Image

അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്

exclusive Published on 16 June, 2018
അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്
അവനോട് അന്നേ ഞങ്ങള്‍ ക്ഷമിച്ചതാണ്. ദ്വേഷ്യം മനസില്‍ വച്ചു കൊണ്ടിരുന്നാല്‍ ജീവിക്കാനാവില്ല- പ്രവീണ്‍ വര്‍ഗീസിന്റെ വധത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗേയ്ജ് ബെഥുനെപറ്റി ലവ്‌ലി വര്‍ഗീസ് പറഞ്ഞു.

പക്ഷെ എനിക്കൊരു കടമയുണ്ട്. അവന്‍ ഇനി ആരോടും ഇത് പോലെ ചെയ്യരുത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതു എനിക്ക് കുറ്റബോധം ഉണ്ടാക്കും. അതിനു ഇടയാകരുത്. അതിനാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നേ കരുതിയുള്ളു-ലവ്‌ലി പറഞ്ഞു. കുറ്റം ചെയ്ത ശേഷം നുണ പറഞ്ഞ് രക്ഷ പെടാമെന്നും ആരും കരുതരുത്.

ഏഴു മണിക്കുര്‍ നേരത്തെ ചര്‍ച്ചകള്‍ക്കു ശേഷം വ്യാഴാഴ്ച രാത്രി 11 മണിക്കാണു ബഥൂന്‍ കുറ്റക്കാരനെന്നു ജൂറി വിധിച്ചത്. തികച്ചും വികാര നിര്‍ഭരമായിരുന്നു അത്. പ്രവീണിന്റെ കുടുംബം മാത്രമല്ല ബഥൂന്റെ കുടുംബവും കണ്ണീര്‍ വാര്‍ത്തു

ബഥൂണിനോടുള്ള വിരോധമല്ല, നീതിക്കുവേണ്ടിയുള്ള ദാഹമാണ് പോരാട്ടത്തിനു കാരണമെന്നു ലവ്ലി നേരത്തെ പറഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രവീണിനെപ്പോലെ ബഥൂണിനും 19 വയസ്സേയുള്ളൂ. ബഥൂണിനേക്കാളുപരി സത്യം ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ച അധികൃതരോടായിരുന്നു ദേഷ്യം. പോരാട്ടം നടത്തിയതും അധിക്രുതര്‍ക്കെതിരെ ആയിരുന്നു

കേസ് വിചാരണ തുടങ്ങിയപ്പോള്‍ മുതല്‍ ലവ്‌ലി, ഭര്‍ത്താവ് മാത്യു വര്‍ഗീസ്, മക്കളായ പ്രിയ, പ്രീതി എന്നിവര്‍ കാര്‍ബണ്ഡേലില്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച അവിടെ തങ്ങിയ ശേഷം ഇന്നലെ (വെള്ളി) ഉച്ചയോടെയാണു ചിക്കാഗോയിലേക്കു മടങ്ങിയത്. അഞ്ചുമണിക്കൂര്‍ യാത്ര. വൈകിട്ട് ഏഴരയോടെ അവര്‍ എത്തുമ്പോള്‍ ഒട്ടേറെ ബന്ധുമിത്രാദികള്‍ അഭിനന്ദനവുമായി എത്തി. പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കളായിരുന്ന മറിയാമ്മ പിള്ള, ഗ്ലാഡ്‌സന്‍ വര്‍ഗീസ്, എന്നിവര്‍ക്കു പുറമെ റവ. ജോര്‍ജ് വര്‍ഗീസ്, റവ. ഷിബി വര്‍ഗീസ്തുടങ്ങി ഒട്ടേറെ പേര്‍.

വിചാരണക്കിടയില്‍ ഏറെ വേദനിപ്പിച്ചത് പ്രവീണിനു ഐ.എസ്.ഐ.എസ്. ബന്ധം ഉണ്ടെന്ന രീതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ പ്രാമര്‍ശമാണെന്ന് ലവ്‌ലി പറഞ്ഞു. ക്രിമിനല്‍ ജസ്റ്റീസ് വിദ്യാര്‍ത്ഥി  ആയിരുന്ന പ്രവീണ്‍ ഐ.എസ്.ഐ.എസിനെപറ്റി ഒരു പ്രോജക്ട് തയ്യറാക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടാക്കിയ ബോര്‍ഡാണു പ്രതിഭാഗം എടുത്തുപയോഗിച്ചത്.
എന്നാല്‍ പ്രോസിക്യൂഷന്‍ വക്കീല്‍ അത് ഖണ്ഡിച്ചു. പ്രവീണിന്റെ റൂം മേറ്റായ കസിന്റെ മൊഴിയും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി.

ചോദിക്കാവുന്ന ഓരൊ ചോദ്യത്തിനും ക്രുത്യം ഉത്തരവുമായാണു പ്രോസിക്യൂഷന്‍ മുന്നോട്ടു പോയത്. സംശയം ഉണ്ടാക്കാവുന്ന ഒന്നും മുന്നോട്ടു വച്ചില്ല.
മര്‍ദ്ദനമേറ്റതിനാല്‍ തലക്കു മന്ദത ബാധിച്ച് കാട്ടില്‍ അകപ്പെട്ട് തണുപ്പുകൊണ്ട് പ്രവീണ്‍ മരിക്കുകയായിരുന്നുവെന്നു ജൂറിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.

ശിക്ഷ വിധിക്കുന്നത് 60-90 ദിവസങ്ങള്‍ക്കുള്ളിലാണ്. അതിനു ശേഷം വേണം അപ്പീല്‍ കൊടുക്കാന്‍. വിചാരണയില്‍ തെറ്റായ തെളിവ് ഉപയോഗിച്ചുവെന്നും മറ്റും തെളിയിച്ചാലെ അപ്പീല്‍ സ്വീകരിക്കൂ. അപ്പീലിനെ നേരിടുന്നത് പ്രോസിക്യൂഷനാണ്.

നാലു വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഏറ്റവും വലിയ കടപ്പാട് പത്രപ്രവര്‍ത്തക മോണിക്ക സുക്കാസിനോടാണ്. അവരെ ദൈവം ഇടപെടുത്തി തന്നു എന്നതാണു സത്യം. എന്തുകൊണ്ടാണു അവര്‍ക്ക് സഹായിക്കണമെന്നു തോന്നിയത് എന്ന് അറിഞ്ഞു കൂടാ.

പോരാട്ടം തുടരുമ്പോഴും ഫുള്‍ ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ നടക്കണമല്ലൊ.

പുത്രി പ്രിയ ഫിസിയോതെറപ്പി കഴിഞ്ഞു. ഓഗസ്റ്റില്‍ വിവാഹം നടക്കും. ഇളയ പുത്രി പ്രീതി പന്ത്രണ്ടിലേക്കു കയറിയിരിക്കുന്നു.

യൂണിവേഴ്സിറ്റി നഗരമായ കാര്‍ബണ്‍ഡേയിലില്‍ പല മരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊക്കെ അധികൃതര്‍ ഇലക്കും മുള്ളിനും  കേടില്ലാത്ത ഒരു തീരുമാനം എടുക്കും. അന്വേഷണവും കേസും അവിടം കൊണ്ട് അവസാനിക്കും. യൂണിവേഴ്സിറ്റിക്കും നഗരത്തിനും പേരുദോഷം വരുത്തരുതല്ലോ?

പ്രവീണ്‍ വര്‍ഗീസിന്റെ മരണം കടുത്ത തണുപ്പ് മൂലമാണെന്നു കൊറോണര്‍ വിധിയെഴുതിയപ്പോള്‍ ആ കേസ് അവിടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയതാണ്. എന്നാല്‍ ലവ്ലി വര്‍ഗീസിനു അത് അംഗീകരിക്കാനാവുമായിരുന്നില്ല. ലഹരിയിലായിരുന്നു പ്രവീണ്‍ എന്ന അധികൃതരുടെ വാദവും ലവ്ലിയെ രോഷം കൊള്ളിച്ചു. ടോക്സികോളജി റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ നിന്ന് മയക്കു മരുന്നിന്റെ അംശമൊന്നും കണ്ടില്ല. പുത്രന്റെ സല്‍പേര് വീണ്ടെടുക്കണമെന്നും അവര്‍ തീരുമാനിച്ചു. 

രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടത്തില്‍ കടുത്ത മുറിവ് കണ്ടു. പക്ഷെ പോലീസും പ്രോസിക്യൂഷനും ആദ്യത്തെ നിലപാടില്‍ മാറ്റം വരുത്തിയില്ല. തുടര്‍ന്നു ലവ്ലിയും മാധ്യമ പ്രവര്‍ത്തക മോണിക്ക സുകാസും ചേര്‍ന്നു നടത്തിയ പ്രചാരണവും പോരാട്ടവുമാണ് സ്വതന്ത്ര അന്വേഷണത്തില്‍ എത്തിയത്. 

പ്രോസിക്യൂട്ടറായി നിയമിതനായ ഡേവിഡ് റോബിന്‍സണ്‍ മൂന്നു വര്‍ഷം ഈ കേസിനുവേണ്ടി കഠിനാധ്വാനം ചെയ്തുവെന്നു ലവ്ലി ചൂണ്ടിക്കാട്ടി. 

വിചാരണയ്ക്കിടയില്‍ പിന്തുണയുമായി നിരവധി പേര്‍ എത്തിയതായി ലവ്ലി പറഞ്ഞു. ഈ പ്രദേശത്ത് നീതി ലഭിക്കാതെ പോയ പലരും നീതിക്കുവേണ്ടി തങ്ങള്‍ പോരാടുന്നത് പ്രത്യാശയോടെ ആണു കണ്ടത്. 

കുറ്റക്കാരനെന്നു വിളിച്ച ജൂറിയുടെ  ഈ തീരുമാനം വളരെ ആലോചനാപൂര്‍വ്വമെടുത്തതാണെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. രണ്ടു കുടുംബങ്ങള്‍ക്കും നഷ്ടങ്ങളാണ് വന്നത്.

വിചാരണയ്ക്കിടയിലെല്ലാം അധികൃതരുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു വേണ്ടതെന്നു പ്രതിഭാഗം അറ്റോര്‍ണി മൈക്കല്‍ വെപ് സിക് പറഞ്ഞുകൊണ്ടിരുന്നത് ലവ്ലി അനുസ്മരിച്ചു. 

കേസില്‍ പുനര്‍ വിചാരണയ്ക്കു അപേക്ഷ കൊടുക്കുമെന്നു വെപ്സിക് പറഞ്ഞു. പ്രവീണിന്റെ ശരീരത്തു കണ്ട മുറിവുകള്‍ വെച്ച് കൊലപാതകത്തിനു ശിക്ഷിക്കാന്‍ പാടില്ലായിരുന്നു. മര്‍ദ്ദനം കൊണ്ട് മരണം സംഭവിച്ചുവെന്ന തീര്‍പ്പ് ജൂറിയുടെ ഭാഗത്തു നിന്നുണ്ടായതില്‍  എല്ലാവരും ഞെട്ടലിലാണ്. ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ യാതൊരു തെളിവുമില്ല- വെപ്സിക് പറഞ്ഞു.
അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്അന്നേ ഞങ്ങള്‍ അവനോട് ക്ഷമിച്ചതാണ്... ലവ്‌ലി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക