Image

കാറുകള്‍ക്ക്‌ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; അമലാ പോളിനും സുരേഷ്‌ ഗോപിക്കുമെതിരെ കുറ്റപത്രം ഉടന്‍

Published on 17 June, 2018
 കാറുകള്‍ക്ക്‌ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; അമലാ പോളിനും സുരേഷ്‌ ഗോപിക്കുമെതിരെ കുറ്റപത്രം ഉടന്‍

തിരുവനന്തപുരം: ആഡംബരക്കാറുകള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ നികുതി തട്ടിപ്പ്‌ നടത്തിയെന്ന ആരോപണത്തില്‍ നടനും ബിജെപി എം പിയുമായ സുരേഷ്‌ ഗോപിക്കും നടി അമലാപോളിനുമെതിരെയുള്ള കുറ്റപത്രം ഒരുമാസത്തിനകം സമര്‍പ്പിക്കുമെന്ന്‌ ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ അറിയിച്ചു.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത വഴി സുരേഷ്‌ ഗോപി 30 ലക്ഷവും അമലാ പോള്‍ 20 ലക്ഷവും രൂപ വെട്ടിപ്പ്‌ നടത്തിയെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. രജിസ്‌ട്രേഷന്‌ വേണ്ടി ഇരുവരും നല്‍കിയ തെളിവുകള്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വ്യാജരേഖ ചമയ്‌ക്കല്‍, നികുതി വെട്ടിപ്പ്‌ എന്നികുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ്‌ ക്രൈംബ്രാഞ്ച്‌ നീക്കം. നികുതി വെട്ടിപ്പിന്‌ കൂട്ട്‌ നിന്ന ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും.


നടന്‍ സുരേഷ്‌ ഗോപിയെ നേരത്തെ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. 2010ലും എം പി ആയതിനുശേഷവുമായി വാങ്ങിയ 2 കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌ത വഴി 30 ലക്ഷത്തിന്റെ നികുതിവെട്ടിപ്പാണ്‌ സുരേഷ്‌ ഗോപി നടത്തിയത്‌. പോണ്ടിച്ചേരിയില്‍ സ്വന്തമായി സ്ഥലമുണ്ടെന്നും വാടക വീട്ടിലെ മേല്‍വിലാസത്തിലാണ്‌ കാര്‍ രജിസ്‌ട്രര്‍ ചെയ്‌തതെന്നുമായിരുന്നു സുരേഷ്‌ ഗോപിയുടെ വിശദീകരണം.എന്നാല്‍ അത്‌ കളവാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.


ആഗസ്റ്റ്‌ നാലിന്‌ ചെന്നൈയിലെ ട്രാന്‍സ്‌ കാര്‍ ഡീലറില്‍ നിന്നാണ്‌ അമലാ പോള്‍ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ്‌ എസ്‌ ക്ലാസ്‌ സ്വന്തമാക്കിയത്‌. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അടയ്‌ക്കേണ്ട വന്‍ നികുതി ഒഴിവാക്കാന്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച്‌ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 20 ലക്ഷം രൂപയുടെ വെട്ടിപ്പാണ്‌ അമല നടത്തിയിരിക്കുന്നത്‌. ഷൂട്ടിംഗിന്‌ പോകുമ്പോള്‍ താമസിക്കാനായി സ്ഥിരമായി വാടക വീടുണ്ടെന്നും ഈ വിലാസമാണ്‌ രജിസ്‌ട്രേഷന്‌ ഉപയോഗിച്ചതെന്നുമാണ്‌ അമലയുടെ മൊഴി. എന്നാല്‍ ഈ വിലാസം ഉപയോഗിച്ച്‌ നിരവധി കാറുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അമലയുടെ വാദങ്ങള്‍ തെറ്റാണെന്നും കണ്ടെത്തുകയായിരുന്നു.


നടന്‍ ഫഹദ്‌ ഫാസിലും പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള വാഹനമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫഹദ്‌ പിന്നീട്‌ പിഴയടച്ചു. വെട്ടിപ്പ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 17.68 ലക്ഷം രൂപയാണ്‌ ഫഹദ്‌ ഫാസില്‍ പിഴയടച്ചത്‌ . പിഴയൊടുക്കിയെങ്കിലും ഫഹദിനെതിരെ എന്ത്‌ നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക