Image

സുധീരന്റെ പ്രതികരണം സമനില തെറ്റിയവരെപ്പോലെയെന്ന് കെ.സി ജോസഫ്

Published on 09 June, 2018
സുധീരന്റെ പ്രതികരണം സമനില തെറ്റിയവരെപ്പോലെയെന്ന് കെ.സി ജോസഫ്
യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിച്ചതിനെതിരായ കലാപം തുടരുന്നു. സീറ്റ് വിട്ടുകൊടുത്തതിന് പിന്നില്‍ വന്‍ അട്ടിമറി നടന്നുവെന്ന വി.എം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി ജോസഫ് രംഗത്ത് വന്നു.
സുധീരന്റെ പ്രതികരണം സമനില തെറ്റിയവരെപ്പോലെയാണെന്ന് കെ.സി ജോസഫ് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണം. കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നയാളെന്ന കാര്യം വി.എം സുധീരന്‍ മറക്കരുത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാകണമെന്ന പഴയ വാക്കുകള്‍ സുധീരന്‍ ഓര്‍ക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു.
രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന് അവസാന നിമിഷം വരെ പറഞ്ഞവര്‍ മറിച്ച് തീരുമാനം എടുത്തത് ദുരൂഹമാണെന്നും ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്നും സുധീരന്‍ ആരോപിച്ചിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തം. കോണ്‍ഗ്രസില്‍ മുമ്ബും ഇങ്ങനെ തീരുമാനം എടുത്തിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. ആര്‍.എസ്.പിയെ മുന്നണിയില്‍ എടുക്കാനും കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കാനും അഞ്ച് നിമിഷം കൊണ്ടാണ് തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അങ്ങനെ അല്ലെന്ന് പഴയ പത്ര കട്ടിങ്ങുകള്‍ വാര്‍ത്താ ലേഖകര്‍ക്ക് നല്‍കി സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി എക്‌സിക്യൂട്ടീവിലടക്കം ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനം എടുത്തത്. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമാനതകളില്ലാത്ത പ്രതിഷേധമുണ്ട്. അത് പ്രകടിപ്പിക്കുമ്‌ബോള്‍ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് തള്ളുന്നതില്‍ കാര്യമില്ല. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയതിന് ധനമന്ത്രിസ്ഥാനം രാജിവച്ച കാര്യമൊന്നും ആരും മറന്നു പോകരുതെന്നും ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക