Image

ഇരുപതാം വാര്‍ഷികം ആഘോഷിച്ച് ശാന്തിഗ്രാം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 07 June, 2018
ഇരുപതാം വാര്‍ഷികം ആഘോഷിച്ച് ശാന്തിഗ്രാം
ആയുര്‍വേദ, പഞ്ചകര്‍മ ചികിത്സാ രംഗത്ത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ സാന്നിധ്യമറിയിച്ച ശാന്തിഗ്രാം കേരള ആയുര്‍വേദിക് കമ്പനിയുടെ ഇരുപതാം വാര്‍ഷികാഘോഷം ന്യൂഡല്‍ഹിയില്‍ നടന്നു. ന്യൂ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലുള്ള ലേ പസഫിക് ബാങ്കെറ്റ് ഹാളിലായിരുന്നു വാര്‍ഷികാഘോഷം.

1998 ല്‍ ഡോ.ഗോപിനാഥന്‍ നായരുടെയും ഡോ. അംബിക നായരുടെയും നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലാണ് ശാന്തിഗ്രാം സ്ഥാപിതമായത്. 2006 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ യു.കെയിലേക്ക് വ്യാപിപ്പിച്ച ശാന്തിഗ്രാം 2007 ല്‍ യു.എസിലും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇന്ത്യക്കു പുറമെ ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഇല്ലിനോയിസ്, വിസ്‌കോസിന്‍ എന്നീ അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലും നിലവില്‍ ശാന്തിഗ്രാം പ്രവര്‍ത്തിക്കുന്നുണ്ട്.

ശാന്തിഗ്രാം കമ്പനി ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, അഭ്യുദയകാംക്ഷികള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ 250 ലധികം അതിഥികള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങില്‍ സ്ഥാപിത ഡയറക്ടര്‍ ഡോ. അംബിക നായര്‍ സ്വാഗതമാശംസിച്ചു. ഡയറക്ടറും എം.ഡിയുമായ ഡോ.ഗോപിനാഥന്‍ നായര്‍ കമ്പനിയുടെ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. 20 വര്‍ഷത്തെ യാത്രയില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അനുസ്മരിച്ച അദ്ദേഹം എല്ലാ തടസങ്ങളെയും അതിജീവിച്ച് വിജയം കൈവരിച്ചതില്‍ അതിയായ അഭിമാനം തോന്നുന്നുവെന്നും തങ്ങളുടെ ഉപഭോക്താക്കള്‍, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികളടക്കമുള്ള നിസ്വാര്‍ത്ഥരായ ഒരു ടീമിന്റെ പിന്തുണയാണ് വിജയത്തിനു പിന്നിലെന്നും വ്യക്തമാക്കി.

പ്രമുഖ സംഗീത സംവിധായകനും നിര്‍മാതാവുമായ പത്മശ്രീ ജവഹര്‍ വട്ടാല്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ നിരവധി ഉപഭോക്താക്കള്‍ തങ്ങളുടെ വളരെ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിച്ചതില്‍ ശാന്തിഗ്രാമിനോടും ഡോ. അംബിക നായരോഗ്യമുള്ള നന്ദി രേഖപ്പെടുത്തി.

ജീവിതത്തിന്റെ പ്രസരിപ്പും നല്ല ആരോഗ്യവും ആഘോഷിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആഘോഷം. ഡോ. അനുരാഗ് നായരുടെയും ശാന്തിഗ്രാം ഡറക്ടര്‍മാരുടെയും നേതൃത്വത്തില്‍ വിഷയം അവതരിപ്പിച്ചു. ശാന്തിഗ്രാം ആയുര്‍വേദ ട്രെയിനിങ് സ്കൂളിന്റെയും ശാന്തിഗ്രാം ഹെര്‍ബല്‍ പ്രൊഡക്ടിന്റെയും ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ശാന്തിഗ്രാമിന്റെ ഇന്ത്യയിലെ 20 വര്‍ഷത്തെ യാത്രയില്‍ പിന്തുണയും സഹായവും നല്‍കിയ 15 പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്ഥാപനത്തില്‍ പത്തിലധികം വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കായി അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ പ്രമുഖ സംഗീത ഗ്രൂപ്പിന്റെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു. ചെയര്‍മാന്‍ ഡോ.ഗോപിനാഥന്‍ നായര്‍ നന്ദി പറഞ്ഞതോടെ ഇരുപതാം വാര്‍ഷിക പരിപാടികള്‍ക്ക് സമാപനമായി.
ഇരുപതാം വാര്‍ഷികം ആഘോഷിച്ച് ശാന്തിഗ്രാംഇരുപതാം വാര്‍ഷികം ആഘോഷിച്ച് ശാന്തിഗ്രാംഇരുപതാം വാര്‍ഷികം ആഘോഷിച്ച് ശാന്തിഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക