Image

മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ഓഗസ്റ്റ് 25, 26 തീയതികളില്‍

Published on 08 June, 2018
മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ഓഗസ്റ്റ് 25, 26 തീയതികളില്‍

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ഓഗസ്റ്റ് 25, 26 തീയതികളില്‍ നടക്കും. ലോക കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ അയര്‍ലന്‍ഡില്‍ എത്തുന്നത്. 

അലിറ്റാലിയ വിമാനത്തില്‍ 25 നു രാവിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മാര്‍പാപ്പ പ്രത്യേക വാഹനത്തില്‍ ഡബ്ലിന്‍ നഗരത്തിലൂടെ യാത്ര നടത്തും. തുടര്‍ന്നു ഫീനിക്‌സ് പാര്‍ക്കിലുള്ള ഐറിഷ് പ്രസിഡന്റിന്റെ വസതിയില്‍ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സുമായി കൂടിക്കാഴ്ച നടത്തും.

ഡബ്ലിന്‍ കാസിലില്‍ പ്രധാനമന്ത്രി ലിയോ വരാദ്ക്കര്‍ ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ, ഡബ്ലിന്‍ പ്രോ കത്തീഡ്രലില്‍ ആര്‍ച്ബിഷപ് ഡര്‍മിറ്റ് മാര്‍ട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കപ്പുച്ചിന്‍ ഡേ സെന്ററിലെത്തി അവിടുത്തെ സേവനപ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണും. വൈകുന്നേരം ഡബ്‌ളിന്‍ ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന ലോക കുടുംബ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന ഒരു ലക്ഷത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

26 നു രാവിലെ അയര്‍ലന്‍ഡിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. തിരിച്ചു ഡബ്‌ളിനിലെത്തുന്ന മാര്‍പാപ്പ ഉച്ചകഴിഞ്ഞു ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. രാത്രി എട്ടോടെ മാര്‍പാപ്പ റോമിലേക്ക് തിരിച്ചുപോകും.

കനത്ത സുരക്ഷായാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഒരുക്കുന്നത്. മാര്‍പാപ്പയോടൊപ്പം വത്തിക്കാന്റെ 100 പത്ര പ്രവര്‍ത്തകരും സുരക്ഷ ഒരുക്കുന്ന സ്വിസ് ഗാര്‍ഡുകളും കൂട്ടിനുണ്ടാകും. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. അഞ്ഞൂറോളം മലയാളികളുള്‍പ്പെടെ നൂറുകണക്കിന് വോളണ്ടിയേഴ്‌സിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക