Image

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി, 16000 കോടി രൂപ അധികം നല്‍കണം

Published on 17 June, 2018
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി, 16000 കോടി രൂപ അധികം നല്‍കണം
അമേരിക്കയില്‍ നിന്ന് കടല, ആപ്പിള്‍, വാല്‍നട്ട്, മോട്ടോര്‍ ബൈക്ക്, ഇരുമ്പ്, ഉരുക്ക് ഉല്പ്പന്നങ്ങള്‍, ബോറിക് ആസിഡ് തുടങ്ങിയവ അടക്കം 30 ഇനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുവ 50 ശതമാനമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതിനുള്ള ശുപാര്‍ശ കേന്ദ്രം ലോക വ്യാപാര സംഘടനക്ക് നല്‍കി. പതിനാറായിരം കോടി രൂപയാണ് ഇതുമൂലം അമേരിക്ക ഇന്ത്യയ്ക്ക് അധികമായി നല്‍കണ്ടേത്. ശുദ്ധീകരിച്ച പാമോയില്‍, പിരിയുള്ള നട്ടുകള്‍, രോഗങ്ങള്‍ കണ്ടെത്താന്‍ ലാബുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും തുടങ്ങിവയുടെ തീരുവയും ഇന്ത്യ കുത്തനെ കൂട്ടി.

ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ അടുത്തിടെ അമേരിക്ക കുത്തനെ കൂട്ടിയിരുന്നു. അതുവഴി ഇന്ത്യയ്ക്ക് 16,000 കോടിയുടെ അധിക ബാധ്യത വന്നിരുന്നു. ഇതിനുള്ള ചുട്ടമറുപടിയാണ് ഇന്ത്യയുടെ നടപടി. മെയ് ആദ്യം ഇന്ത്യ 20 യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരട്ടിയാക്കിയിരുന്നു.

മുപ്പത് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നല്‍കിവന്നിരുന്ന തീരുവ ഇളവ് പിന്‍വലിക്കുകയാണെന്ന് കാട്ടി ലോക വ്യാപാര സംഘടനക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഇതോടെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മുപ്പത് ഉത്പന്നങ്ങളുടെ വില കുത്തനെ കൂടും. അമേരിക്കന്‍ നടപടി ഇന്ത്യന്‍ വ്യാപാര രംഗത്തുണ്ടാക്കിയ പ്രത്യാഘാതം അനുസരിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇളവുകള്‍ വെട്ടിച്ചുരുക്കാനുള്ള അധികാരം ഇന്ത്യയ്ക്കുണ്ടായിരുക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. പുതിയ തീരുവ ഈ മാസം 21ന് പ്രാബല്യത്തില്‍ വരും. ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ തീരുവ കൂട്ടിയ യുഎസ് നടപടി ഇന്ത്യയുടെ 13000 കോടി ഉരുക്ക്, 290 കോടി അലൂമിനിയം കയറ്റുമതികളെ ബാധിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി. 

മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ചുമത്തുക, ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടുക തുടങ്ങിയ നടപടികളാണ് പലപ്പോഴും അമേരിക്ക അവലംബിക്കുക. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമത്തീരുവ യുഎസ് 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ചൈനയും അമേരിക്കന്‍ ഉല്പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടി തിരിച്ചടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക