Image

ശബരിമല സ്‌പെഷല്‍ ബസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന്

Published on 13 June, 2018
ശബരിമല സ്‌പെഷല്‍ ബസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന്
കൊച്ചി: ശബരിമല സ്‌പെഷല്‍ ബസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തിന്റെ പൊതുഗതാഗത സൗകര്യം എന്ന നിലയില്‍ നിയമപ്രകാരം രൂപവത്കരിച്ചതാണ് കെ.എസ്.ആര്‍.ടി.സി എന്നിരിക്കെ ഏതെങ്കിലും വിഭാഗം യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനാവില്ല. മാത്രമല്ല, ഇത് വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധവുമാകുമെന്ന് കെ.എസ്.ആര്‍.ടി.സി ഡെപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍. ഹെന ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ശബരിമല സ്‌പെഷല്‍ ബസുകളില്‍ സ്ത്രീകള്‍ യാത്രചെയ്യുന്നത് തടയാതിരിക്കുന്നതും നിന്നുയാത്ര അനുവദിക്കുന്നതും ചോദ്യം ചെയ്ത് പാലായിലെ സന്റെര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം.

ശബരിമല തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വിസ് നടത്തുന്ന ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രായപരിധിയില്ലാതെ യാത്രാനുമതി നല്‍കുന്നത് തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നും മറ്റുമാണ് തീര്‍ഥാടകര്‍ക്ക് സൂപ്പര്‍ ക്ലാസ് ബസുകള്‍ ഉള്‍പ്പെടെ സ്‌പെഷല്‍ സര്‍വിസ് നടത്തുന്നത്. സൂപ്പര്‍ ക്ലാസുകളിലുള്‍പ്പെടെ ആളുകളെ നിര്‍ത്തി യാത്ര ചെയ്യാനനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുനിന്നും പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നുണ്ടെന്നും സ്ത്രീകളെ വിലക്കുന്ന നടപടി അപ്രായോഗികമാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ശബരിമല തീര്‍ഥാടന മേഖലക്കകത്ത് വിലക്കേര്‍പ്പെടുത്തണമോയെന്ന് തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. അതിനാല്‍, ഇക്കാര്യത്തില്‍ നിയമവും ആചാരവുമനുസരിച്ച് നടപടിയെടുക്കേണ്ടതും അവരാണ്. സൂപ്പര്‍ ക്ലാസ് ബസുകളിലടക്കം സീറ്റീങ്ങിനുള്ള ആളുകളുടെ 25 ശതമാനം പേരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതിനപ്പുറം ആളുകളെ ശബരിമല സ്‌പെഷല്‍ ബസുകളിലും നിര്‍ത്തിക്കൊണ്ടു പോകാറില്ല.

സ്‌പെഷല്‍ ബസുകളിലെ യാത്ര നിരക്കുകള്‍ ഇതുസംബന്ധിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ളതാണ്. നിരക്ക് പരിഷ്‌കരണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ തുകയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക