ഈ പടയൊരുക്കത്തിന്റെ കാരണമെന്താണ് ?

പി.ജെ. കുര്യന്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ഇക്കാലമത്രെയും നല്‍കിയിട്ടുള്ള സേവനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. അതിനൊന്നും യാതൊരു സംശയവുമില്ല.
ഞങ്ങള്‍ ഏതെങ്കിലും വ്യക്തിക്കോ, വ്യക്തികള്‍ക്കോ എതിരേയല്ല സംസാരിക്കുന്നതു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ കൂടുതല്‍ സുദൃഡമാക്കാന്‍ വനിതകള്‍ /യുവാക്കള്‍ /ദളിതര്‍ ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാധിനിത്യം പാര്‍ട്ടി ഫോറംകളിലും , പാര്‍ട്ടി നേതൃത്വത്തിലും ഉറപ്പു വരുത്തണം എന്ന അഭിപ്രായമാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത് .
പ്രതിഭാസമ്പന്നരായ എത്രയോ പാര്‍ട്ടി പ്രവര്‍ത്തകരും, നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്.. ശ്രീ. പി ജെ കുര്യനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അത് ഓര്‍ക്കണമെന്നും, അര്‍ഹതയുള്ള മറ്റ് പല നേതാക്കള്‍ക്കും അവസരങ്ങള്‍ ലഭിക്കേണ്ടത് പാര്‍ട്ടിയുടെ വളര്‍ച്ചക്കും, ജനസമ്മതിക്കും അത്യന്താപേക്ഷികമാണെന്ന് തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. .സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായവും , പൊതു വികാരവും ഇത് തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ലഭിച്ച ജന സ്വീകാര്യതും അത് തന്നെയാണ് കാണിക്കുന്നത്.തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ നടപടികള്‍ എടുക്കും എന്ന് ഉറപ്പായും വിശ്വസിക്കുന്നു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് യാതൊരു കാര്യവുമില്ല , സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് പ്രകടമായ മാറ്റങ്ങളാണ്.അത് പ്രാവര്‍ത്തികമാവും എന്ന് പ്രതീക്ഷിക്കാം

4) ശ്രീ വി ടി ബല്‍റാം ഫേസ്ബുക് പോസ്റ്റില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ് , എം ലിജു, മാത്യു കുഴല്‍നാടന്‍ എന്നീ നേതാക്കളുടെ പേരുകള്‍ എടുത്തത് പറഞ്ഞു പി ജെ കുര്യന് പകരം ഇവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാം എന്ന് പറഞ്ഞിട്ടുണ്ട് . താങ്കള്‍ക്ക് ഇങ്ങനെ പേരെടുത്തു ആരെയെങ്കിലുമൊക്കെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണം എന്ന് അഭിപ്രായമുണ്ടോ ?

ഇല്ല അങ്ങനെയില്ല. കഴിവുറ്റ ഒട്ടേറെ നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . രാജ്യസഭ സീറ്റ് നോമിനേഷനെ പറ്റി അന്തിമ
തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈ കമാന്‍ഡ് ആണ് . വി ടി ബല്‍റാം തന്നെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍
പറഞ്ഞിട്ടുണ്ട് , അദ്ദേഹം പറഞ്ഞ പേരുകള്‍ക്ക് അപ്പുറം കഴിവും , യോഗ്യതയും ഉള്ള ഒട്ടേറെ നേതാക്കളുണ്ടെന്നു .

5) തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂപം കൊണ്ട തിരുത്തല്‍ വാദി ഗ്രൂപ്പുമായി , നിങ്ങള്‍ യുവ MLA മാരുടെ ഇപ്പോഴത്തെ നിലപാടുകള്‍ക്ക് എന്തെങ്കിലും സാമ്യമുണ്ടോ ?

ഞങ്ങള്‍ തിരുത്തല്‍വാദികളല്ല , ഞങ്ങള്‍ക്കു പ്രത്യേകിച്ച് ഒരു ഗ്രൂപ്പുമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പിനും, ഗ്രൂപ് സമവായങ്ങള്‍ക്കും എതിരായാണ് ഞങ്ങള്‍ നിലകൊള്ളുന്നത് . മുന്‍പേ പറഞ്ഞ പോലെ കോണ്‍ഗ്രസിലെ ഏതെങ്കിലും പ്രത്യേക വ്യക്തിക്കെതിരെയല്ല രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഞങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത് . പാര്‍ട്ടിയുടെ ജനകീയ സ്വീകാര്യതയും, അടിത്തറയും കൂടുതല്‍ സുശക്തമാക്കണം എന്ന ആവശ്യത്തില്‍ ഊന്നി മാത്രമായിരുന്നു ഞങ്ങളുടെ അഭിപ്രായപ്രകടനം

6)കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തെ റോജി എങ്ങനെ നോക്കി കാണുന്നു ?

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ സംഖ്യം , വരും തെരെഞ്ഞെടുപ്പികളില്‍ , പ്രത്യേകിച്ചും 2019 ഇല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ , ബി ജെ പി യെ തോല്‍പ്പിക്കാന്‍ മറ്റു പാര്‍ട്ടികളുടെ സഹായത്തില്‍ രാജ്യമൊട്ടാകെ പല സംസ്ഥാനങ്ങളിലും
കോണ്‍ഗ്രസ് സഖ്യത്തില്‍ ഏര്‍പ്പെടും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത് . താരതമ്യേനെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു
ശക്തി ചോര്‍ന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തിരിച്ചു വരവിനു വേണ്ടി സമാനമായ മതേതര കാഴ്ചപ്പാടുള്ള മറ്റു പാര്‍ട്ടികളുമായി ധാരണയും , സഖ്യവും കോണ്‍ഗ്രസിന് ഗുണകരമാവും എന്നതിന് സംശയമൊന്നുമില്ല . രാജ്യത്തു വര്‍ഗീയത പ്രചരിപ്പിച്ചു കൊടും ആപത്തു വിതക്കുന്ന ബി ജെ പി യെ ചെറുക്കാന്‍ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുമായി കൈ കോര്‍ത്ത് പിടിച്ചു മുന്നേറേണ്ടതുണ്ട്

7 ) ഒരു ഫേസ്ബുക് പോസ്റ്റിനെ ചൊല്ലി അടുത്തയിടെ വി ടി ബല്‍റാം MLA യുമായി ഉണ്ടായ അഭിപ്രായവിത്യാസം വിവാദമായല്ലോ ? അങ്ങനെ ഒരു വിവാദത്തിന്റെ ആവശ്യമുണ്ടായിരുന്നോ?

വി ടി ബല്‍റാം എന്റ്‌റെ വളരെ അടുത്ത സുഹൃത്താണ്. നിയമസഭയില്‍ മറ്റു പല MLA മാരായി സൗഹൃദം പങ്കിടാറുണ്ട്, പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായി ബല്‍റാമുമായി എനിക്ക് വളരെ അടുത്ത സുഹൃത് ബന്ധമാണുള്ളത് . മാധ്യമങ്ങളില്‍ വന്നത് പോലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ ഫേസ്ബുക്കില്‍ ബല്‍റാമിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി മഹുസ്വരത്തിനും, അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്രം അനുവദിച്ചിട്ടുള്ള പാര്‍ട്ടിയാണ്. പക്ഷെ ഇക്കാര്യത്തില്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ബല്‍റാമുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല .

8) നന്നേ ചെറുപ്പത്തില്‍ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായ താങ്കള്‍ക്ക് രാഷ്ട്രീയ രംഗപ്രവേശനത്തിനു പ്രചോദനമായ എന്തെങ്കിലും സംഭവമോ , റോള്‍ മോഡലോ ഉണ്ടായിരുന്നോ ?

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് പത്രം വായിക്കുന്ന ശീലം ഉണ്ടായിരുന്നു. അത് എങ്ങനെയോ വന്നു ചേര്‍ന്നതാണ്. നാലാം ക്ലാസ് മുതലാണ് പത്രവായന ഗൗരവമായി തുടങ്ങിയത് എന്ന് തോന്നുന്നു . പത്രങ്ങളില്‍ വായിച്ച രാഷ്ട്രീയ പ്രാധാന്യമുള്ള വാര്‍ത്തകളിലൂടെയാണ് രാഷ്ട്രീയത്തില്‍ താല്പര്യം വന്നു തുടങ്ങിയത് കോണ്‍ഗ്രസ് നേതാക്കളായ ശ്രീ ഉമ്മന്‍ ചാണ്ടി , കരുണാകരന്‍, വയലാര്‍ രവി, എ കെ ആന്റണി ഇവരെയൊക്കെ ഞാന്‍ ചെറുപ്പം മുതല്‍ക്കേ മനസ്സില്‍ കൊണ്ട് നടക്കുന്ന നേതാക്കളാണ് . NSUI പ്രസിഡന്റ് ആയി മുഴുനീള രാഷ്ട്രീയത്തിലും , സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത് ഇടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നു . ഒരു രാഷ്ട്രീയക്കാരനായും, വ്യക്തിപരമായും രാഹുല്‍ ഗാന്ധി എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിത്വമാണ് എന്ന് നിസംശയം പറയാം

9 ) പലപ്പോഴും രാഹുല്‍ ഗാന്ധിയെ വളരെ മോശമായല്ലോ മാധ്യമങ്ങളില്‍ , പ്രത്യേകിച്ചും നവയുഗ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രീകരിക്കാറ്. താങ്കളുടെ റോള്‍ മോഡല്‍ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്കു എന്ത് കൊണ്ടാണ് ഇത്രയധികം വ്യക്തിഹത്യ നേരിടേണ്ടി വരുന്നത് ?

രാഹുല്‍ ഗാന്ധി വളരെ ആത്മാര്‍ഥതയും, സത്യസന്ധതയും കൈമുതലായുള്ള അടിമുടി മാന്യനായ ഒരു വ്യക്തിയും , രാഷ്ട്രീയനേതാവുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
ഒട്ടേറെ മുന്‍നിര രാഷ്ട്രീയനേതാക്കളുമായി അടുത്ത പരിചയപ്പെട്ടിട്ടുള്ള എനിക്ക് പല നേതാക്കളും വ്യക്തി എന്ന നിലയിലും , രാഷ്ട്രീയകാരനായും രണ്ടു മുഖങ്ങള്‍ വെച്ച് പുലര്‍ത്തുന്നത് സര്‍വ സാധാരണമായി കാണാറുണ്ട് . പക്ഷെ രാഹുല്‍ ഗാന്ധി ഇവരില്‍ നിന്നൊക്കെ വളരെ വ്യത്യസ്തനാണ് . വ്യക്തിപരമായും, രാഷ്ട്രീയക്കാരനായും രാഹുല്‍ ഗാന്ധിക്ക് ഒറ്റ മുഖമേ കണ്ടിട്ടുളൂ . സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിടുന്ന അപമാനങ്ങളും, അധിക്ഷേപങ്ങളും ഒക്കെ RSS കരുതി കൂട്ടി അദ്ദേഹത്തെ കരി വാരിത്തേക്കുവാന്‍ ചെയ്യിക്കുന്നതാണ്. അടുത്തയിടെ പല ആളുകളും എന്നോട് ചോദിക്കാറുണ്ട് രാഹുല്‍ ഗാന്ധി മെച്ചപ്പെട്ടു വരുന്നുണ്ടല്ലോ എന്ന് . ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ് രാഹുല്‍ ഗാന്ധിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല . രാഹുല്‍ ഗാന്ധിയെ നോക്കി കാണുന്ന ആളുകളുടെ കാഴ്ചപ്പാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത് . ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ തികച്ചും ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമങ്ങളിലും മറ്റും നേരിടുന്ന വ്യക്തിഹത്യ അദ്ദേഹം കാര്യമായി ഗൗനിക്കാറുണ്ട് എന്ന് കരുതുന്നില്ല . രാഹുല്‍ രാഷ്ട്രീയത്തില്‍ വന്നിട്ട് ഇപ്പോള്‍ ഏകദേശം 14 വര്‍ഷമാകുന്നു . വന്ന നാള്‍ മുതല്‍ക്കേ അദ്ദേഹം പറയുന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ യുവാക്കളുടെ പ്രാതിനിധ്യം കൂടണമെന്നു . ഒട്ടും തിരക്ക് കൂട്ടാതെ , മുതിര്‍ന്ന നേതാക്കളെ അലോസരപ്പെടുത്താതെ രാഹുല്‍ ഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസില്‍ യുവാക്കളുടെ ഒരു വന്‍ നിരയെ തന്നെ പല സംസ്ഥാനങ്ങളുടെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും , AICC യിലും കൊണ്ടുവന്നിട്ടുണ്ട് . ഇതൊക്കെ അദ്ദേഹത്തിന്റെ കോണ്‍ഗ്രസിനെ
ശക്തിപ്പെടുത്താനുള്ള പക്വതയാര്ജിച്ച സമീപനങ്ങളായി കാണാവുന്നതാണ് . നരേന്ദ്ര മോഡി എന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ സമ്പൂര്‍ണ പരാജയമാണ് എന്ന് ജനം ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങി , ഇനി ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ നല്ലനാളുകളാണ് കാത്തിരിക്കുന്നത്

10 )റോജി അങ്കമാലിയില്‍ ട്രാഫിക് നിയന്ത്രിക്കുന്ന കാഴ്ചയും, കുളങ്ങള്‍ വൃത്തിയാക്കാന്‍ നേതൃത്വം കൊടുക്കുന്നതും മറ്റും പത്രങ്ങളില്‍ വലിയ വര്‍ത്തയായിരുന്നല്ലോ . ഒരു യുവ MLA എന്ന നിലയില്‍ അങ്കമാലി മണ്ഡലത്തിലും, യുവതലമുറയുടെ പ്രിതിനിധിയായ സാമാജികന്‍ എന്ന നിലയിലും കേരളത്തിലും എന്ത് മാറ്റങ്ങളാണ് താങ്കള്‍ കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത് ?

അങ്കമാലി മണ്ഡലത്തിലെ MLA എന്ന നിലയില്‍ അടിയന്തിരമായി പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു വിഷയം എന്റ്‌റെ മണ്ഡലത്തിലെ ട്രാഫിക് പ്രശ്‌നങ്ങളാണ്. തൃശൂര്‍ - എറണാകുളം റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം അങ്കമാലിയിലെ ട്രാഫിക് പ്രശ്ങ്ങളുടെ തീവ്രത. ഒരു മേല്‍പാലം ഇവിടെ വളരെ ആവശ്യമാണ്. ഫണ്ട് അലോക്കേഷന്‍ ഒക്കെ നടന്നിട്ടുണ്ട്. ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്ന് ശുഭ വിശ്വാസമുണ്ട്. ട്രാഫിക് നിയന്ത്രിക്കാന്‍ നേരിട്ട് റോഡില്‍ ഇറങ്ങിയതൊക്കെ അന്നേരത്തെ ട്രാഫിക് കുരുക്ക് കണ്ടു ചെയ്തു പോയതാണ്. പലപ്പോഴും ചിട്ടയില്ലാത്ത ഡ്രൈവിംഗ് മൂലമാണ് ട്രാഫിക് അപകടങ്ങള്‍ ഉണ്ടാക്കുന്നത് . ഒരു യുവ mla എന്ന നിലയില്‍ കാര്യങ്ങള്‍ മുന്‍കാലത്തെ നിന്നും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ട് . അങ്കമാലിയില്‍ ഒരു ITI കൊണ്ടുവരാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. അത് പോലെ ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട് . കാലടി, മലയാറ്റൂര്‍ തുടങ്ങി ടൂറിസം സാദ്ധ്യതകള്‍ ഒട്ടേറെ ഉള്ള മണ്ഡലമാണ് അങ്കമാലി . സിവില്‍ സര്‍വീസ്, ബാങ്ക് ടെസ്റ്റ് മുതലായ മത്സര പരീക്ഷകള്‍ക്ക് അപേക്ഷകരെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനം അങ്കമാലിയില്‍ തുടങ്ങണം എന്നും പദ്ധതിയുണ്ട് . പൊതുവെ രാഷ്ട്രീയക്കാരെ സമൂഹത്തിലും, പത്രമാധ്യമങ്ങളിലും , സിനിമയിലുമൊക്കെ മോശമായി ചിത്രീകരിക്കുന്നത് സര്‍വസാധാരണയായി കാണാറുണ്ട്. ഇതൊക്കെ മാറേണ്ട സാഹചര്യമുണ്ട് . നമ്മുടെ ഭാവി നിര്‍ണയിക്കുന്നത് രാഷ്ട്രീയക്കാരാണ് എന്നാണല്ലോ പറയുന്നത് , അപ്പോള്‍ നല്ല ആളുകള്‍ രാഷ്രീയത്തില്‍ വരേണ്ടത് ആവശ്യമല്ലേ ? അവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതക്ക് മാറ്റം വരേണ്ടതുണ്ട്. അത് പോലെ പോലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കാലോചിതമായി മാറുകയും, താങ്കളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരേണ്ടതുമുണ്ട്

11 )ഒരു യുവ MLA എന്ന നിലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പൊതുവെ എന്തൊക്കെ മാറ്റങ്ങളാണ് താങ്കള്‍ക്ക് അനിവാര്യമായി തോന്നുന്നത് ?

പലപ്പോഴും ആളുകള്‍ പറയാറുണ്ട് , 'ഇപ്പോള്‍ യുവ MLA , എംപി മാരൊക്കെ കടന്നു വരുന്നുണ്ടല്ലോ' എന്ന് . പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ല . ബൂത്ത് തലം മുതല്‍ , കെപിസിസി വരെ യുവാക്കളുടെ സാന്നിധ്യം വളരെ ആവശ്യമാണ്. ഏതാനും യുവ mla , എംപിമാര്‍ വന്നത് കൊണ്ട് മാത്രം കാര്യമില്ല. താഴെ തട്ടില്‍ മുതല്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കടന്നു വരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കണം . സമൂഹത്തിലെ പല മേഖലകളിലും പ്രത്യേകിച്ച് ബിസിനസ്, കമ്പ്യൂട്ടര്‍ പോലെയുള്ളവയില്‍ യുവാക്കള്‍ രചിക്കുന്ന വിജയഗാഥകള്‍ സര്‍വ സാദാരണമാണ് . ഇത് പക്ഷെ രാഷ്ട്രീയത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നില്ല . IIT , IIM നിന്നൊക്കെ പ്രഗത്ഭരായ വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തിലും തങ്ങളുടെ പ്രാഗല്‍ഭ്യം പ്രകടിപ്പിക്കാന്‍ മുന്‍പോട്ടു വരണം

12 ) അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കന്‍ ജീവിതരീതിയെ പറ്റിയും, മലയാളിപ്രവാസികളുടെ ജീവിതത്തെ കുറിച്ചും എന്തായിരുന്നു താങ്കളുടെ വിലയിരുത്തല്‍ ?

അമേരിക്കയിലെ ട്രാഫിക് സംവിധാനം, ജനങ്ങളുടെ സ്വത്തിനും, ജീവനും കൊടുക്കുന്ന സെക്യൂരിറ്റിയുടെ വലിയ പ്രാധാന്യം ഇവയൊക്കെ വലിയ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങളാണ്. അത് പോലെ ആളുകള്‍ക്കുള്ള പ്രകടമായ അച്ചടക്കം ഏറെ സ്വാഗതാര്‍ഹമാണ് . മലയാളി സമൂഹത്തിലെ ഒട്ടേറെ ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട് . UN , വാഷിംഗ്ടണ്‍, വേള്‍ഡ് ബാങ്ക് ഒക്കെ സന്ദര്‍ശിക്കുന്ന വേളയില്‍ അവിടെ ജോലി ചെയുന്ന ഒട്ടേറെ പ്രഗത്ഭരായ മലയാളികളെ നേരിട്ട് കാണാന്‍ സാധിച്ചു .അവിടെ ഒക്കെ മലയാളി കൂട്ടായ്മയും കണ്ടു. എവിടെ ചെന്നാലും ആ നാട്ടിലെ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു പോവുക എന്നത് മലയാളിപ്രവാസി സമൂഹത്തിന്റെ ഒരു പ്രത്യേകതയാണ്. അമേരിക്കയിലും അത് തന്നെ കാണാന്‍ പറ്റി . അമേരിക്കയില്‍ താമസമാക്കിയ മലയാളികളോട് സംസാരിക്കുമ്പോള്‍ പലപ്പോഴും തോന്നി, അവരൊക്കെ അമേരിക്കയില്‍ ജീവിക്കുമ്പോഴും നാടിന്റെ ഓര്‍മകളും, നാട്ടില്‍ തിരിച്ചു വരാനുള്ള സ്വപ്നങ്ങളും പേറി ജീവിക്കുന്നവരാണെന്നു . പക്ഷെ അമേരിക്കയില്‍ ജീവിച്ചിട്ട് , പിന്നീട് നാട്ടില്‍ തിരിച്ചു വരുന്നത് എത്രത്തോളം പ്രയോഗിക്കമാണെന്നു സംശയമുണ്ട്. അത് പോലെ അമേരിക്കയില്‍ ഒട്ടേറെ മലയാളി സംഘടനകളും, നാട്ടിലെ പോലെ തന്നെ സംഘടനകളില്‍ ചെറിയ തോതില്‍ രാഷ്ട്രീയവും, ഗ്രൂപ്പിസം ഒക്കെ കാണുവാന്‍ സാധിച്ചു

13 )രാഷ്ട്രീയത്തിന് അപ്പുറം മറ്റു ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്

യാത്രകള്‍ ഒരു പാട് ഇഷ്ടമാണ്. NSUI പ്രസിഡന്റ് ആയിരിക്കുന്ന സമയത്തു ഇന്ത്യയൊട്ടാകെ യാത്ര ചെയ്യുവാന്‍ അവസരം ലഭിച്ചിട്ടുണ്ട് .യാത്രകള്‍ ചെയ്യുന്നതും, പുതിയ സ്ഥലങ്ങള്‍ കാണുന്നതുമൊക്കെ എന്നും ആസ്വദിക്കാറുണ്ട്. . അത് പോലെ സിനിമ ഒരു പാട് ഇഷ്ടമാണ്. കോളേജില്‍ പഠിക്കുന്ന സമയത്തു ഇറാനിയന്‍ ഭാഷ പോലെയുള്ള വിദേശരാജ്യ സിനിമകളും ഒരു പാട് കാണുമായിരുന്നു . ഇപ്പോള്‍ സിനിമ കാണാന്‍ സമയം കണ്ടെത്താന്‍ കഴിയാറില്ല

കേരളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായ , ഒട്ടേറെ പ്രതീക്ഷ കളോടെ ജനങ്ങള്‍ ഉറ്റു നോക്കുന്ന , പ്രത്യേകിച്ചും അങ്കമാലി നിവാസികളുടെ പ്രിയ MLA ശ്രീ റോജി എം ജോണ്‍ പറഞ്ഞു നിര്‍ത്തി
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
ജനകീയ അടിത്തറ മെച്ചപ്പെടുത്തുക ലക്ഷ്യം: റോജി എം ജോണ്‍ എം.എല്‍.എ (അഭിമുഖം: ജിനേഷ് തമ്പി)
Join WhatsApp News
Oommen 2018-06-05 10:10:01
What was he doing in the US while critical  elections were being held in Karnataka and Chengannur. Arm chair revolutionaries!!!!!!!!!!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക