Image

ചെലവു കുറഞ്ഞ കണ്‍വന്‍ഷന്‍ ലക്ഷ്യമിട്ട് വിന്‍സെന്റ് ബോസ് മാത്യു

Published on 06 June, 2018
ചെലവു കുറഞ്ഞ കണ്‍വന്‍ഷന്‍ ലക്ഷ്യമിട്ട് വിന്‍സെന്റ് ബോസ് മാത്യു
ഫോമ എക്സിക്യൂട്ടീവിലെ ആറു സ്ഥാനങ്ങളില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് ഇത്തവണ ത്രികോണ മത്സരം. അതിനാല്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ വിന്‍സെന്റ് ബോസ് മാത്യു പറയുന്നു.

ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളായ വിന്‍സെന്റ് ഫൊക്കാനയിലും പ്രവര്‍ത്തിച്ചിരുന്നു. അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. തുടക്കത്തില്‍ ഫോമ കേസ് നേരിട്ടപ്പോള്‍ സാമ്പത്തിക സഹായമെത്തിച്ച വിന്‍സെന്റ് ഇത്തവണ ചിക്കാഗോ കണ്‍വന്‍ഷനിലും ഗ്രാന്റ് സ്പോണ്‍സറാണ്.

വിജയം നേടിയ മലയാളികളെ മാത്രമേ നാം കാണുന്നുള്ളുവെന്നും മിനിമം വേജസിനു ജോലി ചെയ്യുന്ന നല്ലൊരു പങ്കിനെ വിസ്മരിക്കുന്നതായും വിന്‍സെന്റ് പറയുന്നു. കണ്‍വന്‍ഷന്‍ രജിസ്ട്രേഷനു വലിയ തുക ഈടാക്കുമ്പോള്‍ പലര്‍ക്കും വരാന്‍ പറ്റാതെ പോകുന്നു. രണ്ടു പേര്‍ക്ക് 1000 ഡോളര്‍. 4 അംഗ കുടുംബം വരുമ്പോല്‍ രജിസ്ട്രേഷനു മാത്രം 1600 ഡോളര്‍. വിമാന ടിക്കറ്റും മറ്റു ചിലവുകളെല്ലാംകൂടി ഒരു 5000 ഡോളര്‍ ചെലവ് പ്രതീക്ഷിക്കാം. എത്ര പേര്‍ക്ക് ഇതിനു കഴിവുണ്ട്?

അതിനാല്‍ കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി രജിസ്ട്രേഷന്‍ ഫീസ് ഗണ്യമായി കുറയ്ക്കണമെന്നു വിന്‍സെന്റ് നിര്‍ദേശിക്കുന്നു. ജയിച്ചാല്‍ അതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തും. പലരേയും ഇപ്പോള്‍ തന്നെ മനസ്സിലുണ്ട്.

അതുപോലം ഡാളസ് പോലുള്ള നഗരങ്ങളില്‍ ചെലവ് കുറയാനും സാധ്യതയുണ്ട്.

കൃത്യമായ ഫോണ്‍ നമ്പരും ഇ-മെയിലും നല്‍കാത്ത ഡെലിഗേറ്റുകളെ അയോഗ്യരാക്കണമെന്നാണ് വിന്‍സെന്റിന്റെ പക്ഷം. ഡെലിഗേറ്റുകളുടെ പേരും വിവരവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ അവര്‍ക്കുതന്നെ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. ഇപ്പോഴത് ചുരുക്കം ചിലരുടെ കൈയ്യിലിരിക്കുന്നു. നമ്പരില്‍ തെറ്റുകളും കാണുന്നു. ഒരു നമ്പര്‍ മാറിയാല്‍ തന്നെ ഫോണ്‍ വിളിക്കുന്ന ആളുമാറി. ഇതു കഷ്ടമാണ്. കൃത്യമായ നമ്പര്‍ തരേണ്ടതാണ്. മനപ്പൂര്‍വമാണോ തെറ്റു വരുന്നതെന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതെന്നും അറിയില്ല. എന്തായാലും സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അര്‍ഹമായ അവസരം നല്‍കണം.

വിവരങ്ങള്‍ എല്ലാം പൂഴ്ത്തിവെച്ച് ചിലരുടെ കൈയ്യില്‍കൂടി മാത്രം കാര്യങ്ങള്‍ പോയാല്‍ ഫൊക്കാനയില്‍ സംഭവിച്ച സ്ഥിതി ഇവിടെയും വരും.

ഡാളസ് ടീം ജയിച്ചാല്‍ സംഘടനെ കൂടുതല്‍ ജനകീയമാക്കും. ഡെലിഗേറ്റ് ലിസ്റ്റും മറ്റും ചിലരുടെ നേട്ടത്തിനു മാത്രം ഉപയോഗിക്കുന്ന സ്ഥിതിയും വരരുത്.

ന്യൂയോര്‍ക്ക് അടങ്ങുന്ന ഈസ്റ്റ് കോസ്റ്റില്‍ കണ്‍വന്‍ഷന്‍ സ്ഥിരമായി വരുന്ന സ്ഥിതി നല്ലതല്ല. കപ്പലിലാണെങ്കിലും ബേബി ഊരാളിലിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലാണ് കണ്‍വന്‍ഷന്‍ നടന്നത്. ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്നു. ഇനി ഡാളസില്‍ നടക്കട്ടെ.

ഡാളസില്‍ ചെലവും കുറയും. കുടുംബങ്ങള്‍ക്ക് ആസ്വദിക്കാനുതകുന്ന തരത്തില്‍ ചെലവ് കുറഞ്ഞ മികച്ച കണ്‍വന്‍ഷനാണ് ഡാളസില്‍ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഫിലിപ്പ് ചാമത്തില്‍ മികച്ച ബിസിനസുകാരനും സംഘടനാ പ്രവര്‍ത്തകനുമാണ്. ടെക്സസ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഫോറം മികച്ച തുടക്കമാണ്. 150-ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ സംഘടനയിലേക്ക് വന്നു. ഇത്തരം സ്റ്റുഡന്റ്സ് ഫോറം എല്ലാ യൂണിവേഴ്സിറ്റികളിലേക്കും വ്യാപിപ്പിക്കണം. യംഗ് പ്രൊഫഷണല്‍ സമ്മിറ്റിന് ഇതുമൂലം ചെലവ് കുറഞ്ഞു. ഇത്തരം വേദികള്‍ ജോലിക്ക് റിക്രൂട്ട്മെന്റിനും ഉപകരിക്കും.

ജയിച്ചാല്‍ യൂത്ത് കണ്‍വന്‍ഷന്‍ നടത്തണമെന്നാഗ്രഹിക്കുന്നു. നാട്ടില്‍ കണ്‍വന്‍ഷന് തുക വാരിയെറിഞ്ഞിട്ട് കാര്യമില്ല. അതുപോലെ അമേരിക്കയിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തന്റെ ചിരകാല സ്വപ്നമാണ്.

രാഷ്ട്രീയ രംഗത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്താനും നമുക്ക് കടമയുണ്ട്. വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യിക്കാനും വോട്ട് ചെയ്യിക്കാനും ശ്രമം ഉണ്ടാവണം.

വെസ്റ്റേണ്‍ റീജിയനില്‍ നിന്നു വലിയ തോതില്‍ രജിസ്ട്രേഷന്‍ ഇത്തവണയുണ്ട്. ഒറ്റക്കെട്ടായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

അശരണര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് എന്നും താന്‍ ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്. അതു പ്രചാരണത്തിനു വേണ്ടിയല്ല. അതു തുടരും.

പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ് വിന്‍സന്റ് ബോസ്. വിവിധ സംഘടനകളില്‍ നേതൃരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ വൈസ് പ്രസിഡന്റും ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്.

പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില് പിറവം നിവാസികള്‍ക്ക് ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ നല്കി. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് മറ്റുള്ളവരെ സഹായിക്കുക എന്നത് ജീവിത വ്രതമായി കാണുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ്.

ഫോമയുടെ എല്ലാ അംഗ സംഘടനകള്‍ക്കും സുപരിചിതനായ വിന്‍സന്റ് ബോസിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും മുതല്ക്കൂട്ടാകുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. 
Join WhatsApp News
Jose 2018-06-06 14:10:15
Excellent vision about Fomaa
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക