Image

ലഹരി ഗുളികകളുമായി നടന്‍ അറസ്റ്റില്‍

Published on 20 June, 2018
ലഹരി ഗുളികകളുമായി  നടന്‍ അറസ്റ്റില്‍

കണ്ണൂര്‍: നിരോധിത ലഹരി ഗുളികകളുമായി സിനിമാനടനായ യുവാവിനെ എക്‌സൈസ്‌ നാര്‍ക്കോട്ടിക്ക്‌ സംഘം അറസ്റ്റ്‌ ചെയ്‌തു.

തലശ്ശേരി സെയ്‌ദാര്‍പള്ളിക്ക്‌ സമീപത്തെ ബില്ലന്റകത്ത്‌ വീട്ടില്‍ മിഹ്‌റാജ്‌ കാത്താണ്ടിയെ (34)യെയാണ്‌ എക്‌സൈസ്‌ നാര്‍കോട്ടിക്ക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ്‌ ചെയതത്‌. മാരക ലഹരി ശേഷിയുള്ള നിരോധിത ഗുളികയായ ആയിരം മില്ലീഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്ത്‌ ആംപ്‌ഫിറ്റാമിനും 7.5 ഗ്രാം സ്‌പാസ്‌മോ പ്രോക്‌സിവോണും സഹിതമാണ്‌ ഇയാള്‍ അറസ്റ്റിലായത്‌.

എക്‌സൈസ്‌ കമ്മീഷണര്‍ക്ക്‌ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ്‌ നാര്‍കോട്ടിക്ക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ അതിമാരക ലഹരിമരുന്ന്‌ പിടികൂടിയത്‌.
മോളി, എക്‌റ്റസി എന്നീ ചെല്ലപ്പേരുകളില്‍ അറിയപ്പെടുന്ന ഈ ലഹരി വസ്‌തു പാര്‍ട്ടി ഡ്രഗ്ഗ്‌ ആയാണ്‌ വിദേശത്തും ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ നടത്തപ്പെടുന്ന ഡീജെ പാര്‍ട്ടികളിലും ഉപയോഗിക്കുന്നത്‌.

വെറും .02 മില്ലിഗ്രാം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ആറ്‌ മുതല്‍ പന്ത്രണ്ട്‌ മണിക്കൂര്‍ വരെ ഭൂമിയില്‍ നിന്നും ഉയരത്തിലേക്ക്‌ പറക്കുന്ന അനുഭവവും അസാധാരണമായ അനുഭൂതിയും ഉണ്ടാവുമെന്നാണ്‌ പഠനം വെളിപ്പെടുത്തുന്നത്‌. ഇത്‌ ഒന്നിലേറെ തവണ ഉപയോഗിച്ചാല്‍ കിഡ്‌നി തകരാറിലാവുകയും ശാരീരികവും മാനസിക വിഭ്രാന്തി പോലുള്ള പ്രധാന വെല്ലുവിളികള്‍ നേരിടുകയും ചെയ്യും.

പോയന്റ്‌ രണ്ട്‌ മില്ലിഗ്രാം കൈവശം വച്ചാല്‍ ജാമ്യം പോലും ലഭിക്കാത്ത മാരക ലഹരിമരുന്നാണ്‌ ഇത്‌. വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന ഇത്‌ മൂന്ന്‌ ഡോക്ടര്‍മാരുടെ കുറിപ്പ്‌ ഉണ്ടെങ്കില്‍ മാത്രമെ രോഗികള്‍ക്ക്‌ ലഭിക്കുകയുള്ളൂ. ഇത്തരം മാരക വസ്‌തുക്കള്‍ യുവാക്കളില്‍ ആവശ്യാനുസരണം എത്തുന്നത്‌ എക്‌സൈസ്‌ ഭീതിയോടെയാണ്‌ കാണുന്നത്‌. ഒരു മാസം മുമ്പും പഴയങ്ങാടി മാട്ടൂല്‍ ഭാഗത്ത്‌ നിന്ന്‌ ഇതേ ലഹരിമരുന്ന്‌ പിടികൂടിയിരുന്നു.

സ്‌കൂള്‍ കുട്ടികളാണ്‌ പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍. അദ്യത്തെ ഒന്നോ രണ്ടോ തവണ പണം ഈടാക്കാതെ ലഹരി വസ്‌തുക്കള്‍ കുട്ടികള്‍ക്ക്‌ നല്‍കുകയും ഇത്തരം കുട്ടികള്‍ ഇതില്‍ അകപ്പെട്ടുകഴിഞ്ഞാല്‍ ഇവരെ ഇടനിലക്കാരാക്കിവില്‍പ്പന നടത്തുകയും ചെയ്യുന്നതാണ്‌ ഇയാളുടെ രീതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക