Image

കാരുണ്യ വര്‍ഷമായി ഫോമയുടെ പെണ്‍കരുത്ത്: കനിവിന്‍ തലോടലായ് ഈ സ്‌നേഹസ്പര്‍ശം

സില്‍ജി ജെ ടോം Published on 07 June, 2018
കാരുണ്യ വര്‍ഷമായി ഫോമയുടെ പെണ്‍കരുത്ത്: കനിവിന്‍ തലോടലായ് ഈ സ്‌നേഹസ്പര്‍ശം
ഫോമയുടെ വനിതാസാരഥികളെയാരെയും എനിക്ക് നേരിട്ട് പരിചയമില്ല. ഡോ. സാറാ ഈശോയും രേഖാ നായരുമൊക്കെ സാരഥ്യത്തിലുള്ളപ്പോള്‍ സംഘടനയിലാകെയൊരു കരുതലും കാരുണ്യവും ഉണ്ടാകുമെന്ന് കരുതിയത് തെറ്റിയില്ല. ഫോമയെന്ന സംഘടനയെ വര്‍ഷങ്ങളായി കേട്ടും വായിച്ചും പരിചയമുണ്ട്. മുമ്പ് മലയാളംപത്രത്തിലും ഇപ്പോള്‍ മലയാളംപത്രികയിലുമൊക്കെ അമേരിക്കന്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളെകുറിച്ചും വ്യക്തമായൊരു ചിത്രം മനസിലുണ്ട്.
മലയാളംപത്രികയുടെ ചീഫ് എഡിറ്റര്‍ ശ്രീ. ജോണ്‍ സി വര്‍ഗീസ് ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നുവെന്നതൊഴിച്ചാല്‍ ഫോമയുമായി മറ്റ് അടുത്ത ബന്ധങ്ങളൊന്നും തന്നെ പറയാനില്ല. പക്ഷേ അടുത്ത ദിവസം ചാരിറ്റിയുമായി ബന്ധപ്പെട്ട് ഫോമ വിമന്‍സ് ഫോറം എന്നെ ഞെട്ടിച്ചു കളഞ്ഞു. 

ചാരിറ്റിയുടെ കാര്യത്തിലും ആലംബമില്ലാത്തവരെയും രോഗത്തോട് മല്ലിടുന്നവരെയും സഹായിക്കുന്ന കാര്യത്തിലും അമേരിക്കന്‍ മലയാളി സമൂഹം എന്നും മുന്നിലാണെന്ന് എത്രയോ അനുഭവങ്ങളിലൂടെ ഇതിനകം മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല, പറയുന്നത് പ്രാവര്‍ത്തികമാക്കുന്നവര്‍ കൂടിയാണ് ഫോമയുടെ വനിതാസാരഥികളെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതിലെ സന്തോഷം ഇവിടെ പങ്കുവയ്ക്കുന്നു.
യൂട്രസില്‍ ക്യാന്‍സര്‍ ബാധിച്ച് ഓപ്പറേഷന് വിധേയയായി അഞ്ചുവര്‍ഷമായി തുടര്‍ ചികിത്സയിലായിരുന്ന മുപ്പത്തിയാറുകാരി ലിജിമോള്‍ക്ക് അടുത്തിടെ ബ്രെസ്റ്റ് കാന്‍സര്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ ആ കുടുംബമാകെ തളര്‍ന്നു പോയിരുന്നു. രോഗവുമായി മല്ലിടുന്ന ലിജിയെ സഹായിക്കാന്‍ 2000 ഡോളര്‍ നല്‍കിയാണ് ഡോ. സാറാ ഈശോ നേതൃത്വം നല്‍കുന്ന ഫോമ വിമന്‍സ് ഫോറം ഇപ്പോള്‍ കാരുണ്യത്തിന്റെ പ്രഘോഷകരായത്. ലിജിയ്ക്കും കുടുംബത്തിനും ഈ തുക വളരെ ആശ്വാസം തന്നെയാണ്. തുടര്‍ചികില്‍സയില്‍ ഈ കാരുണ്യം ആ യുവതിയ്ക്ക് കരുത്താകുമെന്ന് തീര്‍ച്ച. സമ്പന്നതയുടെ ലോകത്ത് സൗകര്യങ്ങളോടെ ജീവിക്കുമ്പോഴും പിറന്ന നാടിനെ മറക്കാത്ത, ഇവിടെ ആലംബമില്ലാതെ ക്ലേശിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ മനസ് കാണിക്കുന്ന ഡോ. സാറാ ഈശോയ്ക്കും ടീമിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയര്‍പ്പിക്കുന്നു. ഈ സാന്ത്വനവും സ്‌നേഹവും മറ്റ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പ്രചോദനമാകട്ടെ. 

ഫോമയുടെ വനിതാ സാരഥികളെന്ന നിലയില്‍ ഡോ. സാറാ ഈശോയുടെയും ടീമിന്റെയും മുഖം പത്രവാര്‍ത്തകളില്‍ വളരെ പരിചിതമായിരുന്നെങ്കിലും ക്യാന്‍സര്‍ ചികിത്സയില്‍ ആയിരങ്ങള്‍ക്ക് സാന്ത്വനമാകുന്ന പ്രശസ്തയായ ഓങ്കോളജിസ്റ്റാണ് ഡോ. സാറയെന്ന സത്യം ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്. 

ഇനി ലിജിയെക്കുറിച്ച്..... ചികിത്സയ്ക്കായി ഇത്ര വലിയൊരു തുക ലഭിച്ചതറിഞ്ഞ
പ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയെകുറിച്ച്..... കൈവിട്ടു പോകുമെന്ന ജീവിതം തിരികെ പിടിക്കാനുള്ള ആവേശം അവളില്‍ ഊര്‍ജമായി നിറഞ്ഞതിനെകുറിച്ച്..... ഞങ്ങളുടെ അയല്‍പക്കത്താണെങ്കിലും നാലഞ്ചുതവണ, നേരില്‍ കണ്ടപ്പോള്‍ നടത്തിയ 'വെറും ഹായ്...' സംഭാഷണത്തിനപ്പുറം ലിജിയെ എനിക്ക് വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. ലിജിയുടെ ഭര്‍ത്താവ് സിബിയുടെ അമ്മ പക്ഷേ വീട്ടുജോലികളില്‍ സഹായിക്കാനും മറ്റുമായി പണ്ടുമുതലേ വീട്ടിലെത്താറുണ്ട്. ലിജി ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നുമുണ്ട്.
ലിജി ബ്രസ്റ്റ് ക്യാന്‍സറിന്റെ ടെസ്റ്റ് റിസല്‍റ്റ് കാത്തിരിക്കുകയാണെന്ന് അവരുടെ അമ്മ പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ അടുത്ത ദിവസം തന്നെ അപ്രതീക്ഷിതമായി ലിജി എന്നെ കാണാന്‍ വന്നു. ''ചേച്ചീ നിങ്ങളുടെ പത്രത്തില്‍ രോഗമുള്ളവരെ സഹായിക്കുന്നതിനായി അപേക്ഷ സ്വീകരിക്കുമല്ലോ. 

എന്നെയും കൂടി ഏതെങ്കിലും വിധത്തില്‍ സഹായിക്കുമോ എന്ന് ചോദിച്ച്.'' മുമ്പും ആര്‍ക്കൊക്കെയോ വേണ്ടി മലയാളംപത്രത്തില്‍ അപേക്ഷയിട്ട വിവരമറിഞ്ഞായിരുന്നു ലിജി എത്തിയത്. ലിജിയില്‍ നിന്ന് രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അഞ്ചു വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയുടെ തുടര്‍ ഘട്ടങ്ങളിലായിരുന്നു എന്ന കാര്യം അപ്പോള്‍ മാത്രമാണ് ഞാന്‍ മനസിലാക്കിയത്.
രണ്ടാംവട്ടവും രോഗം പിടിപെട്ട അവസ്ഥയിലും ആ പെണ്‍കുട്ടിയില്‍ നിറഞ്ഞു കണ്ട ആത്മവിശ്വാസം എന്റെ മനസിനെ വല്ലാതെ തൊട്ടു. വീണ്ടും ക്യാന്‍സര്‍ കീഴ്‌പ്പെടുത്തുന്നുവെന്നറിയുമ്പോള്‍ ഏതൊരാളും തളര്‍ന്നു പോയേക്കാം. ''എന്റെ മോനെയോര്‍ത്തു മാത്രമാണ് ചേച്ചീ എനിക്ക് വിഷമം'' എന്ന് ആ പെണ്‍കുട്ടി പറഞ്ഞു. അപ്പോഴും ഈ ദുരിതങ്ങള്‍ക്കൊന്നും എന്നെ കീഴ്‌പ്പെടുത്താനാവില്ലെന്ന ആത്മവിശ്വാസമായിരുന്നു ആ പെണ്‍കുട്ടിയില്‍ ഞാന്‍ കണ്ടത്. ചെറിയൊരു പനി വരുമ്പോഴേ നഷ്ടധൈര്യരാകുന്നവര്‍ക്ക് മുന്നില്‍ ലിജിയെ പോലുള്ള പെണ്‍കുട്ടികളുടെ ജീവിതം അനുഭവപാഠമാണെന്ന് മനസില്‍ കുറിച്ചു ആ നിമിഷങ്ങളില്‍. സ്‌കൂള്‍ പഠനകാലത്തേ അമ്മയെ നഷ്ടപ്പെട്ട പെണ്‍കുട്ടിയാണ് ലിജി. അഛന്‍ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ലിജിയെയും സഹോദരിയെയും സംബന്ധിച്ച് കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല. ലിജിയുടെ ചേച്ചി ബ്ലഡ് ക്യാന്‍സറിന് കഴിഞ്ഞ 15 വര്‍ഷമായി ചികിത്സയിലാണെന്ന് കൂടി അറിയുമ്പോഴാണ് ഈ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ നമുക്ക് നൊമ്പരമാകുന്നത്.

ലിജി പത്രത്തില്‍ അപേക്ഷ ഇടുന്ന കാര്യം പറഞ്ഞുവെങ്കിലും മലയാളംപത്രികയില്‍ 'സഹായനിധി'കള്‍ ഇതുവരെ കൊടുത്തു തുടങ്ങാത്ത സ്ഥിതിക്ക് എന്തുചെയ്യണമെന്ന് ഞാന്‍ വിഷമിച്ചു. എന്തായാലും ലിജിയുടെ ചോദ്യം ഉള്ളുലച്ച് ഒപ്പമുണ്ടായിരുന്നതിനാല്‍ 'ഇ മലയാളി'യിലെ ജോര്‍ജ് ജോസഫ് സാറിനെ ഞാന്‍ വിവരം ധരിപ്പിച്ചു. 'നമുക്ക് അപേക്ഷ കൊടുത്തു നോക്കാം' എന്ന് സാര്‍ പറഞ്ഞപ്പോള്‍ അപേക്ഷയെഴുതി 'ഇമലയാളി'യില്‍ പ്രസിദ്ധീകരിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും വിളിയൊന്നും വന്നില്ല. അപ്പോഴേക്കും കാരിത്താസില്‍ ലിജിയുടെ ഓപ്പറേഷന്‍ ദിനമെത്തിയിരുന്നു. എവിടുന്നൊക്കെയോ കടമായും മറ്റും പണം സംഘടിപ്പിച്ച് ഓപ്പറേഷന്‍ നടന്നു. വീണ്ടും ഞാന്‍ ജോര്‍ജ് ജോസഫ് സാറിനോട് വിവരം പറഞ്ഞു, സാര്‍ പറഞ്ഞു ''ഒരു തവണകൂടി അപേക്ഷ പബ്ലിഷ് ചെയ്ത് നോക്കാം, ആരെങ്കിലും സഹായ ഹസ്തം നീട്ടാതിരിക്കില്ല'' എന്ന്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഫോമയുടെ വനിതാ സാരഥി ഡോ. സാറാ ഈശോയുടെയും ടീമിന്റെയും സ്‌നേഹസ്പര്‍ശം ഈ പെണ്‍കുട്ടിയെ തേടിയെത്തുന്നത്. 

മാസങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സംശയിച്ച് മെഡിക്കല്‍ കോളജില്‍ ലിജി ചെക്കപ്പിനു പോയിരുന്നെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞവരെ മടക്കിയയച്ചിരുന്നു, ആശുപത്രി അധികൃതര്‍. വീണ്ടുമിപ്പോള്‍ മൂന്നു നാലു മാസങ്ങള്‍ക്കു ശേഷമാണ് ആശങ്കപ്പെട്ടതുപോലെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് ചികിത്സയിലെ ഈ കാലതാമസമാണ് സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും അടിയന്തിരമായി കാരിത്താസ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ലിജിയെ പ്രേരിപ്പിച്ചത്.
ലിജിയുടെ കീമോതെറാപ്പി ജൂണ്‍ 14ന് തുടങ്ങുകയാണ്. തുടര്‍ ചികിത്സകളില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്താന്‍ നിങ്ങളുടെ പ്രാര്‍ഥനകളും സ്‌നേഹവും ലിജിക്ക് തുണയാകട്ടെ. 

ഫോമ വനിതാഫോറം ചാരിറ്റി സാരഥികള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍, നിറഞ്ഞ മനസോടെ, നിറമിഴികളോടെ ലിജി പങ്കുവച്ച സ്‌നേഹം ഞാനിവിടെ കുറിക്കുന്നു. അവരുടെ പ്രവര്‍ത്തനവഴികളില്‍ ലിജിയുടെ പേരിലും എന്റെ പേരിലും പ്രാര്‍ഥനകളും വിജയങ്ങളും ആശംസിക്കട്ടെ. കാരുണ്യത്തിന്റെ സുവിശേഷം ഫോമാ സാരഥികളിലൂടെ ഇനിയും നാട്ടിലെങ്ങും പകരട്ടെ.
കാരുണ്യ വര്‍ഷമായി ഫോമയുടെ പെണ്‍കരുത്ത്: കനിവിന്‍ തലോടലായ് ഈ സ്‌നേഹസ്പര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക