Image

'ലോക വായനാദിനം' ആയിരുന്നല്ലോ ജൂണ്‍ 19, 2018- (ഇ.ഡി.ഭാസ്‌ക്കരന്‍)

ഇ.ഡി.ഭാസ്‌ക്കരന്‍ Published on 20 June, 2018
'ലോക വായനാദിനം' ആയിരുന്നല്ലോ ജൂണ്‍ 19, 2018- (ഇ.ഡി.ഭാസ്‌ക്കരന്‍)

ഇത്തരുണത്തില്‍ ഞാന്‍ വായനയിലേക്ക് വന്നതെങ്ങിനെ എന്നൊന്ന് ഓര്‍ത്തുനോക്കി.

നമ്മുടെ മഹാനായ കവിയായിരുന്ന കുഞ്ഞുണ്ണി മാഷ്, അദ്ദേഹത്തിന്റെ വളരെ ലളിതവും ഫ്രസ്വവുമായ യീ കവിതയില്‍, വളരെ ആഴത്തില്‍ നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന യീ കവിതാശകലം ഓര്‍മയില്‍ തെളിഞ്ഞു:

'വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും;
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും'

എന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് എന്നെ ഒന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പ്രവേശിപ്പിച്ചുകൊണ്ടാണ്. അന്നൊന്നും എല്‍.കെ.ജി / യു.കെ.ജി (കിന്റെര്‍ഗാര്‍ട്ടന്‍) സമ്പ്രദായം ഇല്ലായിരുന്നു. പ്ലേ സ്‌കൂളും ഇല്ലായിരുന്നു.  അതിനാല്‍ 
എല്ലാ കുട്ടികളും ഒന്നാം ക്ലാസില്‍ നേരിട്ട് ചേര്‍ന്ന് പഠിക്കാന്‍ നിര്‍ബന്ധിതരായി.

എന്റെ മൂത്ത സഹോദരി ശ്രീമതി. സരോജിനി (അവര്‍ ഇന്നു ജീവിച്ചിരിപ്പില്ല) ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ് ജോലി സംബന്ധിച്ച് മുംബയില്‍ ആയിരുന്നതിനാല്‍ ഞങ്ങളുടെ തറവാട്ടില്‍ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്. അതിനാല്‍ എന്നെ സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തു. ഞാന്‍ സ്‌കൂളില്‍ പോകാന്‍ കടുത്ത മടിയുള്ള കുട്ടിയായിരുന്നു. ഞാന്‍ ഏറ്റവും ഇളയ പുത്രന്‍ ആയിരുന്നതിനാല്‍ (ആറാമത്തെ) എന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിലെ  മറ്റെല്ലാവര്‍ക്കും ഞാന്‍ ഒരു സ്‌നേഹവാത്സല്യഭാജനം ആയിരുന്നു. എല്ലാവരും കൂടുതല്‍ സ്വാതന്ത്ര്യത്തോടും സ്‌നേഹത്തോടും എന്നോട് പെരുമാറുമായിരുന്നു. ആ പരിഗണന ശരിക്കും എന്നെ കൂടുതല്‍ കൂടുതല്‍ വഷളാക്കിത്തീര്‍ത്തിരുന്നു എന്നുവേണം പറയാന്‍.  എന്റെ വീട്ടിലെ ഓമനപ്പേര് 'ഭാസി' എന്നാണ്.  അതിനാല്‍ എല്ലാവരും പറഞ്ഞു കളിയാക്കും 'ഭാസിക്ക് വാശി കൂടുതല്‍ ആണെന്ന്!  അതുകൊണ്ട് എല്ലാ സമയത്തും അമ്മയോടൊപ്പമുണ്ടാകാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എന്റെ സഹോദരന്മാരും സഹോദരിമാരും ഞങ്ങളുടെ ബന്ധുക്കളും എന്നെ പരിഹസിച്ചു. ഞാന്‍ അമ്മയുടെ, കംഗാരുവിന്റെ അധീനതയില്‍ ഒരു സഞ്ചിയില്‍ കൊണ്ടുനടക്കപ്പെടുന്ന ഒരു കുട്ടി കംഗാരുവിനെ പോലെ  ആണെന്ന്!

അതുകൊണ്ട് എന്നെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടയില്‍, 'എനിക്കു സ്‌കൂളില്‍ പോകണ്ടാ'' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു അലറി കരയുന്നുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ എന്റെ ചേച്ചി വഴിയരികില്‍ കിട്ടുന്ന ചണതണ്ട് പൊട്ടിച്ചു കഷങ്ങളായി എന്റെ പോക്കറ്റില്‍ ഇട്ടു തരുമായിരുന്നു, ആ  ചണതണ്ട് കൊണ്ടാണ് അന്നൊക്കെ സ്ലെറ്റിലെ എഴുത്ത് മായ്ച്ചു കളഞ്ഞിരുന്നത്. അങ്ങിനെ ഒരുവിധം കഷ്ട്ടപെട്ടു ചേച്ചി എന്നെ സ്‌കൂളില്‍, എന്റെ ഒന്നാം ക്ലാസ്സില്‍ എത്തിക്കും. അവിടെ കുഞ്ഞുകുട്ടി ടീച്ചര്‍ക്ക് ആയിരുന്നു എന്റെ ക്ലാസ്സിന്റെ ചാര്‍ജ്.  എന്നെ ചേച്ചി  ടീച്ചറെ ഏല്‍പ്പിച്ചു സമാധാനത്തോടെ വീട്ടിലേക്കു മടങ്ങും.  എന്നാല്‍ ഞാന്‍,  ടീച്ചര്‍ ക്ലാസ്സിലെ ഹാജര്‍ നില എടുത്തു കഴിഞ്ഞാലുടന്‍, വളരെ അത്യാവശ്യമായി മൂത്രവിസര്‍ജ്ജനം ചെയ്യണമെന്നു പറഞ്ഞു വാശി പിടിക്കും.   ടീച്ചര്‍ ഗത്യന്തരമില്ലാതെ എന്നെ സ്‌കൂള്‍ ശോചനാലയത്തിലേക്ക് പറഞ്ഞു വിടും. സ്‌കൂളില്‍ നിന്നും ഓടിപ്പോകാന്‍ ഞാന്‍ ഈ അവസരം എടുക്കുകയായിരുന്നു, 

ഏറ്റവും രസകരമായ ഭാഗം, എന്റെ സഹോദരി തിരിച്ചു വീട്ടിലേക്കു പോകും വഴി അയല്‍വാസികളോട് കുശലാന്വേഷണം പങ്കിട്ടു കുറച്ചു സമയം ചിലവഴിക്കുമായിരുന്നു.
അതുകൊണ്ട് ഏകദേശം ഒരു മണിക്കൂറിനുശേഷം അവര്‍ വീട്ടിലെത്തും. എന്നാല്‍, ഇതിനകം വീട്ടിലെത്തി അമ്മയുടെ അകിട് പറ്റി ( കംഗാരു ഉപമ ഓര്‍ക്കുന്നുണ്ടല്ലോ) ഞാന്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ചേച്ചിക്ക് വല്ലാത്ത സങ്കടവും അരിശവും ഉണ്ടാകുമായിരുന്നു.  ഞങ്ങളുടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് നടപ്പാത വഴിക്കും, പാടവരമ്പുകളിലൂടെ (നെല്‍കൃഷിസ്ഥലം) ഒരു കുറുക്കുവഴിയും ഉണ്ടായിരുന്നു. ചേച്ചി നടപ്പാത വഴി വീട്ടിലെത്തുമ്പോള്‍ ഞാന്‍ ആ കുറുക്കു വഴി ഓടി കിതച്ചു വീട്ടില്‍ എത്തും!  പാടവരമ്പുകളിലെ ചളിയൊന്നും എനിക്കു ഒരു പ്രശ്‌നമേ അല്ലായിരുന്നു.

 എന്നെ രാവിലെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ എത്ര നേരം എടുത്താണ് ചേച്ചി തയ്യാറാകുന്നതെന്നും ചേച്ചി മറ്റു വീട്ടുപണികള്‍ ഒക്കെ ഉപേക്ഷിച്ചു എനിക്കു വേണ്ടി ഇങ്ങിനെ കഷ്ട്ടപ്പെടുന്നതിനെ പറ്റിയും ഒക്കെ ഓര്‍ത്തു വിലപിച്ചു സങ്കടപ്പെട്ടിരുന്നു!

എന്തായാലും ആദ്യ ഒരു ആഴ്ച ഞാന്‍ ഈ രീതിയില്‍ തുടര്‍ന്നു.  നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ചേച്ചി ക്ലാസ്സ് ടീച്ചറോട് പറഞ്ഞു ഞാന്‍ എന്ത്തന്നെ പറഞ്ഞു വാശിപിടിച്ചാലും ഒരു കാരണവശാലും ക്ലാസ്സില്‍ നിന്നും പുറത്തേക്കു വിടരുതെന്ന്!  അതോടെ, ഞാന്‍ ക്ലാസ്സില്‍ തന്നെ, മറ്റു കൂട്ടുകാരോടൊപ്പം വൈകീട്ട് നാല് മണി വരെ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതനായി.  

ആ ദിവസങ്ങളില്‍ ഒരു ക്ലാസ്സില്‍ ഒരു ക്ലാസ്സ് ടീച്ചര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; മൂന്നാം ക്ലാസ് വരെക്കും. ഇംഗ്ലീഷ്, ഗണിതം, മലയാളം, ശാസ്ത്രം, സാമൂഹ്യപാഠം എന്നിവ പഠിപ്പിക്കുന്നതിന് 4ാം ക്ലാസില്‍ എത്തിയപ്പോള്‍ വേറെ കുറച്ചു അധ്യാപകരെയും മാസ്‌റ്റേഴ്‌സുമാരെയും ഞങ്ങള്‍ക്ക് ലഭിച്ചു. കല്യാണികുട്ടി ടീച്ചര്‍, ഗംഗാധരന്‍ മാസ്റ്റര്‍, സ്വാമിനാഥന്‍ (സ്വാമി മാഷ്) മാസ്റ്റര്‍, രാജഗോപാലന്‍ മാസ്റ്റര്‍, ദേവയാനി ടീച്ചര്‍ എന്നിവരായിരുന്നു അവര്‍. ഇവരുടെയൊക്കെ വളരെ ശ്രദ്ധാപൂര്‍വ്വമുള്ള അന്നത്തെ 
വിദ്യാഭ്യാസ പരിരക്ഷണം മൂലം ഞാനും എന്റെ മിക്ക സഹപാടികളും ഇന്ന് സാമാന്യം ഭേധമല്ലാത്ത ഒരു നിലയില്‍ യെത്തിപ്പെട്ടെന്നു വേണം പറയാന്‍.

അന്നൊക്കെ, പട്യെതര വിക്ഞാനം ലഭിക്കാന്‍ വേറെ വഴികള്‍ ഒന്നും ഇല്ലായിരുന്നു.  ഇന്നത്തെ പോലെ ഇന്റര്‍നെറ്റോ ടി.വി. വാര്‍ത്തകളോ, എന്തിനു, മാതൃഭൂമിയോ മനോരമയോ ഒഴിച്ചാല്‍ വേറെ ദിനപത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.  വളരെ പിന്നീട് യിഗ്ലീഷ് പത്രങ്ങളായ 'ദി ഹിന്ദു', 'ടൈംസ്' എന്നിവ കിട്ടാന്‍ തുടങ്ങി.  അന്നൊക്കെ ദിനപത്രങ്ങള്‍ വരുത്താന്‍ എല്ലാ വീട്ടുകാര്‍ക്കും കഴിയുമായിരുന്നില്ല. അതിനാല്‍ ഏക ആശ്രയം, ഞങ്ങളുടെ വീടിനു ഏതാണ്ട് 5 മിനുട്ട് നടന്നാല്‍ എത്താവുന്ന 'പേരൂര്‍ ഗ്രാമീണ വായനശാല' ആയിരുന്നു.  അവിടെ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു യെന്പതുകളില്‍.  

എന്റെ മറ്റൊരു സഹോദരന്‍ ആയ ശ്രീമാന്‍ ഇടത്തോടി രാമന്‍കുട്ടി എന്നെ ആറാം ക്ലാസ്സ്മുതല്‍ യീ വായനശാലയില്‍ നിര്‍ബന്ധിച്ചു ചേര്‍പ്പിച്ചു.  ഞാന്‍ വായിക്കുന്ന പുസ്തകങ്ങളുടെ ഒരു കണക്കു ഒരു നോട്ട് ബുക്കില്‍, തിയ്യതി, പുസ്തകത്തിന്റെ പേര്, മടക്കിയ തിയ്യതി, പുസ്തകത്തിന്റെ ടൈപ്പ് (നോവല്‍, നാടകം എന്നിങ്ങനെ),  വായിച്ച പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ച ഒരു ചെറിയ നോട്ട് എന്നിവ രേഖപ്പെടുത്തിവെക്കാനും കര്‍ശനമായി ചുമതലപ്പെടുത്തി.   ഞാന്‍ ചേട്ടന്റെ യീ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നുണ്ടോ ഇല്ലയോ എന്ന് യീ പുസ്തകം എടുത്തു പരിശോധിച്ചാല്‍ അറിയാന്‍ കഴിയും! 

ഞാന്‍ വായിച്ച പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍ക്കുന്നില്ല. പക്ഷേ, തടിമാടന്‍ പോലുള്ള കഥകള്‍ ഓര്‍ക്കുന്നു. ചില പുസ്തകങ്ങളില്‍ തന്റെ വീട്ടിലും ഗ്രാമീണരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നവര്‍, 
എസ്.കെ. പൊറ്റേക്കാട്ട് എഴുതിയ കുറച്ചു യാത്രാവിവരണ പുസ്തകങ്ങള്‍, കുറച്ച് നാടകങ്ങള്‍, നോവലുകള്‍, എന്നിവ ഓര്‍മയുണ്ട്.

ഈ സഹോദരന്‍ രാമന്‍കുട്ടി പുസ്തക വായനാശീലം എന്നില്‍ കെട്ടിപ്പടുക്കുന്നതിനിടയില്‍ ഒരു വലിയ പങ്കാണ് വഹിച്ചത്. 

അതേ സമയം എന്റെ (ഞങ്ങളുടെയെല്ലാം) മൂത്ത സഹോദരന്‍ ശ്രീ. ചന്ദ്രന്‍ (അദ്ദേഹവും ഇന്നില്ല) ഒരു സിനിമാ പ്രിയന്‍ ആയിരുന്നു.  അച്ഛന്‍ കഴിഞ്ഞാല്‍ അദ്ധെഹമാണ് ഞങ്ങളുടെ കുടുമ്പനാഥന്‍.  അദ്ധേഹത്തിനു ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആയിരുന്നതിനാല്‍ കേരളം, തമിഴ്‌നാട് (അന്നത്തെ മദ്രാസ്), തൃശ്ശിനാപ്പള്ളി, കര്‍ണാടകയിലെ ചില സ്ഥലങ്ങള്‍ ഒക്കെ പോകേണ്ടിയിരുന്നു.  അപ്പോള്‍ അവിടങ്ങിലുള്ള സിനിമാ തിയറ്റരുകളില്‍ പോയി സിനിമകള്‍ കാണാനും ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഞങ്ങളുടെ ചന്ദ്രേട്ടന്‍.  യീ ചന്ദ്രേട്ടനും ഒരു നല്ല സ്വഭാവം ഉണ്ടായിരുന്നു. 'ഞാന്‍ കണ്ട സിനിമകള്‍' എന്ന പേരില്‍ ഒരു പുസ്തകം സൂക്ഷിക്കുകയും അതില്‍ സിനിമ കണ്ട തിയ്യതി, സിനിമയുടെ പേര്, ഹീറോ/ഹീറോയിന്‍, സിനിമയെ കുറിച്ചൊരു ചെറിയ വിവരണം  (നല്ലത്, മോശം, കുടുംബപരം, ഭീരുത്വ സ്വഭാവം ഉള്ളവ എന്നിങ്ങനെ) എഴുതി സൂക്ഷിച്ചിരുന്നു.  ഏതാണ്ട് 500 നടുത്ത് അദ്ദേഹം സിനിമകള്‍ കണ്ടു കാണും!

ഏറ്റവും ഇളയ ആളായ എനിക്കു ചന്ദ്രേട്ടന്‍ ഇടക്കെല്ലാം അമ്മയെയും കൂട്ടി ഞങ്ങള്‍ക്ക് അന്ന് ഏക ആശ്രയമായുള്ള 'മങ്കര ശ്രീദേവി' സിനിമ ടാക്കീസില്‍ പോയി, നല്ല സിനിമള്‍ വരുമ്പോള്‍ ചെന്ന് കാണാന്‍ പൈസ തരുമായിരുന്നു.  അന്നൊക്കെ സിനിമകള്‍ മാറുമ്പോള്‍ രണ്ടാളുകള്‍ ഗ്രമാങ്ങളിലെല്ലാം നടന്നു (ഒരാള്‍ ചെണ്ട കൊട്ടും, മറ്റൊരാള്‍ സിനിമാ നോട്ടീസ് വിതരണം ചെയ്യും) ഞങ്ങളുടെ വീട്ടിലും വന്നു മോരും വെള്ളമോ അതില്ലെങ്കില്‍ വെറും വെള്ളമോ കുടിച്ചു ദാഹം തീര്‍ക്കാന്‍ വരുമായിരുന്നു.  അപ്പോള്‍ ഞങ്ങള്‍ക്കും സിനിമ നോട്ടീസ് ലഭിക്കും.  അങ്ങിനെ നല്ല സിനിമകള്‍ കാണാന്‍ അവസരം ഉണ്ടായി.  പിന്നീട്, അടുത്ത പ്രദേശങ്ങള്‍ ആയ ലെക്കിടി, ഒറ്റപ്പാലം ഒക്കെ പോയി നല്ല നല്ല സിനിമകള്‍ കാണുമായിരുന്നു.  ചന്ദ്രേട്ടന്‍ സൂക്ഷിച്ച പോലെ ഒരു പുസ്തകവും ഞാനും എഴുതി സൂക്ഷിച്ചിരുന്നു.  പിന്നീട് അവയൊക്കെ ചിതല്‍ തിന്നു പോയിക്കാണണം!

വിവാഹിതനായപ്പോള്‍ ഭാര്യ പല പുസ്തകങ്ങളും ശേഖരിച്ചുകൊണ്ടിരുന്നു. വിവിധ നോവലുകള്‍, മഹാഭാരതം, രാമായണം, ഭഗവത് ഗീത തുടങ്ങി ഒട്ടേറെ മഹത്ഗ്രന്ഥങ്ങള്‍, ഭക്തിഗാനങ്ങളുടെ ശേഖരം എന്നിങ്ങനെ.  തുടര്‍ന്ന് എന്റെ രണ്ടു ആണ്‍കുട്ടികളും വളര്‍ന്നു വലുതായപ്പോള്‍ അവരും അവരുടെ ഇഷ്ടപ്രകാരമുള്ള പുസ്തകങ്ങള്‍ ശേഖരിച്ചുതുടങ്ങി. ഞങ്ങളുടെ ഒന്നിച്ചുള്ള വിദേശരാജ്യങ്ങളിലേക്കുള്ള സഞ്ചാരവേളകളിലും നാട്ടിലേക്കും ഉള്ള യാത്രകളിലും അവര്‍ പല എയര്‍പോര്‍ട്ടുകളിലും ഉള്ള പുസ്തകശാലകളിലും, ഞങ്ങള്‍ താമസിച്ച സൌദി അറേബ്യ, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ പുസ്തകശാലകളിലും ഒക്കെ ചെന്ന് പല പുസ്തകങ്ങളും അവര്‍ ഞങ്ങളുടെ വീട്ടിലെ ഷെല്‍ഫില്‍ വാങ്ങി വെച്ചിട്ടുണ്ട്.  ഇനി സമയം കിട്ടുമ്പോള്‍ എല്ലാം ഓരോന്നു എടുത്ത് വായിച്ചു തുടങ്ങണം എന്ന് ഞാന്‍ ഉദ്ധെശിക്കുന്നു.   

എല്ലാവര്‍ക്കും ഒരു സന്തുഷ്ട 'ലോക വായനാദിനം'  ആശംസിച്ചുകൊണ്ടും 'വായിച്ചു തന്നെ വളരട്ടെ' എന്ന കുഞ്ഞുണ്ണി മാഷിന്റെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ടും, വായനയില്‍ ദിവസേന കുറച്ചെങ്കിലും സമയം എല്ലാവര്‍ക്കും കണ്ടെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടും....

സസ്‌നേഹം,



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക