Image

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണം നല്‍കി ജോണ്‍ സി വര്‍ഗീസ്

Published on 19 June, 2018
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണം നല്‍കി ജോണ്‍ സി വര്‍ഗീസ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി ന്യൂയോര്‍ക്കിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും പ്രമുഖ സംഘാടകനുമായ ജോണ്‍ സി വര്‍ഗീസ് (സലീം) സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്ററായി തുടങ്ങിവച്ച സൗജന്യ ഉച്ചഭക്ഷ വിതരണം 15 വര്‍ഷമായി ഇന്നും മുടങ്ങാതെ എല്ലാ ദിവസവും തുടര്‍ന്നു വരുന്നു. ഇത് ഒരു അമേരിക്കന്‍ മലയാളിയുടെ നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ അടയാളമാണ്. ഓരോ ദിവസവും ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളുടെ നടുക്കടലില്‍ നിന്നും വിശപ്പകറ്റുന്ന ഈ അമേരിക്കന്‍ മലയാളിയെ നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്മരണ ജോണ്‍ സി വര്‍ഗീസിന് കൂടുതല്‍ പ്രചോദനമാവുകയും ചെയ്യുന്നു.

""വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നതിനപ്പുറം മറ്റൊരു പുണ്യ കര്‍മവുമില്ല. ഇവിടെ ഒരു ദിവസം ഇരുന്നോറോളം പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നു. അതിന് നന്ദി പറയേണ്ടത് ജോണ്‍ സി വര്‍ഗീസിനോടാണ്...'' സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ പ്രസിഡന്റും ചെങ്ങന്നൂര്‍ നഗര സഭയുടെ മുന്‍ ചെയര്‍മാനുമായ ടോം മുരുക്കുംമൂട്ടില്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ മുന്‍വശത്തുള്ള കെട്ടിടത്തിലാണ് ജോണ്‍ സി വര്‍ഗീസ് മാതൃകാപരമായ ഈ ജീവകാരുണ്യ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിര്‍ധന രോഗികള്‍ക്കും അവരുടെ സഹായികളായി നില്‍ക്കുന്നവര്‍ക്കും ഈ സംരംഭം തീര്‍ച്ചയായും സാന്ത്വനം തന്നെയാണെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു. ചോറും കറികളും വിളമ്പിക്കൊണ്ട് എല്ലാ ദിവസവും ടോം മുരുക്കുംമൂട്ടില്‍ ഇവിടെയുണ്ടാവും. സലീം തുടക്കം കുറിച്ച ഈ പദ്ധതിക്ക് ചെങ്ങന്നൂര്‍ അസോസിയേഷനും മറ്റ് പല സംഘടനകളും സഹായം നല്‍കുകയുണ്ടായി. എന്നാലിപ്പോള്‍ സലീമിന്റെ സഹജീവി സ്‌നേഹത്തിന്റെ മനസാണ് ഈ പരിപാടി മുടക്കമില്ലാതെ തുടരുന്നതില്‍ സഹായകരമാകുന്നതെന്ന് ടോം മുരുക്കുംമൂട്ടില്‍ പറഞ്ഞു.

""ചാരിറ്റി എന്നത് വ്യക്തികളുടെ സ്വഭാവത്തില്‍ രൂപീകരിക്കുകയും ജീവിതത്തില്‍ ഒരു നിയോഗമാക്കേണ്ടതുമായ മഹത്തായ സഹജീവി സ്‌നേഹത്തിന്റെ മുദ്രാവാക്യമാണ്...'' ജോണ്‍ സി വര്‍ഗീസ് പറയുന്നു. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും വിളംബരമായ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായ ജോണ്‍ സി വര്‍ഗീസ്, സംഘടനയുടെ ചിക്കാഗോ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.

ഫോമയുടെ മുന്‍ സെക്രട്ടറി (2008-10) സ്ഥാനത്തിരിക്കെ 2010ലെ ലാസ്‌വേഗാസ് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സലീം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി മത്സരരംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഫോമാ റീജിയനുകളുടെയും വിവിധ മലയാളി സംഘടനകളുടെയും താത്പര്യവും സമ്മര്‍ദ്ദവും മാനിച്ചാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനവിധി തേടുന്നതെന്ന് ജോണ്‍ സി വര്‍ഗീസ് വെളിപ്പെടുത്തി. ഫോമയെന്ന ബൃഹത്തായ ഒരു ഫെഡറേഷന്റെ അമരത്തേയ്ക്ക് മത്സരിക്കുമ്പോള്‍ തന്റെ സുതാര്യമായ സംഘടനാ പ്രവര്‍ത്ത പാരമ്പര്യം പിന്‍ബലമാകുമെന്ന് സലീമിന് ശുഭപ്രതീക്ഷയുമുണ്ട്.

അടുത്ത കാലത്ത് എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ച ലോഡ് കൃഷ്ണ ബാങ്കില്‍ പത്തു വര്‍ഷക്കാലം ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും പലവട്ടം നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോണ്‍ഗ്രസിന്റെ ട്രഷററുമായിരുന്നു.

ദയ ഒരാളുടെ ഹൃദയത്തില്‍ നിന്നാണുണരുന്നത്. അവിടെ യുക്തിക്ക്, വാദ പ്രതിവാദങ്ങള്‍ക്ക് ഒന്നും ഇടമില്ല. ഹൃദയം സ്‌നേഹാര്‍ദ്രമാകുമ്പോള്‍ മനസില്‍ ദയയുണ്ടാവുന്നു. വേദനിക്കുന്ന ഒരാളുടെ നേരേ, വിശക്കുന്ന ഒരാളുടെ നേരേ, പരിഗണന, ശ്രദ്ധ പതിയുമ്പോള്‍ അവിടെ ദയ പ്രത്യക്ഷമാകുന്നു. ദയയ്ക്കു മുന്നില്‍ ഭൗതിക ലോകത്തിന്റെ ലാഭത്തിന്റെ, അറിവിന്റെ കണക്കുകളെല്ലാം മറഞ്ഞില്ലാതാവുന്നു. മനസിന്റെ ദിവ്യമായ തലം അവിടെ പ്രത്യക്ഷമാകുന്നു.
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ സാന്ത്വസം ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഉച്ച നേരങ്ങളില്‍ നാം കാണുന്നത് ജോണ്‍ സി വര്‍ഗീസിന്റെ കാരുണ്യ മനസാണ്. സാമൂഹികവും സാംസ്കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമായ ജോണ്‍ സി വര്‍ഗീസിന് വിശപ്പ് മറന്ന് ആദരവര്‍പ്പിക്കുകയാണ് ആശുപത്രിയിലെ നിര്‍ധന രോഗികളും അവരുടെ സഹവാസികളും.
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണം നല്‍കി ജോണ്‍ സി വര്‍ഗീസ്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണം നല്‍കി ജോണ്‍ സി വര്‍ഗീസ്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണം നല്‍കി ജോണ്‍ സി വര്‍ഗീസ്
Join WhatsApp News
Varughese George 2018-06-19 21:50:53
Your left hand should not know what your right hand does!
This cheap publicity will negate the integrity of the good deed.
പൊട്ടൻ ചാക്കോ 2018-06-19 23:29:29
ഇദ്ദേഹം  ആഹാരം പാവങ്ങൾക്ക് ആഹാരം കൊടുത്ത് ഫോമാ പ്രസിഡണ്ടാകാൻ ശ്രമിക്കുന്നു 
രേഖാ നായർ കിഡ്‌നി കൊടുത്ത് സെക്രട്ടറി ആകാൻ ശ്രമിക്കുന്നു .  എനിക്ക് ഒന്നും മനസിലാകുന്നില്ല . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക