Image

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; ചര്‍ച്ചയ്ക്കായി കേന്ദ്രനേതാക്കള്‍ ഇന്നെത്തും

Published on 07 June, 2018
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; ചര്‍ച്ചയ്ക്കായി കേന്ദ്രനേതാക്കള്‍ ഇന്നെത്തും
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കേന്ദ്രനേതാക്കള്‍ ഇന്ന് എത്തും. അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ ഐക്യത്തില്‍ എത്തിച്ചേരാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ തല്‍സ്ഥാനത്തേക്ക് പുതിയ ആളെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നേതൃത്വം പാടുപെടുകയാണ്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് ശക്തമായതിനാല്‍ എല്ലാവര്‍ക്കും സമ്മതനായ ഒരാളെ കണ്ടെത്താന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
കേന്ദ്ര നേതൃത്വത്തിലുള്ള ആര്‍എസ്എസ് നേതാക്കളെ സംസ്ഥാനത്തിലേക്ക് കൊണ്ടുവരുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാവുമെന്ന് ആശങ്കയിലാണ് സംസ്ഥാന നേതാക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത് തീരുമാനം പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇതിനായി കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി. എന്നിവരാണ് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. കാച്ചി ബി.ടി.എച്ചില്‍ ഇവര്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി നേതാക്കളുമായി ആദ്യം ചര്‍ച്ച നടത്തും. 

തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളില്‍നിന്നും ജില്ലാ പ്രസിഡന്റുമാരില്‍നിന്നും അഭിപ്രായം സ്വീകരിക്കും. സംസ്ഥാനത്തെ ആര്‍.എസ്.എസ്. നേതാക്കളുമായും ഇവര്‍ ആശയവിനിമയം നടത്തും.

കൃഷ്ണദാസ് പക്ഷം എം.ടി. രമേശിന്റെയും മുരളീധര വിഭാഗം കെ. സുരേന്ദ്രന്റെയും പേരുകളാവും നേതാക്കള്‍ക്കു മുന്നില്‍ വയ്ക്കുക. ഈ പേരുകളുമായാണ് നേതാക്കള്‍ വരുന്നതുതന്നെ. ഇക്കാര്യത്തില്‍ ഒരു സമവായത്തിലെത്തിക്കാനാവും അവര്‍ ശ്രമിക്കുക. അതിനു കഴിയുന്നില്ലെങ്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് ചുമതല നല്‍കാനുള്ള സാധ്യതകളും നേതാക്കള്‍ കാണുന്നുണ്ട്. നിലവിലുള്ള കമ്മിറ്റിക്ക് ആറു മാസം കൂടി കാലാവധി ഉള്ളതിനാല്‍ അതില്‍ അപാകമില്ല.

കുമ്മനം രാജശേഖരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതുപോലെ, ഇരു ഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പുറമെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ആളെ കൊണ്ടുവരുന്ന കാര്യവും കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്. എന്നാല്‍, ഇവിടത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളെ സംസ്ഥാനത്തിനകത്തുനിന്നുതന്നെ കണ്ടെത്തുന്നതിനും ആലോചന നടക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ കേട്ട് മടങ്ങുന്ന കേന്ദ്രസംഘം, ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക