Image

പോയവള്‍.. (കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 11 June, 2018
പോയവള്‍.. (കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പിരിഞ്ഞകന്ന വേളയില്‍
നിനക്ക് പുതയ്ക്കുവാന്‍ നല്‍കിയതെന്‍
പ്രാണന്റെ കീറത്തുണി

എരിപുരണ്ട സന്ധ്യയില്‍
പൊന്‍തൂലികയില്‍നിന്നുരുണ്ടുവീണത്
മമ ഹൃദയനിണത്തുളളി

സ്മരണയിലെരിയുന്നത്:
പറക്കമുറ്റാത്ത വാക്കുകളെച്ചേര്‍ത്തണച്ച
നിറമറ്റ സായാഹ്നങ്ങള്‍

വിസ്മരിക്കാനാകാത്തത്:
താഴേക്കു ചാഞ്ഞുനിന്ന ചിന്തയാലെന്റെ
സ്വപ്നത്തിന്‍ ചിറകറ്റത്

യൗവ്വനം മധുരിക്കവേ,
നെഞ്ചിന്‍തുടിപ്പൊന്നുണരാന്‍മടിച്ചനാള്‍
നീയുണര്‍ത്തുപാട്ടായത്.

നീ നിത്യനിദ്രയിലെങ്കിലും
ഇന്നലത്തെപ്പോലകതാരില്‍ത്തെളിയുന്നു
നിന്നെഞാനറിഞ്ഞകാലം

കേള്‍ക്കുന്നതില്ലെയെന്‍
വാക്യത്തിലൂടൊരു വീണാവിലാപഗീതം;
മൊഴിവറ്റിയ നൊമ്പരം.
Join WhatsApp News
വിദ്യാധരൻ 2018-06-11 22:59:08
"വൃണിതഹൃദയത്തിന്റെ ദുർബലതന്തുവിൽ 
പ്രണയസുധ പൂശുമെൻ പുണ്യതിടമ്പിനെ -
അരുതരുതു വിസ്മരിച്ചീടുവാൻ , ജീവിത-
മതിരുചിരമാക്കുന്നതോന്നീസ്മരണതാൻ 
വിധിയൊടൊരുമട്ടൊക്കെ മല്ലടിച്ചീവിധം 
വിജനതയിലേകനായ് ഞാനിരുന്നീടവേ,
മധുരഹസിതാർദ്രമാനനം തെല്ലു ചാ-
ച്ചമൃതരസമൂറിടും നർമ്മസംഭാഷണാൽ 
കരളുരുകിയെത്തുമെൻ കണ്ണീർക്കണം തുട
ച്ചവളരികിൽ നില്പതായ്ത്തോന്നുന്നിതിപ്പൊഴും" (ഞങ്ങൾ -ഇടപ്പള്ളി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക