Image

എഡിജിപി സുദേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡ്രൈവര്‍ ,മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ എഡിജിപി നല്ല നടപ്പ് പരിശീലനത്തിനയച്ചിരുന്നുവെന്നും ഗവാസ്‌കര്‍

Published on 15 June, 2018
എഡിജിപി സുദേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡ്രൈവര്‍ ,മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ എഡിജിപി നല്ല നടപ്പ് പരിശീലനത്തിനയച്ചിരുന്നുവെന്നും ഗവാസ്‌കര്‍
സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ നടുറോഡില്‍ വച്ചു മര്‍ദ്ദിച്ച ഗവാസ്‌കര്‍ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. എഡിജിപിയുടെ മകള്‍ക്കെതിരായി നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഗവാസ്‌കര്‍ പറയുന്നു. എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും താന്‍ നിരപരാധിയായതിനാല്‍ കേസിനെ ഭയക്കുന്നില്ലെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഡ്രൈവര്‍ ഗവാസ്‌കര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ഇത് ആറാം തവണയാണ് ഒരു ഐപിഎസ് ഓഫീസര്‍ക്കൊപ്പം താന്‍ ക്യാംപ് ഓഫീസറായി ജോലി ചെയ്യുന്നത്. ഇതില്‍ രണ്ട് പേര്‍ വനിതകളാണ് എന്നാല്‍ സുദേഷ് കുമാറിന്റെ വീട്ടില്‍ നിന്നും ഉണ്ടായ പോലൊരു ദുരനുഭവം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യലംഘനമാണ്. ഇപ്പോള്‍ തനിക്കെതിരെ കേസെടുത്തത് പോലെ മുന്‍പും എഡിജിപി പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
പട്ടിയെ പരിശീലിപ്പിക്കാന്‍ വിമുഖത കാണിച്ച പൊലീസുകാരനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റി. പട്ടി കടിച്ച കാര്യം ഡിജിപിക്കു പരാതി നല്‍കിയപ്പോഴായിരുന്നു നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ എഡിജിപി നല്ല നടപ്പ് പരിശീലനത്തിനയച്ചിരുന്നുവെന്നും ഗവാസ്‌കര്‍ ആരോപിക്കുന്നു. 
ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായ സുദേഷ് കുമാറിന്റെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യേണ്ടി വരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ എഡിജിപി തന്റെ വീട്ടിലേക്ക് കൊണ്ടു വരികയും സ്വന്തം പട്ടിയെ പരിശീലിപ്പിക്കാനും നിര്‍ബന്ധിച്ചു. പരിശീലനത്തിനിടെ എഡിജിപിയുടെ പട്ടി ഉദ്യോഗസ്ഥനെ കടിച്ചു. ഇതോടെ ഇയാള്‍ തന്നെ ക്രമവിരുദ്ധമായി ജോലിചെയ്യിപ്പിച്ച എഡിജിപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ പരാതി കൊടുത്ത് അടുത്ത ദിവസം തന്നെ ഇയാളെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റി. 

തന്റെ ഭാര്യയേയും മകളേയും കാണുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല എന്നാരോപിച്ച് ക്യംപ് ഫോളോവേഴ്‌സിനെ നല്ല നടപ്പിന് അയക്കുക തുടങ്ങി പല നടപടികളും എഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പരാതിപ്പെടുന്നത്. തനിക്ക് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടാന്‍ വരെ എഡിജിപി ശ്രമിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. ഇതിനെതിരെ വളരെ കാലമായി പോലീസ് സേനയ്ക്കുള്ളില്‍ നിലനിന്നിരുന്ന അമര്‍ഷമാണ് ഇപ്പോള്‍ ഗവാസ്‌കറിലൂടെ പുറത്തു വന്നിരിക്കുന്നത്. പോലീസ് സേനയ്ക്കുള്ളില്‍ നിന്നു തന്നെ കിട്ടുന്ന ശക്തമായ പിന്തുണയുടെ ബലത്തിലാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ പോലീസ് ഡ്രൈവറായ ഗവാസ്‌കറിന് ധൈര്യം നല്‍കുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക