Image

ഇതും (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 21 June, 2018
ഇതും (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഉറുമ്പില്‍ നിന്നുമൊരൊറ്റവരി പഠിക്കണം
ഉറ്റവര്‍ക്കറിയാത്ത കാര്യം തിരക്കണം
മറ്റുള്ളവര്‍ക്കായ് വെളിച്ചം പകര്‍ന്നിടാന്‍
തൊട്ടരുകിലുദയാര്‍ക്കനായ് പിറന്നീടണം.
കെട്ടുപോയോര്‍ക്കാകെയെന്നുമുന്മേഷമായ്
ഭ്രഷ്ടുകല്‍പ്പിച്ചിടാതൊന്നായുണര്‍ത്തണം
നഷ്ടസ്വപ്നങ്ങള്‍ പിഴുതെറി,ഞ്ഞപരന്റെ
കഷ്ടകാലത്തിന്‍ മതില്‍പൊളിച്ചീടണം
പേടിച്ച ലോകത്തില്‍ പേപിടിച്ചീടാത്ത
ചിന്തകള്‍ക്കെങ്കിലും കൂടൊരുക്കീടണം
വേര്‍പെട്ടവര്‍ക്കേറുമാടങ്ങളില്‍പ്പുതിയ
താവളം പണിയുവാന്‍ കൂടെയുണ്ടാകണം
കാമാന്ധരായവര്‍ ശൈശവങ്ങള്‍ക്കുമേല്‍
പൈശാചികമായിര തിരഞ്ഞീടിനാല്‍
ശൈവചാപംകണക്കെയ്തുവീഴ്ത്തീടുവാന്‍
കഴിയുവോരായിപ്പരിണമിച്ചീടണം
പതിതര്‍ക്കുമേലിന്നു കുതിരകയറീടുന്ന
പ്രവണതകള്‍ക്കും കടിഞ്ഞാണ്‍മുറുക്കണം
കാലത്തിനോടൊത്തുപോകുവാനാകാത്ത
കാതരഹൃദയര്‍ക്കു സാന്ത്വനം പകരണം
മുള്‍വേലികെട്ടാ മനസ്സുകള്‍ക്കുള്ളിലാ
യലിവിന്റെയരുവിയായിനിയുമൊഴുകണം
പുഴകള്‍ മരിക്കാതിരിക്കുവാന്‍ ഝടിതിയി
ന്നുയരുന്നൊരുര്‍ജ്ജപ്രവാഹമായീടണം
പ്രണമിച്ചിടുന്നവനോടുപരി പ്രേമമോ
ടറിവിന്‍ മഹാജാലകം തുറന്നേകുവാന്‍
വ്രതശുദ്ധിയോടെ പ്രാര്‍ത്ഥിച്ചുടല്‍ക്കോവിലി
ലാര്‍ദ്രവിചാരത്തിരി തെളിച്ചീടണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക