Image

'നീനു മാനസികരോഗത്തിന്‌ ചികിത്സയിലായിരുന്നു, മകളെ ഉടന്‍ തന്നെ അഭയ കേന്ദ്രത്തിലേക്ക്‌ മാറ്റി ചികിത്സ നല്‍കണം'; നീനുവിന്റെ പിതാവ്‌ കോടതിയില്‍

Published on 06 June, 2018
'നീനു മാനസികരോഗത്തിന്‌ ചികിത്സയിലായിരുന്നു, മകളെ ഉടന്‍ തന്നെ അഭയ കേന്ദ്രത്തിലേക്ക്‌ മാറ്റി ചികിത്സ നല്‍കണം';  നീനുവിന്റെ പിതാവ്‌ കോടതിയില്‍


കോട്ടയം: കെവിന്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ. മകളെ അഭയ കേന്ദ്രത്തിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ചാക്കോ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്‌.

തന്റെ മകള്‍ മാനസികാസ്വാസ്ഥ്യത്തിന്‌ ചികിത്സയിലായിരുന്നു. അതിനാല്‍ നീനുവിനെ ഉടന്‍ തന്നെ അഭയ കേന്ദ്രത്തിലേക്ക്‌ മാറ്റി ചികിത്സ നല്‍കണമെന്നാണ്‌ ചാക്കോയുടെ ഹരജി.

ഏറ്റുമാനൂര്‍ ഒന്നാംക്ലാസ്സ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ തന്റെ അഭിഭാഷകന്‍ മുഖേനയാണ്‌ ചാക്കോ ആവശ്യം വ്യക്തമാക്കിയത്‌.

നീനുവിനെ തിരുവനന്തപുരത്ത്‌ ഒരു സ്വകാര്യ ആശുപത്രിയില്‍ മാനസികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന്‌ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നതാണ്‌. ഇപ്പോള്‍ അവള്‍ ചികിത്സ നടത്താതെ അന്യവീട്ടിലാണ്‌ താമസം. അതിനാല്‍ നീനുവിനെ തുടര്‍ചികിത്സയ്‌ക്കായി ഏതെങ്കിലും അഭയ കേന്ദ്രത്തിലേക്ക്‌ മാറ്റണമെന്നാണ്‌ ചാക്കോയുടെ ഹരജി.

കെവിന്റെ മരണശേഷം നീനു ഇപ്പോള്‍ താമസിക്കുന്നത്‌ കെവിന്റെ കുടുബംത്തോടൊപ്പമാണ്‌. കേസിലെ പ്രധാന സാക്ഷിയും കൂടിയാണ്‌ നീനു.


അതേസമയം കെവിന്‍ വധത്തില്‍ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കയെയാണ്‌. പ്രണയിച്ച്‌ വിവാഹം ചെയ്‌തതിന്റെ പേരില്‍ ഭാര്യയായ നീനുവിന്റെ ബന്ധുക്കള്‍ മാന്നാനം സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാര്‍ സഹായം ചെയ്‌തെന്ന്‌ ആരോപണമുണ്ടായിരുന്നു.

തുടര്‍ന്ന്‌ പ്രതിപ്പട്ടികയിലുള്‍പ്പെട്ടിരുന്ന പൊലീസുകാര്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ്‌ ആരോപണവിധേയരായ പൊലീസുകാര്‍ക്ക്‌ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക