Image

കോണ്‍ഗ്രസിനോട് പറയുന്നത് ഡോ: എസ്. എസ്. ലാല്‍

Published on 09 June, 2018
 കോണ്‍ഗ്രസിനോട് പറയുന്നത്  ഡോ: എസ്. എസ്. ലാല്‍
കോണ്‍ഗ്രസ് നന്നാവുകയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിന് ഭരണം കിട്ടുക എന്നല്ല അര്‍ത്ഥം. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടത്. ഭരണവും സീറ്റുകളും അല്ല ഒരു പാര്‍ട്ടിയുടെ പ്രസക്തിയും നിലനില്‍പ്പിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍ സി.പി.എം. എന്നേ പണി മതിയാക്കേണ്ടതാണ്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലൂടെ കയ്യിലുള്ള സംസ്ഥാനങ്ങളും സീറ്റുകളും ഒക്കെ പോയെങ്കിലും ആ പാര്‍ട്ടി ഒരു പാര്‍ട്ടിയായിത്തന്നെ തുടരുന്നു. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ നാട്ടില്‍ കോണ്‍ഗ്രസ് ആവശ്യമാണ്. കോണ്‍ഗ്രസിനുമാത്രം ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങളും പരിഹരിക്കാന്‍ കഴിയുന്ന വലിയ പ്രശ്‌നങ്ങളും രാജ്യത്തുണ്ട്. അത് കോണ്‍ഗ്രസ് നേതാക്കളാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ മറ്റു പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും അത് അനുഭവത്തിലൂടെ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

ഭരണം നഷ്ടപ്പെട്ടാല്‍ അത് അംഗീകരിച്ച് പ്രതിപക്ഷത്തു തുടരാനുള്ള മാന്യതയും ക്ഷമയും കോണ്‍ഗ്രസിനെങ്കിലും വേണം. തിരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാന്‍ അനുവദിക്കണം. പ്രതിപക്ഷമെന്നാല്‍ സി.പി.എം. രീതികള്‍ അല്ല. ആരുഭരിച്ചാലും ഭരണം നമ്മള്‍ ജനങ്ങള്‍ മുഴുവന്‍ പേര്‍ക്കും വേണ്ടിയാണ്, അല്ലാതെ ഭരിക്കുന്ന പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയല്ല. ഭരണത്തില്‍ തെറ്റുപറ്റുമ്പോള്‍ ചൂണ്ടിക്കാണിക്കുക. എതിര്‍ക്കുക. പ്രതിഷേധിക്കുക. ഭരിക്കുന്നവരെക്കൊണ്ട് തിരുത്തിക്കുക. അതിന് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും മാദ്ധ്യമങ്ങളും നിയമസഭയും ഉണ്ട്. അല്ലാതെ, സി.പി.എം. ചെയ്തതുപോലെ എല്ലാ ദിവസവും സെക്രട്ടേറിയറ്റിനുമുന്നില്‍ നാടന്‍ ബോംബെറിയുന്നുതും വഴിയേ പോയവനെല്ലാം തല്ലുവാങ്ങിക്കൊടുക്കുന്നതുമല്ല പ്രതിപക്ഷ രാഷ്ട്രീയം. കോണ്‍ഗ്രസിന് അതിന്റെ ആവശ്യമില്ല. പുതിയ തലമുറയെ പഠിപ്പിക്കേണ്ടതും അതല്ല.

പോലീസിനെ കമ്പുകൊണ്ട് തോണ്ടിയും കല്ലെറിഞ്ഞും വെടിവെയ്പുണ്ടാക്കി രക്തസാക്ഷിയെ ഉണ്ടാക്കിയല്ല കോണ്‍ഗ്രസ് (ഒരു പാര്‍ട്ടിയും) വളരേണ്ടത്. ഈ കോപ്രായങ്ങള്‍ കാണിക്കാതെ തന്നെ ഒരുപാട് യഥാര്‍ത്ഥ ത്യാഗങ്ങളുടെ ചരിത്രം ഈ പാര്‍ട്ടിക്കുണ്ട്. അക്രമമൊക്കെ സി.പി.എമ്മിന് വിട്ടുകൊടുക്കുക. അവരിലെ വലിയ ചട്ടമ്പിമാരെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനം വീട്ടിലിരുത്തിയതും എല്ലാരും കണ്ടതാണ്.

സി.പി.എമ്മിന് വേണ്ടാത്ത എച്ചില്‍ തിന്നാന്‍ കോണ്‍ഗ്രസ് തയാറാകരുത്. പിന്തിരിപ്പന്മാരെയും ക്ഷുദ്രശക്തികളെയും ഉപേക്ഷിക്കണം. അതിനുള്ള അവസരമാണിത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നാടിന് മൊത്തത്തില്‍ ഗുണമുണ്ടാകുന്ന തരത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കണം. ഒറ്റയ്‌ക്കെങ്കില്‍ ഒറ്റയ്ക്ക്. നല്ല സ്ഥാനാര്‍ത്ഥികളെക്കണ്ടാല്‍ ജനം ജയിപ്പിക്കും. കോണ്‍ഗ്രസ് സംവിധാനം നിര്‍ജീവമായിരുന്നപ്പോഴും നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരുള്ള നാടാണിത്. ജനം അംഗീകരിക്കുന്ന ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാസ്ഥാനാര്‍ത്ഥികളാക്കി കോണ്‍ഗ്രസ് മാതൃക കാണിക്കണം. പാര്‍ലമെന്റില്‍ പോയാല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും ഇടപെടാനും കഴിയുന്നവരെ സ്ഥാനാര്‍ഥികളാക്കണം. തമാശക്കാരെ സ്ഥാനാര്‍ത്ഥികളാക്കുന്ന സി.പി.എം. പോലും ആ പരിപാടി മതിയാക്കുമെന്നാണ് കേട്ടത് :) പാര്‍ലമെന്റ് തമാശ കാണിക്കാനുള്ള സ്ഥലമല്ല. ജനങ്ങളുടെ നികുതിയാണ് അവിടത്തെ ഓരോ നിമിഷവും.

ഭരണം കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യം ചിലര്‍ ചോദിച്ചേക്കും. തൊഴിലുകള്‍ ചെയ്യുക. തെരഞ്ഞെടുപ്പ് തോല്‍ക്കുമ്പോള്‍ കയ്യിലുള്ള നിയമ പുസ്തകങ്ങള്‍ പൊടിതട്ടിയെടുത്ത് കോടതിയില്‍ പോകുക. അതില്ലെങ്കില്‍ അറിയുന്ന മറ്റെന്തെങ്കിലും പണി ചെയ്യുക. കുടുംബസ്വത്തുപോലും ഇല്ലാത്ത കോണ്‍ഗ്രസുകാരായ ഞങ്ങളൊക്കെ അങ്ങനെയാണ് ജീവിക്കുന്നത്.

സി.പി.എം. സുഹൃത്തുക്കള്‍ വിഷമിക്കരുത്, ഞാനിത് കോണ്‍ഗ്രസുകാരോട് പറഞ്ഞതാണ്. 

 കോണ്‍ഗ്രസിനോട് പറയുന്നത്  ഡോ: എസ്. എസ്. ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക