Image

പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്റ്റു പദ്ധതി; മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അടവെന്ന്‌ മാവോയിസ്റ്റുകള്‍

Published on 09 June, 2018
പ്രധാനമന്ത്രിയെ വധിക്കാന്‍  മാവോയിസ്റ്റു പദ്ധതി; മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അടവെന്ന്‌ മാവോയിസ്റ്റുകള്‍


ഹൈദരബാദ്‌: പ്രധാനമന്ത്രിയെ വധിക്കാനായി മാവോയിസ്റ്റുകള്‍ പദ്ധതി ആസൂത്രണം ചെയ്‌തുവെന്ന പുണെ പൊലീസിന്‍റെ ആരോപണത്തെ തള്ളിക്കളഞ്ഞ്‌ മാവോയിസ്റ്റ്‌ നേതാവ്‌ പി. വരവര റാവു. മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്‌ ഇത്തരമൊരു ആരോപണം. പദ്ധതിയെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കത്ത്‌ പൂണെ പൊലീസ്‌ പിടിച്ചെടുത്തുവെന്ന വാര്‍ത്തയും വരവര റാവു നിഷേധിച്ചു.

സത്യം പറഞ്ഞാല്‍ ഒരു പ്രധാനമന്ത്രിയെ വധിക്കുന്നതിനുവേണ്ട ശേഷിയൊന്നും ഇന്ത്യയിലെ മാവോയിസ്റ്റ്‌ പ്രസ്ഥാനത്തിനില്ല. പദ്ധതിയുടെ പേരില്‍ പൂണെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ഗാഡ്‌ലിങ്‌, ജേക്കബ്‌ എന്നിവരെ തനിക്കറിയാം. രാഷ്ട്രീയ തടവുകാരെ പുറത്തിറക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്‌ അവര്‍. കൊലപാതക രാഷ്ട്രീയവുമായി അവര്‍ക്ക്‌ ഒരു ബന്ധവുമില്ല ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ റാവു പറഞ്ഞു.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ല. ഇതിന്‍റെ പേരില്‍ പൊലീസിന്‌ തന്നെ അറസ്റ്റ്‌ ചെയ്യുകയോ വ്യാജകേസ്‌ ചുമത്തി ജയിലിടക്കുകയോ ചെയ്യാമെന്നും റാവു പറഞ്ഞു.

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്‌ മാവോയിസ്റ്റുകളായ അഞ്ച്‌ പേരെ പൊലീസ്‌ വ്യാഴാഴ്‌ച അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതിലൊാളായ റോണ വില്‍സണ്‍ ജേക്കബിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും കത്ത്‌ ലഭിച്ചതായാണ്‌ പുണെ പൊലീസിന്‍റെ അവകാശവാദം. രാജീവ്‌ ഗാന്ധിയെ വധിച്ചതുപോലെ മോദിയേയും വധിക്കാമെന്നാണ്‌ കത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഇതിനായി എം.4 റെഫിളുകളും എട്ടുകോടിയോളം രൂപയുടെ വെടിക്കോപ്പുകളും വാങ്ങണമെന്ന്‌ പറയുന്നതായും പുണെ പൊലീസ്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക