Image

പശുക്കടത്ത്‌ ആരോപിച്ചുള്ള കൊലപാതകം; ഗോരക്ഷകര്‍ക്ക്‌ കൂട്ട്‌ നിന്ന പൊലീസുകാരെ വിചാരണ ചെയ്യണമെന്ന്‌ സ്വര ഭാസ്‌ക്കര്‍

Published on 22 June, 2018
പശുക്കടത്ത്‌ ആരോപിച്ചുള്ള കൊലപാതകം; ഗോരക്ഷകര്‍ക്ക്‌ കൂട്ട്‌ നിന്ന പൊലീസുകാരെ വിചാരണ ചെയ്യണമെന്ന്‌ സ്വര ഭാസ്‌ക്കര്‍

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ഗോരക്ഷകര്‍ക്ക്‌ കൂട്ടുനിന്ന ഉത്തര്‍പ്രദേശ്‌ പൊലീസിനെതിരെ ബോളിവുഡ്‌ നടി സ്വര ഭാസ്‌ക്കര്‍. പൊലീസുകാരെ സ്ഥലം മാറ്റുകയല്ല, വിചാരണ ചെയ്യുകയാണ്‌ വേണ്ടതെന്ന്‌ സ്വരഭാസ്‌ക്കര്‍ ട്വീറ്റ്‌ ചെയ്‌തു. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള യുപി പൊലീസിന്റെ നിലപാട്‌ ഞെട്ടിക്കുന്നതാണെന്ന്‌ സ്വര പറഞ്ഞു.

ആളുകളെ അടിച്ചു കൊല്ലുന്നത്‌ നോക്കി നില്‍ക്കുന്ന പൊലീസിന്‌ എങ്ങനെ റോഡില്‍ സുരക്ഷയൊരുക്കാന്‍ പറ്റുമെന്നും യു.പി ഡി.ജി.പിയുടെ റോഡ്‌ സുരക്ഷാ ബോധവത്‌ക്കരണ പരിപാടിയുടെ വാര്‍ത്ത ട്വീറ്റ്‌ ചെയ്‌ത്‌ കൊണ്ട്‌ സ്വരഭാസ്‌ക്കര്‍ ചോദിച്ചു.ആംബുലന്‍സ്‌ ഇല്ലാത്തതിനാലാണ്‌ മര്‍ദ്ദനമേറ്റ ഖാസിമിനെ വലിച്ചിഴച്ച്‌ കൊണ്ട്‌ പോയതെന്ന്‌ ഉത്തര്‍പ്രദേശ്‌ പൊലീസ്‌ ഇന്നലെ പുറത്തുവിട്ട പ്രസ്‌താവനയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌, പൊലീസുകാരുടെ നടപടിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും പൊലീസുകാരെ സ്ഥലം മാറ്റിയെന്നും ഡി.ജി.പി പുറത്തു വിട്ട പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില ഹാപൂരിലെ പിലഖുവയില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവമുണ്ടായത്‌. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ്‌ ആക്രമണത്തിനിരയായത്‌. കാസിം ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. സമായുദ്ധീന്‍ ചികിത്സയിലാണുള്ളത്‌. കൊലപാതകം പശു വിഷയമല്ലെന്നും, അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നുമാണെന്നായിരുന്നു പൊലീസ്‌ നിലപാട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക