Image

കോടിയേരിയിട്ട ചൂണ്ടയില്‍ കൊത്തുമോ വീരന്‍

ജി.കെ Published on 01 July, 2011
കോടിയേരിയിട്ട ചൂണ്ടയില്‍ കൊത്തുമോ വീരന്‍
കോഴിക്കോട്‌ നടന്ന അടിയന്തരാവസ്ഥയുടെ വാര്‍ഷികച്ചടങ്ങില്‍വെച്ച്‌ സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ സഖാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒരു വലിയ കണ്ടെത്തല്‍ നടത്തി. ഇടതുമുന്നണിയില്‍ പിണറായി സഖാവിന്റെ നേതൃത്വത്തിലും തന്റെ മുഖ്യകാര്‍മികത്വത്തിലും ചവിട്ടിപുറത്താക്കിയ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ്‌ ജനത ഐക്യമുന്നണിയില്‍ വലിയ വിമ്മിട്ടം അനുഭവിക്കുകയാണെന്നും അധികം വൈകാതെ അവര്‍ക്ക്‌ ഇടതുമുന്നണിയിലേക്ക്‌ തിരിച്ചുവരേണ്ടിവരുമെന്നുമായിരുന്നു ആ കണ്‌ടെത്തല്‍. സോഷ്യലിസ്റ്റ്‌ ജനതയ്‌ക്ക്‌ അകത്തോ പുറത്തോ എന്ന്‌ തനിക്ക്‌ പോലും വലിയ പിടിയില്ലാത്ത കെ.കൃഷ്‌ണന്‍ക്കുട്ടിയെ വേദിയിലിരുത്തിയാണ്‌ കോടിയേരി മഹത്തായ ഇത്തരമൊരു കണ്‌ടെത്തല്‍ നടത്തിയത്‌.

സഖാവിന്റെ പ്രഖ്യാപനംകേട്ട്‌ ഒന്ന്‌ പുളകിതനായെങ്കിലും വഴിവിട്ട പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ കൃഷ്‌ണന്‍ക്കുട്ടി തയാറാവാഞ്ഞതോര്‍ത്ത്‌ ആശ്വാസം കൊള്ളുകയാണ്‌ വീരേന്ദ്രകുമാര്‍. എങ്കിലും സിപിഎം ഔദ്യോഗിപക്ഷം ഇട്ടിരിക്കുന്ന ചൂണ്‌ടയില്‍ അധികം വൈകാതെ സോഷ്യലിസ്റ്റ്‌ ജനതയ്‌തക്ക്‌ കൊത്തേണ്‌ടിവരുമെന്ന്‌ കൃഷ്‌ണന്‍ക്കുട്ടിയെപ്പോലെ വീരേന്ദ്രകുമാറിനും ഉറപ്പുള്ള കാര്യമാണ്‌. അതിനിനി വീരന്റെ കൂട്ടില്ലെങ്കിലും കൃഷ്‌ണന്‍ക്കുട്ടിയെ സഖാവ്‌ കൃഷ്‌ണന്‍ക്കുട്ടി എന്ന്‌ വിളിക്കുന്ന കാലം അധികം വിദൂരത്തല്ല.

കോടിയേരിയുടെ കണ്‌ടെത്തലില്‍ പുതുമയൊന്നുമില്ലെങ്കിലും അത്‌ പറഞ്ഞത്‌ കോടിയേരിയാണെന്ന പുതുമയുണ്‌ട്‌. കാരണം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വി.എസ്‌.അച്യുതാനന്ദനോട്‌ ആഭിമുഖ്യം പുലര്‍ത്തിയതിന്റെ പേരില്‍ മാത്രം വയനാട്‌ സീറ്റിന്റെ പേരുപറഞ്ഞ്‌ വീരന്‍ വിഭാഗത്തെ പടിയടച്ച്‌ പിണ്‌ഡംവെക്കാന്‍ പിണറായിക്ക്‌ കൂട്ടുനിന്നവരില്‍ പ്രധാനി കോടിയേരിയായിരുന്നു. അതേ കോടിയേരി തന്നെയാണ്‌ വീരന്‍ വിഭാഗത്തെ ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക്‌ വീണ്‌ടും ക്ഷണിച്ചിരിക്കുന്നത്‌.

ഇന്നത്തെ സാഹചര്യത്തില്‍ രണ്‌ട്‌ എംഎല്‍എമാരുമായി ഇടതുമുന്നണിയിലേക്ക്‌ പോകാന്‍ സോഷ്യലിസ്റ്റ്‌ ജനത തീരുമാനമെടുത്താല്‍ അത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കും. സമീപഭാവിയില്‍ അത്തരമൊരുസാധ്യത ഇല്ലെങ്കിലും അധികം വൈകാതെ അത്‌ സംഭവിക്കുമെന്നുതന്നെയാണ്‌ കോടിയേരിയുടെ പ്രസ്‌താവനയുടെ കാതല്‍. നിയമസഭാതെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റിനുവേണ്‌ടി ആഞ്ഞുപിടിച്ച കൃഷ്‌ണന്‍ക്കുട്ടിക്ക്‌ ഒടുവില്‍ കെ.അച്യുതന്‌ മുന്നില്‍ അടിയറവ്‌ പറയേണ്‌ടിവന്നെങ്കിലും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കോണ്‍ഗ്രസാണെന്ന വിശ്വാസം ഇപ്പോഴുമില്ല. കാരണം വീരേന്ദ്രകുമാര്‍ തന്നെയാണ്‌ തന്റെ സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന്‌ അദ്ദേഹം ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു.

അങ്ങനെ വിശ്വസിക്കാന്‍ കൃഷ്‌ണന്‍ക്കുട്ടിക്ക്‌ തന്റെതായ കാരണങ്ങളുമുണ്‌ട്‌. ചിറ്റൂരില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്‌താല്‍ മന്ത്രിസ്ഥാനത്തേക്ക്‌ സോഷ്യലിസ്റ്റ്‌ ജനതയുടെ സ്വാഭാവിക ചോയ്‌സ്‌ ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയില്‍ കൃഷ്‌ണന്‍ക്കുട്ടിക്ക്‌ തന്നെയായിരുന്നു. അങ്ങനെവന്നാല്‍ മകന്‍ ശ്രേയാംസ്‌കുമാറിന്റെ മന്ത്രിമോഹങ്ങള്‍ ഇല്ലാതാവുമെന്ന തിരിച്ചറിവിലാണ്‌ കോണ്‍ഗ്രസുമായി നാണംക്കെട്ട ഒത്തുത്തീര്‍പ്പിന്‌ വീരേന്ദ്രകുമാര്‍ തയാറായതെന്ന്‌ കൃഷ്‌ണന്‍ക്കുട്ടി ഇപ്പോഴും ഉറച്ചുവിശ്വസിയ്‌ക്കുന്നു. എന്നാല്‍ വിചാരിച്ചതുപോലൊരു വിജയം നേടാനാവാഞ്ഞതും എം.എല്‍എമാരുടെ എണ്ണം രണ്‌ടില്‍ ഒതുങ്ങിയതും വീരേന്ദ്രകുമാറിന്റെ കണക്കുക്കൂട്ടല്‍ തെറ്റിച്ചു.

മകനെ മന്ത്രിയാക്കിയാല്‍ കെ.പി.മോഹനന്‍ മറുകണ്‌ടം ചാടുമെന്ന്‌ തിരിച്ചറിഞ്ഞ വീരന്‍ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ മോഹനനെ മന്ത്രിയാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ കൃഷ്‌ണന്‍ക്കുട്ടിയെ വേദിയിലിരുത്തി കോടിയേരി നടത്തിയ പ്രസ്‌താവനയുടെ വിലയറിയുന്നത്‌. തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ കെ.അച്യുതനെതിരെ പരസ്യമായി രംഗത്തുവന്നപ്പോള്‍ തന്നെ കൃഷ്‌ണന്‍ക്കുട്ടി മനസ്സുകൊണ്‌ട്‌ ഇടതുമുന്നണിയിലെത്തിക്കഴിഞ്ഞിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ മുറുകെപിടിച്ച്‌ സോഷ്യലിസ്റ്റ്‌ ജനതക്ക്‌ ഐക്യമുന്നണിയില്‍ തുടരുന്നതിന്‌ പരിമിതകളേറെയുണ്‌ടെന്നതും പരിഗണിക്കേണ്‌ട വിഷയമാണ്‌.

ഭരണം ഉറപ്പിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട ഐക്യമുന്നണിക്കൊപ്പം ഉറച്ചനിന്നിട്ടും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വടകരയില്‍ സി.കെ.നാണു പരാജയപ്പെട്ടത്‌ സോഷ്യലിസ്റ്റ്‌ ജനതയെ ഞെട്ടിച്ചിരുന്നു. മറുവശത്ത്‌ പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയ മാത്യു.ടി.തോമസിന്റെ നേതൃത്തിലുള്ള ജനതാദള്‍ എസ്‌ ആകട്ടെ തിളക്കമാര്‍ന്ന വിജയത്തിലൂടെ കരുത്തുക്കാട്ടുകയും ചെയ്‌തു. ഈ ഒരു സാഹചര്യത്തില്‍ യുഡിഎഫില്‍ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുക എന്നത്‌ വീരന്‍വിഭഗത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. അതുകൊണ്‌ടുതന്നെ കോടിയേരിയിട്ട ചൂണ്‌ടയില്‍ ഇന്നല്ലെങ്കില്‍ നാളെ വീരന്‍വിഭാഗത്തിന്‌ കൊത്തേണ്‌ടിയുംവരും.

ആരെയും ചാക്കിട്ടുപിടിച്ച്‌ മന്ത്രിസഭ രൂപീകരിക്കില്ലെന്ന്‌ പിണറായിയും വിഎസുമെല്ലാം ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്‌ടെങ്കിലും ഒന്ന്‌ ഉറക്കെ വിളിച്ചാല്‍ കെ.പി.മോഹനനും കൃഷ്‌ണന്‍കുട്ടിയും ഇടുമുന്നണിയ്‌ക്കൊപ്പം പോകുമെന്ന്‌ വീരനും അറിയാം. അവസാനം മത്സരിക്കാനും മന്ത്രിമാരാകാനും പാര്‍ട്ടിയില്‍ അച്ഛനും മകനും മാത്രം ബാക്കിയാവുകയും ചെയ്യും. അത്തരമൊരു സാഹചര്യമുണ്‌ടാവുന്നതിന്‌ മുമ്പ്‌ മാന്യമായൊരു തിരിച്ചുപോക്കായിരിക്കും വീരന്‍ വിഭാഗം അഗ്രഹിക്കുക.

അതിന്‌ വഴിമരുന്നിടുക എന്ന കര്‍മമാണ്‌ കോടിയേരി കോഴിക്കോട്‌ നിര്‍വഹിച്ചത്‌. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. കേവലം പിടിവാശികളുടെ പേരില്‍ വീരന്‍ വിഭാഗത്തെ ചവിട്ടിപ്പുറത്താക്കാതിരുന്നെങ്കില്‍ ഭരണം ഇപ്പോള്‍ ഇടത്‌ കക്ഷത്തിരുന്നേനെ. അതിന്‌ സഖാവെ ഭരണം തുടരണമെന്ന്‌ വി.എസിനല്ലാതെ മറ്റാര്‍ക്കാണ്‌ മോഹമുണ്‌ടായിരുന്നത്‌ എന്ന മറുചോദ്യമായിരിക്കും ഔദ്യോഗികപക്ഷത്തിന്റെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക