Image

കാശ്മീര്‍-ബി.ജെ.പി.യുടെ മിഷന്‍ 2019 ന്റെ ശംഖൊലി (ഡല്‍ഹികത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 22 June, 2018
കാശ്മീര്‍-ബി.ജെ.പി.യുടെ മിഷന്‍ 2019 ന്റെ ശംഖൊലി (ഡല്‍ഹികത്ത്- പി.വി.തോമസ്)
'വിരുദ്ധ ധ്രൂവങ്ങളുടെ സംഗമം' അവസാനിച്ചു. കാശ്മീര്‍ പതിവുപോലെ വീണ്ടും അനിശ്ചിതാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും  അസുരക്ഷാവസ്ഥയിലേക്കും നീങ്ങുകയാണ്. എന്തുനേടി പി.ഡി.പി.-ബി.ജെ.പി. കൂട്ടുകെട്ടും ഭരണവും? വട്ടപൂജ്യം.
ജമ്മു-കാശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. കൂട്ടുമുന്നണി ഗവണ്‍മെന്റില്‍ നിന്നും ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതും, മെഹബൂബ മുഫ്തി ഗവണ്‍മെന്റ് വീണതും, പ്രശ്‌ന-അതിര്‍ത്തി സംസ്ഥാനത്ത് കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതും അടിസ്ഥാനപരമായ ദേശീയ രാഷ്ട്രീയ സംഭവ വികാസം ആണ്. ബി.ജെ.പി.യുടെ ജൈത്രയാത്രയുടെ ഭാഗമായിട്ടാണ് മോഡി-ഷാ നേതൃത്വം ചരിത്രത്തില്‍ ആദ്യമായിട്ട് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കാശ്മീരില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിച്ചത്, സഖ്യ കക്ഷി ആയിട്ടാണെങ്കിലും. അത് ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിജയവും ആയിരുന്നു. കാശ്മീരിലും കാവിക്കൊടി പാറിക്കുവാന്‍ ആയത് നിസാരകാര്യം അല്ലല്ലോ? അത് ബി.ജെ.പി.യുടെ വലിയ ഒരു രാഷ്ട്രീയ വ്യഗ്രത ആയിരുന്നു 2015-ല്‍ അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍.

2015-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 87 അംഗങ്ങള്‍ ഉള്ള നിയമസഭയില്‍ 44 അംഗങ്ങള്‍ ആണ് കേവലഭൂരിപക്ഷം എന്ന മാജിക്ക് മാര്‍ക്ക്. ബി.ജെ.പി. രണ്ടാം സ്ഥാനത്ത് എത്തി(25 സീറ്റ്). നാഷ്ണല്‍ കോണ്‍ഫ്രന്‍സും(15) കോണ്‍ഗ്രസും (12) പിറകിലായി. ഈ സാഹചര്യത്തില്‍ ആണ് പി.ഡി.പി.യും ബി.ജെ.പി.യും സഖ്യം ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിച്ചത്. ഇത് ഒരു വിരോധാഭാസം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം വീക്ഷിച്ചത്. പക്ഷേ, എനിക്ക്, വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നു. മറ്റ് ചിലര്‍ക്കും. എന്തുകൊണ്ട് ഒരു ഹിന്ദുത്വ പാര്‍ട്ടിയും മുസ്ലീം പാര്‍ട്ടിയും ഒരു ജനാധിപത്യത്തില്‍ ഒരുമിച്ച് ഭരിച്ചുകൂട? ഈ പരീക്ഷണം വിജയിച്ചാല്‍ അത് ഒരു സര്‍വ്വകക്ഷി ദേശീയ ഗവണ്‍മെന്റിലേക്ക് തന്നെ വഴി ഒരുക്കിക്കൂടെ? എത്ര അഭികാമ്യം ആണ് അത്. കോണ്‍ഗ്രസും, ബി.ജെ.പി.യും ഇടതുപക്ഷവും പ്രാദേസീക പാര്‍ട്ടികളും ഒരുമിച്ച് ഇന്ത്യ ഭരിക്കുന്നു. പക്ഷേ, കാശ്മീര്‍ പരീക്ഷണം പരാജയപ്പെട്ടു. ബി.ജെ.പി. ഒരു ഹിന്ദുത്വ പാര്‍ട്ടി ആണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370(ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നത്) കോമണ്‍ സിപിള്‍ കോഡും അതിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍ ആണ്. പി.ഡി.പി. ഒരു മുസ്ലീം രാഷ്ട്രീയ പാര്‍ട്ടി ആണ്. അത് ഇതിനെല്ലാം എതിരാണ്. എങ്കിലും,ത അവസരവാദപരമായ അധികാരത്തിനുവേണ്ടി ഒരു അവിശുദ്ധ ബന്ധത്തിന് അവര്‍ 2015-ല്‍ മുതിര്‍ന്നു. അതാണ് ഇപ്പോള്‍ തകര്‍ന്ന് താറുമാറായത്. 

ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പ് ആണ് പ്രധാനം. അതിന്റെ ഹിന്ദുത്വ മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ ഹിന്ദു ഭൂരിപക്ഷ ജമ്മുവിലെ വോട്ട് ബാങ്ക്് നിലനിര്‍ത്തുകയും വേണം. പി.ഡി.പി.ക്ക് മുസ്ലീം ഭൂരിപക്ഷ കാശ്മീര്‍ താഴ് വരയും നിലനിര്‍ത്തണം. ബി.ജെ.പി. മുമ്പെ എറിഞ്ഞില്ലായിരുന്നെങ്കില്‍ പി.ഡി.പി. സഖ്യം ഉപേക്ഷിക്കുമായിരുന്നുവെന്ന കാര്യത്തില്‍ സംശയം ഇല്ല. കാരണം ഇരുപാര്‍ട്ടികള്‍ക്കും അവരുടെ വോട്ട് ബാങ്ക് നിലനിര്‍ത്തണം. ബി.ജെ.പി.ക്ക് അത് ജമ്മുവിലും അഖിലേന്ത്യാതലത്തിലും ആണ്. പി.ഡി.പി.ക്ക് കാശ്മീര്‍ താഴ് വരയിലും. ബി.ജെ.പി. ഒരു പക്ഷേ അത് നിലനിര്‍ത്തിയേക്കാം. പക്ഷേ, പി.ഡി.പി.ക്ക് അത് ദുഷ്‌ക്കരം ആണ്. കാരണം ബി.ജെ.പി.യും ആയിട്ടുള്ള അവസരവാദപരമായ അവിഹിതബന്ധത്തിലൂടെ അത് നാഷ്ണല്‍ കോണ്‍ഗ്രസിനു മുമ്പില്‍ അടിയറവ് പറയേണ്ടി വരും. ബി.ജെ.പി.യുടെ ദേശീയ ഹിന്ദുത്വ അജണ്ട വിജയിക്കുകയും ചെയ്യും. അതാണ് കാശ്മീരിലെ ഇപ്പോഴത്തെ ഈ ബി.ജെ.പി.തന്ത്രം. ഇനി കാശ്മീര്‍ ഭരിക്കുന്നത് കേന്ദ്രവും(ഗവര്‍ണ്ണര്‍) പട്ടാളവും, ഐ.എസ്.ഐ.യും ഭീകരവാദികളും. എട്ടാമത്തെ പ്രാവശ്യം ആണ് നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കാശ്മീര്‍ കേന്ദ്രഭരണത്തിന് കീഴില്‍ ആയിട്ടുള്ളത്. അപ്പോഴെല്ലാം അക്രമവും അരാജകത്വവും ഭീകരവാദവും അഴിഞ്ഞാടിയ ചരിത്രമേ ഉള്ളൂ.

2015- ല്‍ പി.ഡി.പി. സ്ഥാപകനും മെഹബൂബ മുഫ്തിയുടെ പിതാവും ആയ മുഫ്തി മുഹമ്മദ് സെയ്ത് ആണ് ബി.ജെ.പി.യും ആയി സഖ്യം ഉണ്ടാക്കിയത്. അദ്ദേഹം ബി.ജെ.പി.യുടെ സഹായത്തോടെ മുഖ്യമന്ത്രി ആയി. ഈ സഖ്യം നിലനില്‍ക്കുകയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. കാരണം ഇവര്‍ വിരുദ്ധ ധ്രൂവങ്ങള്‍ ആണ്. അതു തന്നെയാണ് മുഖ്യമന്ത്രി സെയ്തും അന്ന് പറഞ്ഞത്: ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ ഒത്തു ചേരുകയാണെന്ന്. അത് വിജയിച്ചാല്‍ നല്ലതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. പക്ഷേ, വിജയിച്ചില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക് വഴിയെ വരുകയാണ്. 

ബി.ജെ.പി.യും പി.ഡി.പി.യും ഇത് അവരുടെ അധികാര രാഷ്ട്രീയത്തിന്റെ ഒരു അവസരമായി ഉപയോഗിച്ചു. അവസാനം അതിന്റെ തന്നെ ഭാഗമായി ബി.ജെ.പി. വേര്‍ പിരിയുകയും ചെയ്തു. ബി.ജെ.പി. വേര്‍പിരിഞ്ഞില്ലായിരുന്നെങ്കില്‍ പി.ഡി.പി- വേര്‍പിരിഞ്ഞേനെ. കാരണം ബി.ജെ.പി.ക്ക് അതിന്റെ ഹിന്ദുത്വ മുഖവും പി.ഡി.പി.ക്ക് അതിന്റെ മുസ്ലീം മുഖവും രക്ഷിക്കണം.

സഖ്യത്തിലെ കല്ലുകടി ഉദ്ഘാടനദിവസം തന്നെ തുടങ്ങി. ചടങ്ങില്‍ സംസാരിക്കവെ മുഫ്തി സെയ്ത് പറഞ്ഞു ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പ് സമാധാനപരവും വിജയകരവും ആയി സമാപിച്ചത് പാക്കിസ്ഥാന്റെയും ഹുറിയത്തിന്റെയും ഭീകരവാദികളുടെയും സഹായസഹകരണം കൊണ്ട് ആണെന്ന്. ഇത് ബി.ജെ.പി.യെ സ്വാഭാവികമായും ചൊടിപ്പിച്ചു. 2015 മാര്‍ച്ചില്‍ സെയ്ത് വിഘടനവാദികള്‍ക്ക് ശുഭസൂചകമായി ജയിലില്‍ കഴിയുന്ന ഭീകരവാദി മസാറത്ത് ആലമിനെ വിമോചിപ്പിച്ചു. ഇതിനെ ബി.ജെ.പി.യും കേന്ദ്രവും എതിര്‍ത്തു. അവസാനം കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം സഹിക്കാനാവാതെ അദ്ദേഹം ആലമിനെ വീണ്ടും അറസ്റ്റ് ചെയ്ത് അദ്ദേഹത്തില്‍ ദേശ ദ്രോഹകുറ്റം ചുമത്തി. ഇത് രണ്ട് രീതിയിലും തിരിച്ചടി ആയി. മുഫ്തിയും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

2015 നവംബറില്‍ ശ്രീനഗറില്‍ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോഡി ജമ്മു-കാശ്മീരിന് 80,000 കോടിരൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, എന്നാല്‍ അദ്ദേഹം പി.ഡി.പി.യെ ഇടിച്ചു താഴ്ത്തിക്കൊണ്ട് പറഞ്ഞു കാശ്മീരിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് സഖ്യകക്ഷികളുടെയൊന്നും ഉപദേശം ആവശ്യം ഇല്ലെന്ന്. പി.ഡി.പി.യും മുഫ്തിയും പ്രധാനമന്ത്രിയുടെ ഒരു രാഷ്ട്രീയ സന്ദേശത്തിനും പാക്കിസ്ഥാനും ആയിട്ടുള്ള സമാധാന സംഭാഷണത്തിനും ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് മോഡിയുടെ ഈ അവഹേളനം വന്നത്. 

2016 ജനുവരിയില്‍ മുഫ്തി സെയ്ത് മരിച്ചു. അത് കാശ്മീര്‍ രാഷ്ട്രീയത്തിലും പി.ഡി.പി.- ബി.ജെ.പി. സഖ്യത്തിലും ഒരു വഴിത്തിരിവ് ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു. മെഹബൂബ ആരംഭം മുതലേ പി.ഡി.പി.-ബി.ജെ.പി. സഖ്യത്തിന് എതിരായിരുന്നു. അത് മുഫ്തിസെയ്തും സമ്മതിച്ചിട്ടുള്ളതാണ്. ഏതായാലും ഇതോടെ പി.ഡി.പി.യില്‍ തന്നെ ബി.ജെ.പി.യുമായിട്ടുള്ള സഖ്യത്തിനെതിരെ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തി.
ഇതുകൂടാതെ ബുര്‍ഹാന്‍ വാനി എന്ന വിഭാഗീയ വിഭാഗ നേതാവിന്റെ കൊല കാശ്മീരിനെ ആളിക്കത്തിച്ചു. ആര്‍ട്ടിക്കിള്‍ 370-ന് എതിരെയുള്ള ചില നീക്കങ്ങളും താഴ് വരയെ അസ്വസ്ഥം ആക്കി. നാഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ചില വിഭാഗീയ നേതാക്കന്മാരുടെ ഭവനങ്ങള്‍ റെയ്ഡു ചെയ്തതും പ്രശ്‌നം ആയി. കേന്ദ്രത്തിന്റെ ഇന്റര്‍ ലോക്യൂറ്ററുടെ അഭിപ്രായ പ്രകാരം ആദ്യ തവണ കല്ലേറു നടത്തിയവര്‍ക്ക് മാപ്പ് നല്‍കിയതും മെഹബൂബയും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാക്കി. അപ്പോഴാണ് കത്വബലാത്സംഗ കേസ് ഉണ്ടാക്കുന്നത്. ഇതില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ പിന്തുണച്ച രണ്ട് ബി.ജെ.പി. മന്ത്രിമാര്‍ക്ക് മെഹബൂബയുടെ നിര്‍ബ്ബന്ധപ്രകാരം രാജിവയ്‌ക്കേണ്ടിവന്നു. ഇതും പി.ഡി.പി.-ബി.ജെ.പി. ബന്ധത്തെ ഉലച്ചു. ഏറ്റവും ഒടുവിലായി വന്നത് റംസാന്‍ സംബന്ധിച്ചുള്ള ഭീകരവിരുദ്ധ നടപടിയുടെ ഇളവ് ആണ്. അത് മെഹബൂബയുടെ ആശയം ആയിരുന്നു. കേന്ദ്രം അത് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, മറു ഭാഗത്തു നിന്ന് യാതൊരു ഫലവും ഉണ്ടായില്ല. റംസാന് ശേഷവും ഇത് തുടരണമെന്ന് മെഹബൂബ ശഠിച്ചു കേന്ദ്രം വഴങ്ങുവാന്‍തയ്യാറായിരുന്നില്ല.
ഇതിനിടെ ആര്‍.എസ്.എസ്. ഇടപ്പെട്ടു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് സംഘിന്റെയും ബി.ജെ.പി.യുടെയും നേതാക്കന്മാര്‍ സൂരജ് കുണ്ടില്‍ (ഹരിയാന) സമ്മേളിച്ചു. അവര്‍ അന്തിമ തീരുമാനവും എടുത്തു.

ഇപ്പോഴത്തെ ഭരണത്തിനു കീഴില്‍ തീവ്രവാദവും, അക്രമവും, വിഭാഗീയതയും, ദേശവിരുദ്ധതയും വളരുകയാണെന്ന് ബി.ജെ.പി.യും ആര്‍.എസ്.എസും കണ്ടെത്തി. 2019-ലെ  ലോകസഭ തെരഞ്ഞെടുപ്പിന് ദേശവ്യാപകമായി മറ്റെന്ത് മുദ്രാവാക്യം വേണം. കാശ്മീര്‍ പത്രാധിപരുടെ കൊലയും അവര്‍ എടുത്തു കാണിച്ചു. പത്ര സ്വാതന്ത്ര്യം അപകടത്തില്‍. ഗൗരീലങ്കേഷും മറ്റും മറ്റും അവര്‍ സൗകര്യപൂര്‍വ്വം മറന്നു.

കാശ്മീര്‍ വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം ആവുകയാണ്. അവിടെ സംഭാഷണത്തിന്റെയും സമയവായത്തിന്റെയും കാലം കഴിഞ്ഞു. പട്ടാളം നിലയുറപ്പിച്ചു കഴിഞ്ഞു. അത് വേണം. പക്ഷേ, കാശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടു വരുവാന്‍ അതിന് സാധിക്കുമോ? ഒരു സര്‍ജീക്കല്‍ സ്‌ട്രൈക്കിന് അത് സാധിച്ചില്ല. കാശ്മീരിനെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ദുരുപയോഗിക്കുന്നത് ചരിത്രത്തോടുള്ള അപരാധം ആയിരിക്കും. പട്ടാളക്കാരോടും സാധാരണ ജനങ്ങളോടും ഉള്ള കടുംകൈ ആയിരിക്കും. കാശ്മീര്‍ ഏറെ കലുഷിതം ആകുവാന്‍ പോവുകയാണ്.

കാശ്മീര്‍-ബി.ജെ.പി.യുടെ മിഷന്‍ 2019 ന്റെ ശംഖൊലി (ഡല്‍ഹികത്ത്- പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക