Image

അടിമാലിയില്‍ ജീപ്പ് കത്തി വ്യവസായി വെന്തു മരിച്ചു

Published on 11 June, 2018
അടിമാലിയില്‍ ജീപ്പ് കത്തി വ്യവസായി വെന്തു മരിച്ചു
അടിമാലി : ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചന്‍–52) വെന്തുമരിച്ചു. വെള്ളത്തൂവല്‍ – കൊന്നത്തടി റോഡില്‍ ലക്ഷ്മിവിലാസം ജംക്ഷനില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി, പള്ളിവാസലിലെ തോട്ടത്തില്‍ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബേബി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്.

വാഹനത്തിന്റെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ ജീപ്പില്‍ തീപടരുന്നതാണു കണ്ടത്. ചാറ്റല്‍മഴയുമുണ്ടായിരുന്നു. അയല്‍വാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു െ്രെഡവിങ് സീറ്റില്‍ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വെള്ളത്തൂവല്‍ പൊലീസ് എത്തി സ്ഥലം സീല്‍ ചെയ്തു. ജനറേറ്ററില്‍ ഉപയോഗിക്കാന്‍ ആനച്ചാലില്‍ നിന്നു ഡീസല്‍ വാങ്ങി ബേബി മാത്യു, വാഹനത്തില്‍ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡീസല്‍ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കിയില്‍ നിന്നു ഫൊറന്‍സിക് വിഭാഗം പരിശോധനയ്ക്കായി ഇന്ന് എത്തും. അമ്പഴച്ചാല്‍ പരേതരായ കോലത്തു മത്തച്ചന്‍–റോസക്കുട്ടി ദമ്പതികളുടെ മകനാണു ബേബി മാത്യു. ഭാര്യ: പൊന്മുടി കദളിക്കാട്ടില്‍ ആശ. മക്കള്‍: അമല്‍ബേബി, ജോസഫ് ബേബി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക