Image

ജെസ്‌ന കേസില്‍ സര്‍ക്കാരിന്‌ കോടതിയുടെ വിമര്‍ശനം: ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന്‌ സര്‍ക്കാര്‍

Published on 21 June, 2018
 ജെസ്‌ന കേസില്‍ സര്‍ക്കാരിന്‌ കോടതിയുടെ വിമര്‍ശനം: ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന്‌ സര്‍ക്കാര്‍


കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം.കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയെ ആരും വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതല്ലെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇതിനെതിരെയാണ്‌ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്‌. ജെസ്‌നയ്‌ക്കായുള്ള അന്വേഷണത്തില്‍ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടോയെന്ന്‌ കോടതി ആരാഞ്ഞു. എന്നാല്‍ അതിന്‌ അന്വേഷണം തുടരുകയാണ്‌ എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രതികരണം. വ്യക്തമായ സൂചനകളില്ലാതെ കാട്ടിലോ കടലിലോ അന്വേഷിച്ചിട്ടു കാര്യമില്ലെന്ന്‌ കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

കേസില്‍ സിബിഐയ്‌ക്കു നോട്ടീസ്‌ അയയ്‌ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ജെസ്‌നയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി.ജെസ്‌നയെ കാണാതായ സംഭവത്തില്‍ മാര്‍ച്ച്‌ 22നാണ്‌ പിതാവ്‌ ജെയിംസ്‌ പോലീസില്‍ പരാതി നല്‍കിയത്‌.

വെച്ചൂച്ചിറ പോലീസില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരേയും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജെസ്‌നയെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക്‌ രണ്ട്‌ ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനും ഫലം ഉണ്ടായില്ല.

അതിനിടെ ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ്‌ കരുതുന്നത്‌. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. സൈബര്‍ഡോമിലെ വിദഗ്‌ധരുടെ സഹായത്തോടെയാണ്‌ സന്ദേശങ്ങള്‍ വീണ്ടെടുത്തത്‌. ജസ്‌ന അയച്ച സന്ദേശങ്ങളും ജെസ്‌നയ്‌ക്ക്‌ വന്ന സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.

ജെസ്‌നയുടെ അച്ഛന്റെ മുണ്ടക്കയത്തെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തി. ജെസ്‌നയുടെ അച്ഛന്റെ കണ്‍സ്‌ട്രക്ഷന്‍ കമ്‌ബനിയാണ്‌ വീട്‌ പണിയുന്നത്‌.ഏന്തയാറിലെ നിര്‍മ്മാണം നിലച്ച വീട്ടിലാണ്‌ പരിശോധന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക