Image

രാജ്യസഭാ സീറ്റ്‌ തീരുമാനത്തില്‍ വിമര്‍ശനവുമായി ബല്‍റാം

Published on 09 June, 2018
രാജ്യസഭാ സീറ്റ്‌ തീരുമാനത്തില്‍ വിമര്‍ശനവുമായി ബല്‍റാം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിന്‌ നല്‍കാനുള്ള യു.ഡി.എഫ്‌ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.

ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തില്‍ അപകടകരമായ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിന്‌ ഏത്‌ നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ്‌ യു.ഡി.എഫിനെ വഞ്ചിച്ച്‌ പുറത്തു പോയ, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഇന്നലെ വൈകുന്നേരം വരെ സി.പി.ഐ.എമ്മിനെ പിന്തുണച്ചിരുന്ന, ബത്തേരിയില്‍ ഇപ്പോഴും സി.പി.എമ്മിനെ പിന്തുണക്കുന്ന, കേരള കോണ്‍ഗ്രസ്‌ (മാണി) എന്ന പാര്‍ട്ടിക്ക്‌ നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച്‌ അപമാനകരമാണെന്നും വി.ടി ബല്‍റാം പറയുന്നു.

മാണി പാര്‍ട്ടിക്ക്‌ സീറ്റ്‌ നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന്‌ അറിയില്ല. ഏതായാലും കോണ്‍ഗ്രസിനകത്ത്‌ വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും ഇതേക്കുറിച്ച്‌ നടന്നിട്ടില്ല എന്നതാണ്‌ വാസ്‌തവം.

കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കള്‍ക്ക്‌ മാത്രമാണ്‌ ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം. ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത്‌ മാന്‍ഡേറ്റാണ്‌ ഈപ്പറഞ്ഞ നേതാക്കള്‍ക്കുള്ളത്‌ എന്ന്‌ മനസ്സിലാവുന്നില്ല.

രണ്ട്‌ ഗ്രൂപ്പുകളുടെ നേതാക്കള്‍ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താല്‍ അത്‌ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും വി.ടി ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക