Image

പ്രവീണ്‍ വധക്കേസിനെ വഴിതിരിച്ചു വിടാനുള്ള പ്രതിഭാഗം വക്കീലിന്റെ ശ്രമത്തെ ഇല്ലാതാക്കി.

അനില്‍ പെണ്ണുക്കര Published on 10 June, 2018
പ്രവീണ്‍ വധക്കേസിനെ വഴിതിരിച്ചു വിടാനുള്ള പ്രതിഭാഗം വക്കീലിന്റെ ശ്രമത്തെ  ഇല്ലാതാക്കി.
പ്രവീണ്‍ വധക്കേസിന്റെ വിചാരണ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നെന്ന് ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്ക്. വ്യാഴാഴ്ച നടന്ന വിചാരണ വേളയില്‍ പ്രതിയായ ജോര്‍ജ് ബത്തൂണിന്റെ വക്കീല്‍ മൈക്കല്‍ വെപ്‌സിക് തെറ്റായ വിചാരണ നടത്തിയതായി കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീലിന്റെ ഈ നീക്കത്തെ കോടതി ശക്തമായി എതിര്‍ക്കുകയും നിഷേധിക്കുകയും ചെയ്തു. സൗത്തേണ്‍ ഇലിനോയ്‌സ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ജോര്‍ജ് ബത്തൂണ്‍. 2014 ഫെബ്രുവരി 18 ന് കാര്‍ബോണ്ടേലിലെ വനപ്രദേശത്ത് നിന്നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടത്.

മൈക്കല്‍ വെപ്‌സികിന്റെ ഈ തെറ്റായ നീക്കത്തെ കോടതി ചോദ്യം ചെയ്തു. വക്കീലിന്റെ അസാന്നിധ്യത്തില്‍ പോലും പോലീസുമായുള്ള അഭിമുഖത്തിന് സമ്മതിച്ച തന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്ന് വെപ്‌സിക് പറഞ്ഞു. കാര്‍ബോണ്ടേല്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഡിറ്റക്റ്റീവ് ബ്രാന്‍ഡോണ്‍ വെയ്സണ്‍ബര്‍ഗര്‍ ബത്തൂണുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ കോടതിയില്‍ ഹാജരാക്കി. സംഭവദിവസം പാര്‍ട്ടിക്ക് ശേഷം ബത്തൂണ്‍ പ്രവീണുമായി കാറില്‍ യാത്ര ചെയ്തിരുന്നുവെന്നും യാത്രക്കിടയില്‍ പ്രവീണുമായി അധികം സംസാരിച്ചില്ലെന്നും പ്രവീണ്‍ കൂടുതല്‍ സമയവും ഫോണ്‍ സംഭാഷണത്തില്‍ മുഴുകിയിരുന്നെന്നും വിഡിയോയില്‍ ബത്തൂണ്‍ പറഞ്ഞു. കൂടാതെ ഫോണില്‍ കൊക്കയ്നിനെക്കുറിച്ചാണ് പ്രവീണ്‍ സംസാരിച്ചിരുന്നതെന്നും ബത്തൂണ്‍ സൂചിപ്പിച്ചു.

എന്നാല്‍ പ്രവീണിന്റെ കാള്‍റെക്കോര്‍ഡ്സ് പരിശോധിച്ച ഡിറ്റക്റ്റീവ് ബത്തൂണിന്റെ കാറില്‍ പ്രവീണ്‍ ഉണ്ടായിരുന്ന സമയത്ത് കോളുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. കാറില്‍ വെച്ചുണ്ടായ കലഹത്തിന്റെ പേരില്‍ പ്രവീണിന്റെ തലക്കടിച്ചെന്നും ബത്തൂണ്‍ വീഡിയോയില്‍ പറഞ്ഞു.

പ്രവീണിന്റെ മൃതദേഹം കണ്ടെടുക്കുന്നതിനു വേണ്ടി ഡിറ്റക്റ്റീവ് ബത്തൂണില്‍ നിന്നും ബത്തൂണിന്റെ കസിന്‍ ജോനാഥാന്‍ സ്റ്റാന്‍ലിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബത്തൂണിനെതിരെ കോടതിയില്‍ ഹാജരായ 3 സാക്ഷികളില്‍ ഒരാളായ ഇലിനോയ്സിലെ സ്റ്റേറ്റ് ട്രൂപര്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍, ബത്തൂണും വര്‍ഗീസുമായി ഉണ്ടായിരുന്ന തര്‍ക്കത്തിന് ശേഷമാണ് സംഭവ സ്ഥലത്തെത്തുന്നത്. ഒരു കറുമ്പന് ലിഫ്റ്റ് കൊടുത്തെന്നും എന്നാല്‍ അയാള്‍ തന്നെ ആക്രമിച്ചു കാട്ടിലേക്ക് ഓടിപ്പോയെന്നും ബത്തൂണ്‍ പറഞ്ഞതായി ട്രൂപ്പര്‍ വ്യക്തമാക്കി. കാട്ടില്‍ അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബത്തൂണിന്റെ കാറിന്റെ വശത്തായി പണം വിതറിക്കിടന്നതായും ബത്തൂണിന്റെ മുഖത്ത് ചുവന്ന പാടുകള്‍ കണ്ടതായും താന്‍ ഓര്‍ക്കുന്നുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

വ്യാഴാഴ്ച നടന്ന വിചാരണയില്‍ അവസാനം പ്രവീണ്‍ വര്‍ഗീസിന് ഐ.എസ്.എസുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിഭാഗം വക്കീല്‍ വെപ്‌സിക് ശ്രമിച്ചത്. ഡിറ്റക്റ്റീവിനെ വിസ്തരിക്കുന്നതിനിടയില്‍ പ്രവീണിന്റെ മുറിയില്‍ നിന്നും എന്തൊക്കെ ലഭിച്ചെന്നു വെപ്‌സിക് ചോദിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഐ. എസ്.എസുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍ മുറിയില്‍ നിന്നും കിട്ടിയതായി ഡിറ്റക്റ്റീവ് പറഞ്ഞു.

പ്രവീണിന് ഐ.എസ്.എസ് ബന്ധമുണ്ടെന്ന പ്രതിഭാഗം വക്കീലിന്റെ ആരോപണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് വ്യാഴാഴ്ചയിലെ വിചാരണ അവസാനിച്ചത്. വെള്ളിയാഴ്ച നടന്ന വിചാരണയുടെ തുടക്കത്തില്‍ തന്നെ പ്രവീണിനെ ഐ.എസ്.എസ് ബാധമുള്ളതായി ചിത്രീകരിച്ചതിനെതിരെ റോബിന്‍സണ്‍ വാദങ്ങള്‍ ഉന്നയിച്ചു. കോടതിയുടെ സമ്മതത്തോടെ പ്രവീണിന്റെ റൂംമേറ്റായിരുന്ന കസിനെ വിസ്തരിച്ചു. ആ ചോദ്യം ചെയ്യലില്‍ നിന്നും പ്രവീണ്‍ ദിവസവും പള്ളിയില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും അച്ഛനമ്മമാരെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നതായി കോടതിക്ക് മനസിലായി. കൂടാതെ പ്രവീണ്‍ ഒരു ക്രിമിനല്‍ ജസ്റ്റിസ് സ്റ്റുഡന്റ് ആയതിനാല്‍ ടെററിസം വിഷയമാക്കി ഐ.എസ്എസിനെക്കുറിച്ചു ഒരു പ്രൊജക്റ്റ് ചെയ്തിരുന്നെന്നും കോടതിക്ക് ബോധ്യപ്പെട്ടു. പ്രവീണ്‍ വധക്കേസിനെ വഴിതിരിച്ചു വിടാനുള്ള പ്രതിഭാഗം വക്കീലിന്റെ ശ്രമത്തെ റോബിന്‍സണ്‍ ഇല്ലാതാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക