Image

മലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മ

Published on 13 June, 2018
മലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മ
മിസ്സിസാഗ: പുതുമയാര്‍ന്ന കൂട്ടായ്മകളിലൂടെയും പരിപാടികളിലൂടെയും മുന്നേറുന്ന മിസ്സിസാഗ കേരള അസോസിയേഷന്‍ (എംകെഎ) വീണ്ടും മനംകവര്‍ന്നു. ഇക്കുറി ഇഫ്താര്‍ കുടുംബസംഗമം ഒരുക്കിയാണ് എംകെഎ മാതൃകയായത്. മതത്തിന്റെ അതിര്‍വരന്പുകള്‍ക്കുമപ്പുറത്ത് സൌഹൃദങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ച. പുണ്യമാസത്തില്‍ എംകെഎ ഒരുക്കിയ നോന്പുതുറ മലയാളിസമൂഹത്തിന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രുചിമേളകൂടിയായി. പങ്കുവയ്ക്കലിന്റെ സന്ദേശമാണ് ഇഫ്താര്‍ നല്‍കുന്നതെങ്കില്‍ എംകെഎ ഇഫ്താര്‍ കുടുംബസംഗമം വിളന്പിയത് കൂടിച്ചേരലിന്റെ നവ്യാനുഭവം.

മഗ്‌രിബ് നമസ്ക്കാരത്തിനായി തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയതിനുപിന്നാലെ ഈന്തപ്പഴവും പഴച്ചാറും കഴിച്ച് നോന്പുതുറന്നത് കൂട്ടത്തിലെ കുരുന്നുകളില്‍ പലര്‍ക്കും പുതിയ അനുഭവമായി, രുചിയായി, സ്‌നേഹക്കൂട്ടായ്മയുടെ പാഠമായി. അവരെ സംബന്ധിച്ചിടത്തോളം കുടുംബസദസുകളിലെയും ക്‌ളാസ് മുറികളിലെയും സ്‌നേഹവചസുകളിലൂടെ മാത്രം കേട്ടറിഞ്ഞിട്ടുള്ള കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അനുഭവം കണ്ടറിയാനുള്ള അവസരമായിരുന്നു. ഇക്കൂട്ടത്തില്‍ പലരും ഇസ്ലാമിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതുതന്നെ ആദ്യം. അതാകട്ടെ സഹനത്തിന്റെയും ദാനത്തിന്റെയുമെല്ലാം കൂടിച്ചേരല്‍കൂടിയായ പുണ്യമാസത്തിലായി എന്നത് അവിസ്മരണീയമായി. കല്ലുമ്മക്കായ നിറച്ചതുമുതല്‍ നെയ്‌ച്ചോറുവരെ മലബാറിന്റെകൂടി രുചിയുറപ്പാക്കിയ സമൃദ്ധമായ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കിയത് വിവിധ വീടുകളിലായാണെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു.

സാഹോദര്യത്തിന്റെ മധുരംവിളന്പിയപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബങ്ങള്‍ക്ക് അപരിചിതത്വത്തിന്റെ അന്പരപ്പും അതിര്‍വരന്പുകളും ഇല്ലാതായി. നിസ്കാരത്തിനും പ്രാര്‍ഥനയ്ക്കായും പ്രത്യേക സൌകര്യം ഒരുക്കിയിരുന്നു. റമദാനിലെ ഈ മലയാളിക്കൂട്ടായ്മ അക്ഷരാര്‍ഥത്തില്‍ വേറിട്ടതായെന്നു പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. വ്രതവിശുദ്ധിയുടെയും അന്നപാനീയങ്ങള്‍ വര്‍ജിച്ചുള്ള നോന്പിന്റെയും ദിനങ്ങളെക്കുറിച്ചും നോന്പുതുറയുടെ പ്രത്യേകതയെക്കുറിച്ചും പുതുതലമുറയ്ക്കായി വിശദീകരിച്ച നോര്‍ത്ത് അമേരിക്കന്‍ നെറ്റ് വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സ് (നന്മ) ബോര്‍ഡ് ഓഫ് ട്രസ്റ്റി സജീബ് കോയ, ഇത്തരത്തിലൊരു മലയാളി സ്‌നേഹകൂട്ടായ്മ മാതൃകാപരമാണെന്നും ചൂണ്ടിക്കാട്ടി. ആമിന ഷബീന്‍, ഫാസില്‍ മുഹമ്മദ് എന്നിവരും ഇത്തരത്തില്‍ ഇവിടെ പങ്കെടുക്കുന്ന ആദ്യ മലയാളി ഇഫ്താര്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം മറച്ചുവച്ചില്ല.

എംകെഎ പ്രസിഡന്റ് പ്രസാദ് നായര്‍ സ്വാഗതം ആശംസിച്ചു. ഗ്രാന്‍ഡ് സപ്പോര്‍ട്ടര്‍ മനോജ് കരാത്ത (റീമാക്‌സ്) പ്രസംഗിച്ചു. കമ്മിറ്റിയംഗം ഷാനുജിത് പറന്പത്ത് നന്ദി രേഖപ്പെടുത്തി. എംകെഎ പരിപാടികളുടെ സപ്പോര്‍ട്ടര്‍മാരായ ഗോപിനാഥ് പൊന്മനാടിയില്‍ (രുദ്രാക്ഷരത്‌ന), ക്രിഷ് നായ്ക് (ക്‌ളാസിക് ഹോണ്ട), പ്രദീപ് മേനോന്‍ (ദി മോര്‍ട്‌ഗേജ് ഗ്രൂപ്പ്), മോഹന്‍ദാസ് (എയര്‍പോര്‍ട്ട് നിസാന്‍), ഡോ. സജിത സമീര്‍ (ആയൂര്‍ഹീല്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അതിഥികളെ വരവേല്‍ക്കാനും സല്‍ക്കരിക്കാനും മാത്രമല്ല വിഭവങ്ങളില്‍ പലതും ഒരുക്കാനും വിളന്പാനുമെല്ലാം ഓടിനടന്നത് എംകെഎ പടതന്നെയായിരുന്നു. ഷാനുജിത്തിന്റെയും റിയാസ് സിറാജിന്റെയും മേല്‍നോട്ടത്തില്‍ നസ്‌റിന്‍ മുജീബ്, രാധിക ഗോപിനാഥ് , ബിന്ദു എലിബസബത്ത് പ്രസാദ്. ആനി ചെറിയാന്‍, ദിവ്യ ചന്ദ്രശേഖരന്‍, ശ്രീദേവി മേനോന്‍, മാനസ സുരേഷ്, അമിഷ, ബബിനി ഷമീര്‍, മിഷേല്‍ നോര്‍ബര്‍ട്ട്, രാജാമണി, പ്രീതി, നിഷ, ജിഷ, തുടങ്ങിയവരാണ് കലവറയില്‍ നിറഞ്ഞത്. ഇവര്‍ക്കൊപ്പം റെജി സുരേന്ദ്രന്‍, പ്രശാന്ത് പൈ, രാജേഷ് കെ. മണി, പ്രിന്‍സ് ഫിലിപ്പ്, ഗോപിനാഥ് പൊന്മനാടിയില്‍, രഞ്ജിത് വേണുഗോപാല്‍, ജ്യോതിഷ് നായര്‍, രാഹുല്‍ മോഹന്‍, ജോസഫ് ജോണ്‍ ചിറയില്‍, വിനോദ് ജോണ്‍ തുടങ്ങിയവരും കലവറയില്ലാത്ത പിന്തുണ നല്‍കിയപ്പോള്‍ അതിഥികളെപ്പോലും അന്പരിപ്പിക്കുന്ന പുരുഷക്കൂട്ടായ്മയാണ് ഒരുക്കങ്ങളില്‍ കാണാനായത്. മുജീബ് റഹ്മാന്‍, ജോണ്‍ തച്ചില്‍, സെബാസ്റ്റ്യന്‍ വാലംപറന്പില്‍, അര്‍ജുന്‍ രാജന്‍, അനുഷ, രാഹുല്‍ പൊന്മനാടിയില്‍, ജയ് കൃഷ്ണ, അഭിനവ് പ്രസാദ്, ഇഷാന്‍ തുടങ്ങിയവരും ഇഫ്താര്‍ കുടുംബക്കൂട്ടായ്മയുടെ വിജയത്തില്‍ പങ്കാളികളായി.

മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എംകെഎയുടെ കാരുണ്യസംരംഭങ്ങളുടെ ഭാഗമായി രക്തദാനത്തിന്റെ രണ്ടാംഘട്ടം ജൂണ്‍ 16 ശനിയാഴ്ച നടക്കും. ഇതിനുപുറമെ കാര്‍ഷികക്‌ളബ്, പാര്‍ക്ക് ശുചീകരണം, പ്രമുഖരുമായുള്ള കൂടിക്കാഴ്ചകള്‍, രോഗപ്രതിരോധ ബോധവല്‍കരണം, പുതുതലമുറയ്ക്കായി നേതൃപരിശീലനം, ഫൊട്ടോഗ്രഫി പരിചയം തുടങ്ങിയവയും പുരോഗമിക്കുന്നു.

മതസൌഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഇഫ്താര്‍ കൂട്ടായ്മയിലൂടെ പ്രവാസി മലയാളികളിലെ പുതുതലമുറയ്ക്കു എംകെഎ കൈമാറിയത്. വ്രതാനുഷ്ഠാനകാലത്തെ നന്മകള്‍ മനസിലേറ്റി പീറ്റര്‍ബറോയില്‍നിന്നുള്‍പ്പെടെ കിലോമീറ്ററുകള്‍ അകലെനിന്നുപോലും മിസ്സിസാഗയില്‍ എത്തിയവര്‍ നാലു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്. അവരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ പുണ്യനിമിഷങ്ങളായി ഈ കൂട്ടായ്മ. ആഹ്‌ളാദത്തിന്റെ ചന്ദ്രനിലാവ് തെളിഞ്ഞ ആ മുഖങ്ങളില്‍ കാണാനായത്, കൈപ്പുണ്യത്തിന്റെ വിഭവങ്ങള്‍ നിറച്ചത് അവരുടെ മനസുകൂടിയാണെന്നാണ്…
മലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മമലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മമലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മമലയാളത്തിന്റെ സ്‌നേഹവും വിളമ്പി എംകെഎ ഇഫ്താര്‍ കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക