Image

വിജയനാണ് താരം (ഡി.ബാബുപോള്‍)

Published on 06 June, 2018
വിജയനാണ് താരം (ഡി.ബാബുപോള്‍)
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നു. അപ്രതീക്ഷിതമായി ഒന്നും സൂക്ഷ്മതയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കാണാനില്ല. സജി ചെറിയാന്‍ ജയിക്കുമെന്നും 2016ല്‍ രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടുമെന്നും അറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ലായിരുന്നു. ബി.ഡി.ജെ.എസ് മുറുമുറുത്തത് കൊണ്ടോ ശോഭന പുഞ്ചിരിച്ചതുകൊണ്ടോ ഫലഭേദം ഉണ്ടായിട്ടില്ല. ഭൂരിപക്ഷം വര്‍ദ്ധിച്ചതിന് പ്രധാനകാരണം പിണറായി വിജയന്റെ ഭരണം തന്നെ ആണ്. പത്രക്കാരെന്ത് പറഞ്ഞാലും പിണറായി കാര്യക്ഷമതയുള്ള, വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. രണ്ടാമത്തെ കാരണം യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും ട്രാക്ക് റെക്കാഡും. ശ്രീധരന്‍പിള്ള പിറകോട്ടു പോയതിന്റെ കാരണം ശ്രീധരന്‍പിള്ളയല്ല എന്നതും സത്യം.

ഈ വിജയം പിണറായിയുടേതാണ് എന്ന പ്രസ്താവന വിശദീകരിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. കാരണം ഉപദേശികള്‍ അകപ്പെടുത്തിയ പത്മവ്യൂഹത്തിലാണ് അദ്ദേഹം പെട്ടിരിക്കുന്നത്. ആ കോട്ടയുടെ പ്രത്യേകത പോരെങ്കില്‍ സകലമാന മാദ്ധ്യമങ്ങളും ആയുധപാണികളായി അതിന് ചുറ്റും നിലയുറപ്പിച്ചിട്ടുമുണ്ട്. നമ്മുടെ മുഖ്യമന്ത്രി ചിരിക്കാന്‍ പഠിക്കണം എന്നും കടക്ക് പുറത്ത് ' എന്നതിന് പകരം, പുറത്ത് കടക്കുക' എന്ന് പറയണം എന്നും പറഞ്ഞിട്ടുള്ളയാളാണ് ഞാന്‍. അതിന് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് പിണറായി വിരുദ്ധര്‍ അറിയണം. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠമാണ് അത്.

തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്ന് ഉദാഹരണം പറയാം. രാജ്യസ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ ഈസ്റ്റിന്ത്യാക്കമ്പനിയുടെ അധികാരം വളരുന്നത് ദൂരെ കണ്ടു. അവരെ എതിര്‍ക്കണമെന്നല്ല പിണക്കരുത് എന്നായിരുന്നു അനന്തരഗാമിയായ ധര്‍മ്മരാജാവിന് നല്‍കിയ ഉപദേശം. അദ്ദേഹം അത് അനുസരിച്ചു. ഇവര്‍ ഇരുവരെയും മഹാന്മാരായിട്ടാണ് നാം പരിഗണിക്കുന്നത്. പിറകെ വന്ന ബാലരാമവര്‍മ്മയുടെ വിവരണം ദുര്‍ബലന്‍' എന്നാണ്. സത്യത്തില്‍ സായിപ്പിനോട് രണ്ട് വര്‍ത്തമാനം പറയുകയും കമ്പനിയുടെ തീരുമാനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്ത രാജാവാണ് ഈ ദുര്‍ബല വര്‍മ്മ. എന്നാല്‍ എതിരഭിപ്രായങ്ങള്‍ക്ക് നേരെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നില്ല. കമ്പനിക്കെതിരെയും നിന്നില്ല. വേലുത്തമ്പിക്കെതിരെയും നിന്നില്ല. ധീരമായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതല്ല, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാതിരുന്നതാണ് ബാലരാമവര്‍മ്മയ്ക്ക് ദുര്‍ബല പരിവേഷം നല്‍കിയത്. ഉറപ്പുള്ള ഭരണാധികാരിയാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ ഒട്ടു കഴിഞ്ഞതുമില്ല.

മറ്റൊരുദാഹരണം സി.അച്ചുതമേനോന്‍ ഡയസ്&്വംിഷ;നോണ്‍ നടപ്പാക്കിയതാണ്. (അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ദുര്‍ബലനായില്ലേ എന്ന് ചോദിച്ചേക്കാം. അതിന് കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. പാര്‍ട്ടി വിട്ട് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അതുകൊണ്ട് പാര്‍ട്ടിയോടൊപ്പം ഇന്ദിരാഗാന്ധിയെ അനുസരിച്ചു.) കുലുങ്ങാത്ത കേളനായാണ് മുഖ്യമന്ത്രി അച്ചുതമേനോനെ ജനം വാഴ്ത്തിയത്.

അടിയന്തിരാവസ്ഥക്കാലത്ത് അധികാരത്തില്‍ ഇരുന്ന കക്ഷിയെ കേരളം വീണ്ടും അധികാരത്തില്‍ എത്തിച്ചത് കേരളം സെന്‍സറിംഗിനെയും കരുണാകരന് തോന്നിയവരെ അറസ്റ്റ് ചെയ്തതിനെയും അനുകൂലിച്ചിട്ടല്ല. സമയത്ത് വണ്ടി ഓടിയതും സര്‍ക്കാരാഫീസില്‍ ആളുകള്‍ സമയത്ത് എത്തിച്ചേര്‍ന്നതും കണ്ട ജനം ആണ് എഴുപത്തേഴിലെ വിധി നിര്‍ണയിച്ചത്.

പിണറായി കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് വച്ച് സഖാക്കളെ ശാസിച്ചത് എത്രപേര്‍ ഓര്‍ക്കുന്നുണ്ട് എന്നറിയുന്നില്ല. സി.പി.എം യോഗം ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് പറഞ്ഞത് ഞാന്‍ ടിവിയില്‍ കണ്ടതാണ്. അതില്‍ ആജ്ഞാശക്തിയും നര്‍മ്മബോധവും സമ്മേളിച്ചിരുന്നു. എന്നുവച്ച് പിണറായി തിരുത്തുന്നില്ലേ വസ്തുതകള്‍ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ് ഈ മനുഷ്യന്‍. നേതൃത്വം പഠിപ്പിക്കുന്ന മാനേജ്‌മെന്റ് ഗുരുക്കന്മാര്‍ കേസ് സ്റ്റഡി ആക്കേണ്ട നേതൃത്വ ശൈലിയാണ് പിണറായിയുടേത്. പിണറായിയുടെ നിശ്ചയദാര്‍ഢ്യം, ആജ്ഞാശക്തി, പാലം കുലുങ്ങിയാലും താന്‍ കുലുങ്ങുകയില്ല എന്ന മട്ടിലുള്ള ധീരത തുടങ്ങിയവയൊക്കെ ജനം ശ്രദ്ധിക്കുന്നുണ്ട്. പിണറായിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ ആരും ഇല്ലതാനും.

കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമര്‍ത്ഥനായ ഒരു യുവാവ് പറഞ്ഞുതന്നു, ടെക്കികളുടെ ഇടയില്‍ പിണറായിയെക്കുറിച്ച് വലിയ മതിപ്പാണെന്ന്. മാദ്ധ്യമങ്ങളെ ഭയപ്പെടുന്നവരെയും മാദ്ധ്യമങ്ങളില്‍ ചിലരെയെങ്കിലും വിലയ്‌ക്കെടുത്ത് അസ്തിത്വം ഉറപ്പിക്കുന്നവരെയും അല്ലാതെ മാധ്യമങ്ങളെ കൂസാതെ പലായധ്വം, പലായധ്വം എന്നു പറയുന്ന ഒരു രാഷ്ട്രീയ നേതാവാകാന്‍ തന്റേടം ഉള്ള ഒരു മുഖ്യമന്ത്രിയെയാണ് പുരോഗമനം തേടുന്ന കേരളത്തിന് വേണ്ടിയിരുന്നത് എന്നതാണ് അരാഷ്ട്രീയവാദിയായ ആ ടെക്കി യുവാവ് പിണറായിയെ ആദരിക്കാന്‍ പറഞ്ഞ കാരണം. ഈ പൊതുധാരണ ചെങ്ങന്നൂരില്‍ ഇടതുമുന്നണിയെ സഹായിച്ചു. ഏതാണ്ട് എല്ലാ വീട്ടിലും ഒരു ബിരുദധാരി എങ്കിലും ഉള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എന്ന് ഓര്‍മ്മിക്കുക. അവര്‍ മാദ്ധ്യമങ്ങളെ അന്ധമായി പിന്‍പറ്റുന്നവരല്ല.

രണ്ടാമത്തെ കാരണം സ്ഥാനാര്‍ത്ഥികളുടെ ഗതകാലചിത്രം തന്നെ. സജി ചെറിയാനെ വേറിട്ടു നിറുത്തിയ പ്രധാന സംഗതി സാന്ത്വന പരിചരണ മേഖലയിലെ പ്രവര്‍ത്തനമാണ് എന്നാണറിയുന്നത്. എനിക്ക് ഈ എം.എല്‍.എയെ പരിചയം ഇല്ല. കണ്ടാല്‍ ഒരു സാന്ത്വനവും നല്‍കാന്‍ പോന്ന വ്യക്തിയല്ല എന്നാണ് തോന്നുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യം ഒട്ടുമേ ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെ ഒരു സേവന മേഖലയിലാണ് ഈ യുവാവ് രാഷ്ട്രീയത്തിനൊപ്പം ശ്രദ്ധിച്ചിരുന്നത് എന്നത് ആള്‍ തിരഞ്ഞെടുപ്പില്‍ പൊടുന്നനെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആ ചുറ്റുവട്ടത്ത് വലിയ ചലനം സൃഷ്ടിച്ചു. സ്ഥാനാര്‍ത്ഥിയുടെ സ്വഭാവം തിരഞ്ഞെടുപ്പുവിജ്ഞാപനം അനുസരിച്ച് മാറേണ്ടതല്ല. വിജയകുമാറിനെയും എനിക്ക് പരിചയം ഇല്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ടെലിവിഷനില്‍ കണ്ടതും അന്വേഷണത്തില്‍ അറിഞ്ഞതും ചേര്‍ത്തുവച്ചാല്‍ ആ മനുഷ്യന് ഇത്രയും വോട്ട് കിട്ടിയത് തന്നെ അദ്&്വംിഷ;ഭുതമാണെങ്കിലും അദ്ദേഹം നല്ല മനുഷ്യന്‍ ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് കരുതാം. അദ്ദേഹത്തിന് ശാന്തവും സന്തുഷ്ടവും ആയ ഒരു വിശ്രമ ജീവിതം ആശംസിക്കാം.

പിന്നെ ശ്രീധരന്‍ പിള്ള. രണ്ട് സംഗതികളാണ് അദ്ദേഹത്തെ ചതിച്ചത് . ഒന്ന്. മാദ്ധ്യമങ്ങള്‍ കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് ചെങ്ങന്നൂരിലെ ന്യൂനപക്ഷങ്ങളെ അറിയിച്ച സത്യവും അര്‍ദ്ധസത്യവും അതിശയോക്തിയും അസത്യവും ആയ ഉത്തരേന്ത്യന്‍ വാര്‍ത്തകള്‍.

പള്ളികള്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് കാരളിന് പോയ വൈദിക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നു, അക്കാര്യം അന്വേഷിക്കാന്‍ ചെന്ന റെക്ടറച്ചനെ കരണത്തടിക്കുന്നു, ദുഃഖവെള്ളിയാഴ്ചയും ക്രിസ്മസും ഒക്കെ ഔദ്യോഗിക പരിപാടികള്‍ വയ്ക്കുന്നു, പോത്തിറച്ചി വില്‍ക്കുന്നവരെ അടിച്ചുകൊല്ലുന്നു. മതമൈത്രിയുടെ സന്ദേശവുമായി 2016ല്‍ ഇറങ്ങിയ ശ്രീധരന്‍ പിള്ളയ്ക്ക് തലവഴി മുണ്ട് ഇടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. കഴിഞ്ഞ തവണ ഒപ്പം നിന്ന ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയി. ശ്രീധരന്‍പിള്ളയെപ്പോലെ തന്നെ അവര്‍ ഇഷ്ടപ്പെട്ടിരുന്ന കുമ്മനത്തെയും ആ പാര്‍ട്ടി ഒഴിവാക്കി. കുമ്മനം ഗവര്‍ണറായത് എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ അത് വോട്ടെടുപ്പിന്റെ തലേദിവസം ആയത് ഒരു രാഹുല്‍ ബുദ്ധി ആയിപ്പോയി: ഉമ്മന്‍ചാണ്ടിയെ ഓടിച്ചത് വിജയകുമാറിനെ ബാധിച്ചതു പോലെ. നഷ്ടം അയ്യായിരം വോട്ട്. രണ്ടാമത്തെ കാര്യം പാര്‍ട്ടിയിലെ വിഭാഗീയതയും ബി.ഡി.ജെ.എസിലെ പരിഭവങ്ങളും. ആദ്യത്തേത് നിഷ്പക്ഷമതികളായ അനുഭാവികളുടെ മനസ് മടുപ്പിച്ചു. നഷ്ടം ആയിരം വോട്ട്. രണ്ടാമത്തേത് ബി.ഡി.ജെ.എസിനെ മാത്രമല്ല നിഷ്പക്ഷരായ ഭാ.ജ.പാര്‍ട്ടി അനുഭാവികളായി ഈഴവ സമൂഹത്തില്‍ ഉണ്ടായിരുന്നവരെയും ഹതാശരാക്കി. നഷ്ടം രണ്ടായിരം വോട്ട്. ശ്രീധരന്‍ പിള്ളയുടെ വോട്ട് കുറഞ്ഞതിന് അദ്ദേഹം ഉത്തരവാദിയല്ല എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പൊതുവേ ബൂര്‍ ബോണ്‍ രാജാക്കന്മാരെപ്പോലെ ആണ്. അവര്‍ ഒന്നും പഠിക്കുന്നുമില്ല. ഒന്നും മറക്കുന്നുമില്ല. അതുകൊണ്ട് 2019ല്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. തല്‍സ്ഥിതി തുടരാനാണ് സാദ്ധ്യത. ലീഗിന് ഒരു സീറ്റ് കിട്ടിയാലായി. പിണറായി ജാഗരൂകനായി തുടരുമെങ്കില്‍ ബാക്കിയെല്ലാം ഇ.ജ.മു നേടും. ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്താലും അവര്‍ തോല്‍ക്കുകയാണ് പതിവ്. എന്റെ വോട്ട് പഴയതുപോലെ തന്നെ. വിജയം പിണറായിയുടെ മുന്നണിക്കും!
Join WhatsApp News
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-06-06 12:07:24
D. Babu Paul: very good information of past and present political situation and leadership of many individuals. And honest opinion and not wishy-washy.
Mathew V. Zacharia. New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക