Image

എന്നാലുമായി വീണ്ടും മേനോന്‍, 40 പുതുമുഖങ്ങളുമായി പരീക്ഷണത്തിനു വീണ്ടും

Published on 21 June, 2018
എന്നാലുമായി വീണ്ടും മേനോന്‍, 40 പുതുമുഖങ്ങളുമായി പരീക്ഷണത്തിനു വീണ്ടും
ക്യാമ്പസുകളുടെ ഹരമായിരുന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ വീണ്ടും ക്യാമ്പസിലേക്ക് ക്യാമറ തിരിക്കുന്നു. കുടുംബ കഥകളില്‍നിന്നും വേറിട്ട സിനിമക്കാണ് ഇത്തവണ മേനോന്‍ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാകും പുതിയ സിനിമ. 'എന്നാലും ശരത്ത്' എന്ന സിനിമയുടെ കഥ സസ്‌പെന്‍സായിരിക്കട്ടെ എന്ന് മേനോന്‍ പാലക്കാട്ട് മീറ്റ് ദി പ്രസില്‍ പറഞ്ഞു. 

പതിവ് തെറ്റിക്കാതെ പുതിയ സിനിമയിലും പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായികാ നായകന്മാരുള്‍പ്പെടെ 40 പുതുമുഖങ്ങളെയാണ് ബിഗ്‌സ്‌ക്രീനിലേക്ക് ആനയിക്കുന്നത്. പത്ത് സംവിധായകരും കഥാപാത്രങ്ങളായി വേഷമിടുന്നു. എന്റെ അമ്മയ്ക്ക് മാത്രമല്ല, എനിക്കും നിങ്ങളെ ഇഷ്ടമാണെന്ന് യുവാക്കളെക്കൊണ്ട് പറയിപ്പിക്കുന്ന സിനിമയാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് തിരക്കഥ, സംവിധാനം നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ബാലചന്ദ്രമേനോന്റെ മുപ്പതാമത്തെ സിനിമയാകും 'എന്നാലും ശരത്'. 

തന്നെയിപ്പോഴും പഴയ സിനിമാക്കാരന്‍ എന്നുവിശേഷിപ്പിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം 40 വര്‍ഷമായി താന്‍ സിനിമകളുമായി ഇവിടെത്തന്നെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. 

'ഓടുന്ന എല്ലാ പടങ്ങളും നല്ലതാണെന്ന് പറയില്ല. ന്യൂജന്‍ പടങ്ങളെ തള്ളിപ്പറയില്ല. പുതിയകാല സിനിമകളിലെ സാങ്കേതിക മികവിനൊപ്പം ചിന്താഗതിയിലും ചെറിയ മാറ്റംവരുത്തിയാല്‍ മികച്ച സൃഷ്ടികളുണ്ടാകും. പുതിയ സംവിധായകരോടും എഴുത്തുകാരോടും സഹകരിക്കാനാണ് താല്‍പ്പര്യം.

വ്യക്തിപരമായ ബന്ധത്തിലാണ് വിശ്വസിക്കുന്നത്. അസോസിയേഷനുകളല്ല കലാപരമായ പ്രവര്‍ത്തിയില്‍ ഇടപെടുന്നത്. മലയാള സിനിമയില്‍ ഒരാളോടും വിദ്വേഷമില്ല. കൈയില്‍ മടങ്ങിയ ഒരു ചെക്കുമില്ല. പ്രതിഫലം മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച് കൃത്യമായി വാങ്ങുന്ന പതിവുണ്ട് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക