Image

മഴ, പൊടിക്കാറ്റ്‌; യുപിയില്‍ 15 മരണം

Published on 15 June, 2018
മഴ, പൊടിക്കാറ്റ്‌; യുപിയില്‍ 15 മരണം

ന്യൂദല്‍ഹി: രാജ്യത്ത്‌ കനത്ത മഴയിലും പൊടിക്കാറ്റിലും വന്‍ നാശനഷ്ടം. ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റില്‍ 15 പേര്‍ മരിച്ചു. പൊടിക്കാറ്റിനൊപ്പം ശക്തമായ ഇടിമിന്നല്‍ കൂടിയായതോടെയാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിച്ചത്‌. 28 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ബുധനാഴ്‌ചയോടെയാണ്‌ മഴയും പൊടിക്കാറ്റും മിന്നലും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ശക്തിപ്രാപിച്ചത്‌.

സീതാപൂര്‍, ഗോണ്ഡ, ശ്രാവസ്‌തി, ഫൈസാബാദ്‌,ബസ്‌തി തുടങ്ങിയ ജില്ലകളിലാണ്‌ ദുരന്തം ഏറെ. 13 പേരില്‍ ആറു പേര്‍ സീതാപൂരിലും മൂന്നു പേര്‍ ഗോണ്ഡ, രണ്ടു പേര്‍ കൗശംബി, ഒരാള്‍ വീതം ഫൈസാബാദ്‌, ഹര്‍ദോയ്‌ എന്നിവിടങ്ങളിലാണ്‌ മരിച്ചത്‌.

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്ക്‌ യഥാസമയം ചികിത്സ ലഭിച്ചെന്ന്‌ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

ഗുവാഹത്തി, ആസാം, ത്രിപുര എന്നിവിടങ്ങളിലും മഴക്കെടുതികള്‍ ശക്തമായിട്ടുണ്ട്‌.അസമിലെ ലംഡിങ്‌-ബദര്‍പൂര്‍ ഹില്‍ സ്റ്റേഷനില്‍ തുരങ്കങ്ങള്‍ മഴയില്‍ ഒലിച്ചു പോയി. ചിലവ മണ്ണിടിച്ചിലില്‍ തകര്‍ന്നു. റെയില്‍ പാളത്തിന്റെ അരികുകളും മണ്ണിടിച്ചില്‍ മൂലം തകര്‍ന്നിട്ടുണ്ട്‌.

മുംബൈയില്‍ മഴയില്‍ തെങ്ങ്‌ മറിഞ്ഞു വീണ്‌ 13 വയസുകാരി മരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക