Image

പതിനാറാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീത പ്രഭാഷകര്‍

Published on 13 June, 2018
പതിനാറാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീത പ്രഭാഷകര്‍
16-ാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീതരായ പ്രഭാഷകര്‍. ജൂലൈ 19-22 വരെ ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് പട്ടണത്തില്‍ ഹയാട്ട് റീജന്‍സി ഉഎണ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഐ.പി.സി. ഔദ്യോഗിക ഭാരവാഹികളെ കൂടാതെ ലോകപ്രശസ്തരായ പ്രസംഗകരുടെ ശുശ്രൂഷ മറക്കാനാവാത്ത ആത്മീയാനുഭവം നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ് വെണ്‍മണി, ഷിബു തോമസ് ഒക്കലഹോമ, കെ. എ. ജോണ്‍, ജേസന്‍ ഫ്രെന്‍ എന്നിവരാണ് മുഖ്യപ്രസംഗകര്‍. സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക്, ജെസ്സി സാജു എന്നിവര്‍ ശുശ്രൂഷിക്കും.

റവ. ബേബി വര്‍ഗീസ് (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ജെയിംസ് മുളവന (നാഷണല്‍ ട്രഷറര്‍), ബ്രദര്‍ ജെറി കെ. രാജന്‍ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ നാന്‍സി ഏബ്രഹാം (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ജനറല്‍ ജോയിന്റ് സെക്രട്ടറിയായ പാസ്റ്റര്‍ തോമസ് ഫിലിപ്പ്, അനുഗ്രഹീതനായ പ്രഭാഷകന്‍, സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ മലയാളി സമൂഹത്തിന് സുപരിചിതനാണ്.

സമകാലിക പെന്തെക്കോസ്തു പ്രസംഗ വേദികളിലെ ഒരു നിറസാന്നിധ്യമാണ് ഈ കോണ്‍ഫറന്‍സിലെ പ്രമുഖപ്രസംഗകരിലൊരാളായ പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ ഹെബ്രോന്‍ ഐപിസി സഭയുടെ സീനിയര്‍ പാസ്റ്ററാണ്. സ്വതസിദ്ധമായ പ്രസംഗശൈലിയിലൂടെ ശുശ്രൂഷാവേദികളില്‍ വേറിട്ട സാന്നിധ്യമായി നിലകൊള്ളുന്നു പാസ്റ്റര്‍ ഷിബു തോമസ്.

ഒമാന്‍ പെന്തെക്കോസ്തല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററാണ് കെ. എ. ജോണ്‍. വേദശാസ്ത്രത്തില്‍ ബിരുദങ്ങളുള്ള ഇദ്ദേഹം, ശക്തനായ ഉണര്‍വ്വു പ്രസംഗകന്‍, പ്രമുഖ വേദാദ്ധ്യാപകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു.

യുവജനവിഭാഗം സമ്മേളനത്തിന്റെ മുഖ്യപ്രസംഗകനായി എത്തുന്നത് സ്പാനിഷ് വംശജനായ പാസ്റ്റര്‍ ജേസന്‍ ഫ്രെന്‍ (Jason Frenn) ആണ്. ഇതിനോടകം അഞ്ചുകോടിയിലധികം ജനസമൂഹത്തോട് സുവിശേഷം പങ്കുവെച്ചിട്ടുള്ള ഇദ്ദേഹം പ്രമുഖ അന്തര്‍ദേശീയ സുവിശേഷപ്രഭാഷകന്‍, അനുവാചകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ആറ് ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവ്, സ്പാനിഷിലും, ആംഗലേയ ഭാഷയിലും നടത്തപ്പെടുന്ന ടെലിവിഷന്‍, റേഡിയോ പ്രോഗ്രാമുകളിലെ പ്രസംഗകന്‍ എന്നീ നിലകളിലെല്ലാം ആഗോള സമൂഹത്തിന് സുപരിചിതനാണ്. 2014-ല്‍ കൊളംബസ്സ് ഒഹായോയില്‍ നടന്ന ദേശീയ യുവജന സമ്മേളനത്തിന്റെ 100-ാമതു വാര്‍ഷിക സമ്മേളനത്തിന്റെയും, അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഗോളാടിസ്ഥാനത്തില്‍ നടത്തപ്പെട്ട ശതാബ്ദി ആഘോഷസമ്മേളനത്തിന്റെയും മുഖ്യപ്രസംഗകനായിരുന്നു പാസ്റ്റര്‍ ജേസ്സന്‍ ഫ്രെന്‍.

സ്ത്രീജന വിഭാഗം സമ്മേളനങ്ങളുടെ മുഖ്യാതിഥികളായി എത്തുന്നത് സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക്, സിസ്റ്റര്‍ ജെസ്സി സാജു എന്നിവരാണ്. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സ്ഥാപക നേതാക്കളിലൊരാളായ പാസ്റ്റര്‍ കെ. ഇ. ഏബ്രഹാമിന്റെ പൗത്രിയായ സിസ്റ്റര്‍ സ്റ്റാര്‍ലാ കുമ്പനാട് ഇന്ത്യാ ബൈബിള്‍ കോളജിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്നു.

പ്രമുഖ ഗ്രന്ഥകര്‍ത്താവും, മികച്ച വാഗ്മിയുമായ ബ്രദര്‍ സാജൂ മാത്യുവിന്റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍ ജെസ്സി സാജു. ഗ്രന്ഥകാരിയും മികച്ച പ്രഭാഷകയുമാണ്.

വാര്‍ത്ത അയച്ചത്: ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍, മീഡിയ കണ്‍വീനര്‍
പതിനാറാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീത പ്രഭാഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക