ബ്രിസ്ബേന്‍: ഹോളിവുഡ് മൂവികളുടെ ഇഷ്ടലൊക്കേഷനായി മാറിയ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നും ഒരു മലയാളം മിനി മൂവി. നവാഗതനായ ഡോ. വിജയ് മഹാദേവന് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിംപോളിക് ത്രില്ലര്‍ ചിത്രം കിവുഡയുടെ പുതുമകള്‍ ഇതുകൊണ്ട് മാത്രം തീരുന്നില്ല. ഓസ്ട്രേലിയ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം ഒരു പോലീസ് ഓഫീസറും ചിത്രത്തില്‍ വേഷമിടുന്നു.
ഗോള്‍ഡ് കോസ്റ്റിനു പുറമെ ഇന്ത്യയിലും ദുബായിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം, സൗണ്ട്, കളര്‍ ഗ്രേഡിംഗ് തുടങ്ങിയവ നിര്‍വഹിച്ച സാങ്കേതിക പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതുകൊണ്ടു തന്നെ വന്‍കിട ചിത്രങ്ങളുടെ ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുക. ലോകത്തെ നടുക്കിയ കൂട്ടക്കുരുതി ആധാരമാക്കി രചിച്ച ചിത്രത്തിന്റെ പേരിലുമുണ്ട് പുതുമ. കാനഡയില്‍ ബധിരന് എന്ന് അര്‍ഥം വരുന്ന കിവുഡ എന്നാണ് പേരിട്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ മെഡിക്കല്‍ സെപ്ഷലൈസ്ഡ് ഫെല്ലോഷിപ്പ് എക്സാമില്‍ ടോപ്പ് സ്കോറില്‍ അവാര്‍ഡ് നേടിയ ഏക മലയാളി എന്ന നിലയില്‍ ശ്രദ്ധേയനാണ് ഡോ. വിജയ്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് ഫെയിം പ്രവീണ്‍ പ്രഭാകരാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
പ്രതിഭാധനരായ ഒരു സംഘം പ്രഫഷണലുകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ചിത്രത്തിന് ഒന്നേകാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. ഓസ്ട്രേലിയന്‍ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ് ഉം വണ്‍ ഡ്രോപ് ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍രിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യുമെന്ന് ഏഷ്യാ ഡയറക്ടര്‍ ഡോ. അമീര്‍ ഹംസ പറഞ്ഞു.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്