Image

സോക്കര്‍ സുവിശേഷം (കുരുവിള വര്‍ഗീസ്)

Published on 20 June, 2018
സോക്കര്‍ സുവിശേഷം (കുരുവിള വര്‍ഗീസ്)
റിട്ടയര്‍ ചെയ്തശേഷമുള്ള ആദ്യത്തെ ലോകകപ്പില്‍ നിന്നും അവസാന തുള്ളിയും ഊറ്റിക്കുടിക്കണമെന്നാണ് ആഗ്രഹം. ഇതിനുമുമ്പും ലോകകപ്പെന്നു കേള്‍ക്കുമ്പോള്‍ ആവേശം ഒട്ടും കുറവല്ലായിരുന്നു. പക്ഷേ എത്രശ്രമിച്ചാലും സ്വസ്ഥമായിരുന്നു കളികാണുകയെന്നത് സ്വപ്നം മാത്രമായിരുന്നു. ഫൈനല്‍ പോലും കാണാന്‍ കഴിയാതിരുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. ജോലിത്തിരക്കു തന്നെ കാരണം! ഇനിയിപ്പോള്‍ ജോലിയുടെ ഭാരം ഒന്നിനും തടസ്സമാവില്ല, ഫുട്!ബോള്‍ പോലെയുള്ള ഒരുപിടി സ്വകാര്യ ഇഷ്ടങ്ങള്‍ ആവോളം പരിപോഷിപ്പിക്കാം..

ലോകത്ത് ഏറ്റവുമധികമാളുകള്‍ നേരിട്ടും അല്ലാതെയും വീക്ഷിക്കുന്ന കായിക ഇനമാണ് ലോകകപ്പ് ഫുട്‌ബോള്‍. ഇരുനൂറില്‍പ്പരം രാജ്യങ്ങള്‍ മൂന്നു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രാഥമികറൗണ്ട് മത്സരങ്ങള്‍ക്കുശേഷം തെരഞ്ഞെടുത്തയക്കുന്ന 31 രാജ്യങ്ങളും ആതിഥേയരായ റഷ്യയുമാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ക്ക് കളത്തിലിറങ്ങുന്നത്.
നാലുകൊല്ലത്തിലൊരിക്കല്‍ വന്നുചേരുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ലോകമെമ്പാടുമുള്ള സോക്കര്‍ പ്രേമികള്‍ ഒരുമാസക്കാലം വോള്‍ഗയുടെ വിപ്ലവഭൂമിയിലേക്ക് കണ്ണുംനട്ട് ഒരേയിരിപ്പായിരിക്കും.

ഉദ്ഘാടനമത്സരം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അറിയപ്പെടുന്ന സ്‌പോര്‍ട്ടസ് ലേഖകനും എന്റെ സുഹൃത്തുമായ ക്രിസ് തോമസിന്റെ വികാരതീവ്രമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. നാലുവര്‍ഷം കൂടിയെങ്കിലും ആയുസുതരണേയെന്നാണ് അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന, മറ്റൊന്നിനുമല്ല ഒരു വേള്‍ഡ് കപ്പ് മത്സരമെങ്കിലും നേരില്‍ കാണണമെന്ന ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാന്‍. 2022 ലെ ദോഹ വേള്‍ഡ് കപ്പാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്. എനിക്കെന്താ അങ്ങനെയൊരു ആഗ്രഹമില്ലാത്തത്, ഞാനോര്‍ത്തു. ഞാനുമൊരു ഫുട്!ബോള്‍ കളിക്കാരനും അതിലേറെ ഫുട്!ബോള്‍ ഭ്രാന്തനുമായിരുന്നല്ലോ!? എന്നിട്ടും!!

ബ്രസീലിന്റെ കാര്യം പറഞ്ഞതുപോലെ ഫുട്!ബോള്‍ ജ്വരം ഒരു സംക്രമികരോഗമായി തിരുവല്ലയെ ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പന്തുകളിയുള്ള ദിവസങ്ങളില്‍ നിരത്തില്‍ വാഹനങ്ങളില്ലാത്ത, കടകള്‍ തുറക്കാത്ത ഒരു കാലം. ഓട്ടംവിളിച്ചാല്‍ ടാക്‌സി കാറുകള്‍ വരാന്‍ കൂട്ടാക്കാത്ത കാലം. ശരിക്കും ബ്രസീലിനെപ്പോലെയൊരു "ീ ജമí െറീ എൗലേയീഹ" ഫുട്!ബോള്‍ രാജ്യം!
അവധിദിവസങ്ങളില്‍ ശരാശരി എട്ടുമണിക്കൂര്‍ ഇടവേളയില്ലാതെ ഫുട്!ബോള്‍ കളിക്കുന്നതായിരുന്നു ഞങ്ങള്‍ പടിഞ്ഞാറുകാരുടെ പതിവ്. അതിന് സ്‌റ്റേഡിയം വേണമെന്നില്ല. പാടത്തോ ഇടവഴിയിലോ വീട്ടുമുറ്റത്തോ എവിടെയും ഒരേ വീര്യത്തോടെ ഞങ്ങള്‍ കളിക്കും. റബര്‍ പന്തില്ലെങ്കില്‍ കമ്പിളിനാരങ്ങ തീയിലിട്ട് വാട്ടിയെടുക്കും. പക്ഷെ മീനത്തിലെ കൊയ്ത്തുകഴിഞ്ഞു പാടങ്ങളെല്ലാം ശൂന്യമായിക്കഴിയുമ്പോള്‍ കളി കാര്യമാവും. അപ്പോഴാണ് തോല്‍പന്തുകൊണ്ടുള്ള കളിസീസണ്‍ ആരംഭിക്കുക. കൊയ്ത്തുകഴിഞ്ഞു നെല്ലെല്ലാം അറയിലും വൈക്കോല്‍ തുറുവിലുമായാല്‍ പിന്നെ നെല്‍പാടങ്ങളെല്ലാം നാട്ടിലെ പിള്ളേര്‍ക്ക് അവകാശപ്പെട്ടതാണ്. യഥാര്‍ത്ഥ കൊയ്ത്തുത്സവം അവിടെയാണ് ആഘോഷിക്കപ്പെടുന്നത്.

കൊയ്ത്തടുക്കുമ്പോള്‍ തന്നെ പന്തുവാങ്ങാനുള്ള പണപ്പിരിവാരംഭിക്കും. ഒഴിവുള്ള ദിവസംനോക്കി മേപ്രായില്‍നിന്ന് കാല്‍നടജാഥയായി തിരുവല്ല കുരിശുകവലയിലെ പ്രശസ്തമായ എം എം കുഞ്ഞു സാഹിബിന്‍റെ (നമ്മുടെ എം. സലീമിന്റെ പിതാവ്) കടയിലെത്തി പന്തും വിലയുമൊക്കെ കണ്ടുബോധിച്ചു മടങ്ങും, എട്ടുരൂപ അമ്പതുപൈസയാണെന്ന് തോന്നുന്നു ബജറ്റിലൊതുങ്ങുന്ന ഒരു പന്തിന്റെ വില. അതെങ്ങനെ ഒപ്പിക്കുമെന്ന ചിന്താഭാരവുമായിട്ടായിരിക്കും മടക്കയാത്ര.

ഫുട്!ബോള്‍ ഗ്രൗണ്ടിന് നിശ്ചിത നീളം വീതിയോ ഗോള്‍പോസ്റ്റിന് നിശ്ചിത അകലമോ ഉയരമോ ഉണ്ടോ എന്നൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല. കളിക്കാരുടെ എണ്ണമനുസരിച്ച് കോര്‍ട്ടിന്റെ വലിപ്പം കൂടാം കുറയാം. വിശാലമായ നെല്‍പാടാമല്ലേ സ്ഥലപരിമിതിയുടെ പ്രശ്‌നം ഉദിക്കുന്നുമില്ല! പന്തുവാങ്ങാന്‍ സഹകരിച്ചവരെയെല്ലാം ടീമിലെടുത്തേപറ്റൂ, ഒരു മുതല്‍മുടക്കുമില്ലാതെ എവിടെയും കളിക്കാന്‍ അവകാശമുള്ള ഒരു കൂട്ടരുണ്ട്, അതില്‍ പഴയകാല കളിക്കാരുണ്ടാവാം, നാട്ടുചട്ടമ്പിമാരുമുണ്ടാവാം. അവരെക്കൂടി അക്കോമഡേറ്റ് ചെയ്താലേ കളി നടക്കൂ. അങ്ങനെ അപൂര്‍വ്വമായെങ്കിലും കളിക്കാരുടെയെണ്ണം 22 നുമപ്പുറമെത്തിയ അവസരങ്ങളുമുണ്ട്.
വീടിനടുത്തുള്ള നല്ല ലക്ഷണമൊത്ത ഏതെങ്കിലുമൊരു കണ്ടത്തില്‍ രാവിലെ ആരംഭിക്കുന്ന കളി ഉച്ചയാവുമ്പോള്‍ കാരക്കലും വൈകുന്നേരം പെരിങ്ങരയിലുമായിരിക്കും അവസാനിക്കുക. അടുത്തദിവസം അത് ചാത്തങ്കരിയിലോ മുട്ടാറിലോ ആയിരിക്കും അവസാനിക്കുക.

ഇങ്ങനെ പന്തിന്റെ പിന്നാലെ ഓടിയോടി സ്കൂള്‍ജീവിതം പൂര്‍ത്തിയാക്കിയാണ് ഞാന്‍ തിരുവല്ല കോളജിലെത്തുന്നത്, കളിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും നിലവില്‍ പുതിയ കളിക്കാര്‍ക്ക് എത്തിനോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അവിടെ. കാരണം, തെന്നിന്ത്യയിലെ സോക്കര്‍ സിംഹങ്ങളായ സാക്ഷാല്‍ ജോണും കൊച്ചീപ്പനും ചന്ദ്രനുമൊക്കെയാണ് അവിടെ അരങ്ങുവാഴുന്നത്. അങ്ങനെ കളി കാണാന്‍ മാത്രമായി നമ്മുടെ വിധി.

പക്ഷേ കളികാണുന്നതും ഒരു ഒന്നൊന്നര കളിയാണെന്ന് ക്രമേണ ബോധ്യമായി. മാര്‍ത്തോമ്മ കോളജ് എവിടെ കളിച്ചാലും അവിടെ ഹാജരുണ്ടാവുന്ന ഒരു സ്ഥിരം സംഘത്തില്‍ ഞാനും അംഗത്വമെടുത്തു. ടീമിലംഗമല്ലെങ്കിലും ഒട്ടുമിക്ക കോളേജുകളിലെയും മുന്‍നിര കളിക്കാരുമായി സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ അതുകൊണ്ട് കഴിഞ്ഞു. അവരില്‍ ചിലരുമായി ഇപ്പോഴും സൗഹൃദം തുടരുന്നുമുണ്ട്. കളിയെക്കാള്‍ സാഹസികവും ത്രസിപ്പിക്കുന്നതുമായ കളിയാത്രകള്‍ ജീവിതത്തില്‍ സമ്മാനിച്ചു. അങ്ങനെ പന്തിനുപിന്നാലെയുള്ള ഓട്ടം കോളജ് ജീവിതത്തിലെ രസകരമായ ഒരേടായി ഇന്നും ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നു.

ജോലിതേടി കുവൈറ്റില്‍ പോയപ്പോഴും സോക്കര്‍ ഭ്രമം എന്നെ വിട്ടുപോയില്ല. കുവൈറ്റ് ടി വിയില്‍ ഏറെ പ്രീയങ്കരമായിരുന്ന “ബിഗ് ലീഗ് സോക്കര്‍” മുടങ്ങാതെ കാണുകയായിരുന്നു പ്രധാനവിനോദം. ഇന്ന് “പരസ്പര”വും “കുങ്കുമപ്പൂ”വുമൊക്കെ കാണുന്നവരെ വിമര്‍ശിക്കുമ്പോള്‍ ഞാനോര്‍ക്കും എന്റെ “ബിഗ് ലീഗ്” ആസക്തിയും ഏതാണ്ട് ഇതിനോട് സമാനമായിരുന്നല്ലോ എന്ന്.

9091 ല്‍ എപ്പഴോ ഒരു ലണ്ടന്‍ യാത്രയില്‍ പ്രതീക്ഷിക്കാതെ വീണുകിട്ടിയ മൂന്ന് ഒഴിവുദിവസങ്ങള്‍ ചിലവിടാന്‍ ഞാന്‍ കണ്ടെത്തിയത് ഇംഗ്ലണ്ടിലെ മുന്‍നിര ഫുട്!ബോള്‍ ക്‌ളബ്ബുകള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു. ആ തീരുമാനത്തിലേക്കെത്താന്‍ ഒരു പ്രധാന കാരണം ഏതാനും മാസങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സോക്കര്‍ ദുരന്തമായിരുന്നു. 1989ല്‍ ലിവര്‍പൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള എഫ് എ കപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് 96 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. മരിച്ചതിലേറെയും ലിവര്‍പൂള്‍ ആരാധകര്‍. 89 പുരുഷന്മാരും 7 സ്ത്രീകളും. ലോകമെമ്പാടുമുള്ള ഫുട്!ബോള്‍ പ്രേമികളെ അതീവ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്.

അതിരാവിലെ ലിവര്‍പൂള്‍ ക്ലബ്ബിന്റെ കവാടത്തിലെത്തുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ നീണ്ടനിര കാണാമായിരുന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണതെന്ന് മനസിലായി. പ്രധാന കവാടത്തിനടുത്ത് ഒരുക്കിയിരിക്കുന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയതാണ്. മരണമടഞ്ഞവരുടെ പേരുകള്‍ ആലേഖനം ചെയ്ത കൂറ്റന്‍ ഫലകത്തിനടുത്ത് പൂക്കളുടെ കൂമ്പാരം കാണാമായിരുന്നു. മരണമടഞ്ഞവരെ ആരെയും അറിയില്ലെങ്കില്‍കൂടി ഫലകത്തില്‍ പേരുകളില്‍കൂടി കണ്ണോടിച്ചു ഞാന്‍ കുറേസമയം അവിടെ ചിലവഴിച്ചു. അധികം ദൂരത്തല്ലാതെയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് ക്‌ളബ്ബുകളും സന്ദര്‍ശിച്ചിട്ടാണ് ഞാന്‍ അവിടെനിന്നും മടങ്ങിയത്..

പിന്നീടതുപോലൊരു സോക്കര്‍ തീര്‍ത്ഥയാത്ര നടത്തിയത് 2014 ലാണ്. തെക്കന്‍ ഫ്രാന്‍സിലെ തുളൂസ് നഗരത്തില്‍ ഔദ്യോഗികകാര്യങ്ങള്‍ക്കായി പോയ എനിക്കൊരു നീണ്ട വാരാന്ത്യം വീണുകിട്ടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ വണ്ടികയറിയത് തൊട്ടടുത്ത രാജ്യമായ സ്‌പെയിനിലേക്കാണ്. യൂറോപ്യന്‍ ഫുട്!ബോളിന്റെ ചോദ്യംചെയ്യപ്പെടാത്ത ചക്രവര്‍ത്തിമാരായ ബാഴ്‌സിലോണ ഫുട്!ബോള്‍ ക്ലബ്ബ് സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം.
സ്‌പെയിനിലെ സമ്പന്നവും വ്യവസായവല്‍കൃതവുമായ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമാണ് ബാഴ്‌സിലോണ. മാഡ്രിഡ് കഴിഞ്ഞാല്‍ സ്‌പെയിനിലെ രണ്ടാമത്തെ വലിയ പട്ടണം. കാറ്റലോണിയന്‍ സംസ്കാരവും ജീവിതരീതികളും സ്‌പെയിനിന്റെ മറ്റുഭാഗങ്ങളില്‍നിന്നും വത്യസ്തമാണ്. ആഴ്ചയില്‍ മൂന്നുദിവസങ്ങള്‍ ശനി ഞായര്‍ തിങ്കള്‍ ഒഴിവുദിവസങ്ങളാണ്. പണം സമ്പാദിക്കുവാനുള്ള തിരക്കൊന്നും എവിടെയും കാണാനില്ല. കടകളില്‍ എത്ര തിരക്കാണെങ്കിലും നിശ്ചിതസമയത്ത് ഷട്ടറിടുന്നതാണ് അവിടുത്തെ രീതി. ആണ്‍ പെണ്‍ വത്യാസമില്ലാതെ കഴിയുന്നത്ര സമയം പബ്ബുകളിലും ഫുട്!ബോള്‍ ഗ്രൗണ്ടുകളിലുമായി കളിച്ചും കളികണ്ടും കാറ്റലോണിയന്‍ ജനത തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. അതിന്റെ നേര്‍ക്കാഴ്ചയാണ് ബാഴ്‌സ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ എനിക്ക് കാണാനായത്.

ഞാന്‍ ചെല്ലുന്ന സമയം സാക്ഷാല്‍ ഇനിയസ്റ്റയും മെസ്സിയുമൊക്കെയടങ്ങുന്ന ടീം ഗ്രൗണ്ടില്‍ പരിശീലനത്തിലാണ്, ഗാലറിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. കളികഴിഞ്ഞു പ്രീയതാരങ്ങളെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഒരു ആഡംബര ബസ് കാത്തുകിടക്കുന്നുണ്ട്. നിശ്ചിത ദൂരത്തായി സുരക്ഷാ ബാരിക്കേഡുകള്‍ക്കപ്പുറത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം ആരാധകര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാനും അവരിലൊരാളായി നിലയുറപ്പിച്ചു. എല്ലാവരും മൊബൈല്‍ ഫോണുകള്‍ വീഡിയോ റിക്കോഡിങ് മോഡിലാക്കി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അരമണിക്കൂര്‍ കാത്തുനില്‍പ്പിനുശേഷം എന്തൊക്കെയോ സംഭവിക്കാന്‍പോകുന്നു എന്ന പ്രതീതി അനുഭവപ്പെട്ടു. പത്തിരുപതു മോട്ടോര്‍ സൈക്കിളുകളില്‍ സുരക്ഷാഭടന്മാര്‍ ബസിന്റെ ചുറ്റുമായി ഒരു വലയം തീര്‍ത്തു. വീണ്ടും ശ്വാസമടക്കിപിടിച്ചുള്ള കാത്തുനില്‍പ്പ്….

അതാ...ലോകമെമ്പാടുമുള്ള ഫുട്!ബോള്‍ പ്രേമികളുടെ മാനസപുത്രന്മാര്‍ ഒന്നൊന്നായി വന്നു ബസിനുള്ളിലേക്ക് ഊളിയിടുന്നു. ജനക്കൂട്ടം സമനിലതെറ്റിയതുപോലെ കളിക്കാരുടെയും പേരുകള്‍ അലറിവിളിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ ഏങ്ങലടിച്ചു കരയുന്നു. കൂടിനില്‍ക്കുന്നവരുടെ സമീപത്തുകൂടി സുരക്ഷാവലയവും ബസും സാവധാനം കടന്നുപോയി, ദൃഷ്ടിയില്‍ നിന്ന് മറയുന്നതുവരെ ആരാധകരുടെ വിളികള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ തുടര്‍ന്നു.

അവിടെക്കണ്ട കാഴ്ചകള്‍ക്കുപിന്നില്‍ ആ പ്രദേശത്തിന്റെ രാഷ്ട്രീയവും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. സ്വന്തം പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇന്നാട്ടുകാര്‍ കാറ്റലോണിയ സ്‌പെയിനില്‍നിന്നു വിട്ടു സ്വതന്ത്രമാകണം എന്ന ആവശ്യക്കാരാണ്. അതിന്റെപേരില്‍ മാഡ്രിഡിലെ സര്‍ക്കാരുമായി നിരന്തര ശണ്ഠയിലാണവര്‍. ഇടയ്ക്കിടെ ഈ ആവശ്യമുയര്‍ത്തി സ്പാനിഷ് രാഷ്ട്രീയം അസ്വസ്ഥമാവാറുമുണ്ട്. അഞ്ചു നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാറ്റലോണിയന്‍ വിഘടനവാദത്തിന്റെ പ്രതിഫലനമാണ് റയല്‍ മാഡ്രിഡ്, എല്‍കഌസിക്കൊ, ബാര്‍സിലോണ ക്‌ളബ്ബുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പരമ്പരാഗത വൈര്യം. അതുകൊണ്ടാണ് ബാഴ്‌സ വെറുമൊരു ക്ലബ്ബല്ല എന്നര്‍ത്ഥം വരുന്ന ‘ങഛഞഋ ഠഒഅച അ ഇഘഡആ’ എന്ന ആപ്തവാക്യം അവര്‍ക്ക് ഏറ്റവും യോജിച്ചതായത്.

ജനക്കൂട്ടത്തിന്റെ ഹിസ്റ്റീരിയ കെട്ടടങ്ങി അന്തരീക്ഷം ശാന്തമായിക്കഴിഞ്ഞപ്പോഴാണ് ടിക്കറ്റെടുത്തു കാത്തുനിന്ന സന്ദര്‍ശകരെ ക്ലബ്ബിനുള്ളിലേക്ക് കടത്തിവിട്ടുതുടങ്ങിയത്. ഗ്രൗണ്ടിലെ ടര്‍ഫില്‍ ഒഴികെ എല്ലായിടത്തും യഥേഷ്ടം കയറിയിറങ്ങി നടക്കാം. അവിടുത്തെ മ്യൂസിയമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ബാഴ്‌സിലോണ ഫുട്!ബോള്‍ ക്ലബ്ബിന്റെ ചരിത്രം, നാളിതുവരെ നേടിയ ട്രോഫികള്‍, അംഗീകാരങ്ങള്‍, പ്രശസ്ത കളിക്കാരുടെ ജേഴ്‌സികള്‍, അവരുപയോഗിച്ച ബൂട്ടുകള്‍, കളിക്കിടയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കളിയിലെ നിര്‍ണ്ണായക നിമിഷങ്ങളുടെ വീഡിയോകള്‍ ബിഗ് സ്ക്രീനില്‍ ഓടിക്കൊണ്ടേയിരിക്കുന്നു. ആകെക്കൂടി നമ്മെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരികത അനുഭവപ്പെടും.

കളിക്കാര്‍ക്കുവേണ്ടിയുള്ള സുസജ്ജമായ ജിംനേഷ്യം, മസാജ് പാര്‍ലര്‍, പ്രാര്‍ത്ഥനാലയം എല്ലാം നടന്നുകണ്ടു. അവിടെവന്നുപോയതിന്റെ ഓര്‍മ്മക്കായി ഒരു ടീ ഷര്‍ട്ടെങ്കിലും വാങ്ങണമെന്ന് കരുതി വിശാലമായ എഇആ ആീൗശേൂൗല ല്‍ ചെന്നപ്പോള്‍ സര്‍വത്ര ഝമമേൃ എീൗിറമശേീി മയം! പ്രശസ്തരായ പല ക്ലബ്ബ്കളും വന്‍കിട ബ്രാന്‍ഡുകളുമായി കരാറുണ്ടാക്കിയപ്പോഴും ബാഴ്‌സിലോണ അവരുടെ ജേഴ്‌സിയും എംബ്‌ളവുമൊന്നും ആര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. പിന്നെങ്ങനെ ഖത്തര്‍ ഫൗണ്ടേഷന്‍? അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് 2012 മുതല്‍ പരമ്പരാഗത പിടിവാശിയൊക്കെ മാറ്റിവച്ചുകൊണ്ട് അഞ്ചുവര്‍ഷത്തേക്ക് 150 മില്യണ്‍ പൗണ്ടിന്റെ കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഖത്തര്‍ ഫൗണ്ടേഷനുമായി ഉറപ്പിച്ചു എന്ന്. എന്തായാലും കുവൈറ്റില്‍നിന്നുപോയി ഖത്തറിന്റെ ഷര്‍ട്ടുമായി ….അങ്ങനെ അതു വേണ്ടെന്നുവച്ചു.

അടുത്തകളി തുടങ്ങാന്‍ സമയമായി. എഴുതിക്കൊണ്ടിരുന്നാല്‍ റിട്ടയര്‍ ചെയ്തതിന്റെ പ്രയോജനം തന്നെ ഇല്ലാതാവും. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഒരിക്കല്‍ പറഞ്ഞു “സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ടി വിയുടെ മുമ്പിലുണ്ടാവും, ക്രിക്കറ്റ് കളിയോടുള്ള താല്‍പ്പര്യം കൊണ്ടല്ല, സച്ചിന്‍ ബാറ്റ് ചെയ്യുമ്പോഴൊക്കെ അമേരിക്കയുടെ ജി ഡി പി അഞ്ചുശതമാനം താഴേക്ക് പതിക്കുന്നു എന്നതുകൊണ്ടാണ്" തമാശയായിരിക്കാം, പക്ഷെ സ്‌പോര്‍ട്ട്‌സിന്റെ സ്വാധീനം എത്രമാത്രം എന്നത് ഈ വാക്കുകളില്‍ വ്യക്തമാണ്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, അമേരിക്കന്‍ തൊഴിലാളി ജോലിക്കുപോകാതെ കളികണ്ടിരിക്കുന്നതും ഇന്ത്യന്‍ തൊഴിലാളി ജോലിക്കുപോയിട്ട് പണിയെടുക്കാതെ കറങ്ങിനടക്കുന്നതും ജിഡിപിക്ക് ഒരേപോലെയാണ്.

വാല്‍കഷണം:
യൂണിവേഴ്‌സിറ്റി ലീഗ് മത്സരങ്ങള്‍ ചങ്ങനാശ്ശേരി എസ് ബി കോളജ് ഗ്രൗണ്ടില്‍ നടക്കുകയാണ്. കഴിഞ്ഞ കളിയില്‍ മാര്‍ത്തോമ്മയുടെ രണ്ടുഗോള്‍ തോല്‍വി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഒന്നാം ഗോളിയുടെ പരിക്കുകാരണം സ്റ്റാന്‍ഡ്‌ബൈ ഗോള്‍കീപ്പറാണ് വലയം കാത്തത്. ജയിക്കുമെന്നുറപ്പുണ്ടായിരുന്ന ആ കളി തോറ്റതിന് ഗോളിയുടെ പിടിപ്പുകേടല്ലാതെ മറ്റൊരു കാരണം ആര്‍ക്കും ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. അടുത്തകളിക്ക് അവനെ കൊണ്ടുപോവുകപോലും ചെയ്യരുതെന്ന് തമ്പിസാറിനെ കണ്ട് ആവശ്യപ്പെട്ടു. “അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ വേറെ ആളുണ്ടെന്ന്” മറുപടിയും കിട്ടി. അങ്ങനെ അടുത്ത കളിയുടെ ദിവസമായി. ടീമിന് പോകാനുള്ള ടാക്‌സിയെത്തി. ജേഴ്‌സിയണിഞ്ഞ കളിക്കാര്‍ വണ്ടിയില്‍ കയറി. “ദേ ഇവനെ ഇറക്കിയിട്ടു വണ്ടിവിട്ടാല്‍ മതി” യെന്ന ആവശ്യവുമായി ഒരുസംഘം കാറിനുമുന്നില്‍ നിലയുറപ്പിച്ചു. രംഗം സംഘര്‍ഷഭരിതമായി, ആരുമാരും പിന്മാറുന്ന മട്ടില്ല. സമയം പോകുംതോറും കളിക്കുമുമ്പ് ഓടിയെത്താന്‍ കഴിയുമോ എന്ന ആശങ്കയും ബലപ്പെട്ടുവന്നു. ബഹളം തുടര്‍ന്നപ്പോള്‍ പ്രിന്‍സിപ്പലച്ചന്‍ തന്നെ രംഗത്തെത്തി. നേരിട്ടെതിര്‍ക്കാന്‍ പ്രതിഷേധക്കാരില്‍ പലര്‍ക്കും ആംപിയര്‍ കുറവായിരുന്നതിനാല്‍ വണ്ടി വിടാമെന്നായി. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തില്‍ എല്ലാവരും പിരിഞ്ഞുപോയി. പക്ഷെ മുത്തൂര്‍ എത്തുന്നതിനുമുമ്പ് ആളൊഴിഞ്ഞ വഴിയില്‍ കാര്‍ തടയപ്പെട്ടു. പെരുവഴിയായതുകൊണ്ടും പ്രിന്‍സിപ്പലച്ചന്റെ റഡാര്‍ പരിധിക്കപ്പുറമായിരുന്നതുകൊണ്ടും ഇത്തവണ തടഞ്ഞവരുടെ സംസാരഭാഷയും ശരീരഭാഷയും തുലോം വത്യസ്തമായിരുന്നു. അവസാനം നിവൃത്തിയില്ലാതെ കഥാപുരുഷന്‍ പുറത്തിറങ്ങി. ടീം യാത്രതുടര്‍ന്നു. ആഘോഷപൂര്‍വ്വം കോളേജിലേക്കുള്ള മടക്കയാത്രയില്‍ ജേഴ്‌സിയണിഞ്ഞ രണ്ടാം ഗോളിയും ഒപ്പം ചേര്‍ന്നു. അന്നത്തെ കളിയില്‍ മാര്‍ത്തോമ്മ മൂന്നുഗോളിന് ജയിക്കയും ചെയ്തതോടെ അതൊരു ഹാപ്പി എന്‍ഡിങ്ങായി പര്യവസാനിച്ചു………!
സോക്കര്‍ സുവിശേഷം (കുരുവിള വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക