Image

15 കോടി രൂപയുടെ മദ്യം ബീവറേജസ്‌ കോര്‍പ്പറേഷന്‍ ഒഴുക്കികളയുന്നു

Published on 08 June, 2018
 15 കോടി രൂപയുടെ മദ്യം ബീവറേജസ്‌ കോര്‍പ്പറേഷന്‍ ഒഴുക്കികളയുന്നു

15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം ബീവറേജസ്‌ കോര്‍പ്പറേഷന്‍ ഒഴുക്കികളയുന്നു.മദ്യം നശിപ്പിച്ചുകളയാന്‍ നികുതി വകുപ്പ്‌ അനുവാദം കൊടുത്ത സാഹചര്യത്തിലാണ്‌ നടപടികളുമായി മുന്നോട്ടു പോകാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്‌.

യു.ഡി.എഫ്‌. ഭരണകാലത്ത്‌ ബാറുകള്‍ പൂട്ടിയ സമയത്ത്‌ റെയ്‌ഡുകളിലും മറ്റും പിടിച്ചെടുത്ത മദ്യമാണ്‌ ഇത്തരത്തില്‍ ഒഴുക്കി കളയാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്‌. ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത്‌ സുരക്ഷിതമല്ലെന്ന നിലപാടാണ്‌ കോര്‍പ്പറേഷനുള്ളത്‌. ഏതാണ്ട്‌ രണ്ട്‌ വര്‍ഷത്തോളമായി ഈ മദ്യം ബീവറേജസില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

ബാറുകള്‍ പൂട്ടിയിരുന്ന സമയത്ത്‌ സര്‍ക്കാരും ബാറുടമകളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അതുകൊണ്ട്‌ തന്നെ അവരില്‍നിന്ന്‌ പിടിച്ചെടുത്ത മദ്യം സുരക്ഷിതമല്ലെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടും സര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ സാഹചര്യം കൂടി പരിഗണിച്ചാണ്‌ ഇപ്പോള്‍ മദ്യം ഒഴുക്കി കളയുന്നത്‌.

ബീവറേജസ്‌ കോര്‍പറേഷന്റെ 23 സംഭരണ കേന്ദ്രങ്ങളിലാണ്‌ മദ്യം സൂക്ഷിച്ചിരിക്കുന്നത്‌. വിസ്‌കി, ബ്രാന്‍ഡി, റം, ബിയര്‍, വൈന്‍ എന്നിവയുടെ അന്‍പതോളം ബ്രാന്‍ഡുകളിലുള്ള മദ്യമാണ്‌ ഒഴുക്കി കളയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക