Image

എയര്‍സെല്‍മാക്‌സിസ്‌ കേസ്‌: കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ കുറ്റപത്രം സമര്‍പ്പിച്ചു

Published on 13 June, 2018
എയര്‍സെല്‍മാക്‌സിസ്‌ കേസ്‌: കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ കുറ്റപത്രം സമര്‍പ്പിച്ചു


ന്യുഡല്‍ഹി: എയര്‍സെല്‍മാക്‌സിസ്‌ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌ ഡയറക്ടറേറ്റ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയിലാണ്‌ ബുധനാഴ്‌ച കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസ്‌ ജൂലായ്‌ നാലിന്‌ കോടതി വീണ്ടും പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ്‌ കുറ്റപത്രം നല്‍കിയിരിക്കുന്നതെന്നാണ്‌ സൂചന. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കാര്‍ത്തിക്കു പുറമേ ആറോളം പേര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നാണ്‌ സൂചന. കാര്‍ത്തിയുടെ സ്ഥാപനത്തിലെ ഡയറക്ടര്‍മാരാണ്‌ മറ്റുള്ളവര്‍.

അതേസമയം, പി.ചിദംബരത്തിനെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ്‌ സൂചന. യുപിഎ ഭരണകാലത്ത്‌ നടന്ന ഇടപാടില്‍ വിദേശ നിക്ഷേപത്തിന്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്‌ അന്നത്തെ ധനമന്ത്രിയായ ചിദംബരവും അന്വേഷണം നേരിടുകയാണ്‌. ഇതിനകം രണ്ടു തവണ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്‌തുകഴിഞ്ഞു.

കേസില്‍ അനുബന്ധ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ്‌ നല്‍കുമോ എന്ന്‌ വ്യക്തമല്ല. കേസില്‍ ഫെബ്രുവരി 28ന്‌ കാര്‍ത്തി അറസ്റ്റിലായിരുന്നു. ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഉടനായിരുന്നു അറസ്റ്റ്‌. കാര്‍ത്തിക്ക്‌ പിന്നീട്‌ ജാമ്യം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക