Image

ഒരു കന്യാസ്ത്രീയുടെ പോരാട്ട വിജയം(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 June, 2018
ഒരു കന്യാസ്ത്രീയുടെ പോരാട്ട വിജയം(ഏബ്രഹാം തോമസ്)
മക്കെല്ലന്‍(ടെക്‌സസ്): ഒടുവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പല വശത്ത് നിന്നും ഉള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയാന്‍ അനുവദിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പ് വച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ദക്ഷിണ ടെക്‌സസിലെ മക്കെല്ലനില്‍ കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കി വരുന്ന കത്തോലിക്ക കന്യാസ്ത്രീ നോര്‍മ പിമെന്റ ഏകയായി നടത്തി വന്ന പോരാട്ടത്തിന്റെ വിജയം കൂടി ആണിത്.

2014 ല്‍ മദ്ധ്യ അമേരിക്കയില്‍ നിന്നെത്തിയ കുടുംബങ്ങളുടെ ഒരു വലിയ സംഘം ഇവരെ സമീപിച്ച് അഭയം നല്‍കണം എന്ന് അപേക്ഷിച്ചു. സിസ്റ്റര്‍ പിമെന്റ സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിലെ വൈദികനെ കണ്ട് ചര്‍ച്ചിന്റെ ഫെലോഷിപ്പ് കുറച്ചു നാളത്തേയ്ക്ക് അഭയാര്‍ത്ഥികളെ താമസിക്കുവാന്‍ അനുവദിക്കണം എന്നഭ്യര്‍ത്ഥിച്ചു. വൈദികന്‍ അനുവദിച്ചു. പക്ഷെ കുറെ നാളത്തേയ്ക്ക് നല്‍കിയ അനുവാദം നീട്ടി നീട്ടി കൊടുക്കേണ്ടിവന്നു, ഏതാണ്ട് മൂന്നു വര്‍ഷം ഇത് തുടര്‍ന്നു.

നാലാം വര്‍ഷം സിസ്റ്റര്‍ പിമെന്റ ഒരു താഴ്ന്ന സ്ഥലത്തെ വലിയ കെട്ടിടത്തിലേയ്ക്ക് കുടിയേറ്റക്കാരെ മാറ്റി. ഇതിനടുത്താണ് കുടിയേറ്റക്കാരെ സംബന്ധിക്കുന്ന നിയമയുദ്ധങ്ങള്‍ അരങ്ങേറുന്ന ഫെഡറല്‍ ക്രിമിനല്‍ കോര്‍ട്ട്ഹൗസ് സ്ഥിതി ചെയ്യുന്നത് എന്നത് വെറും യാദൃശ്ചികം. ട്രമ്പ് ഭരണകൂടനയങ്ങള്‍ ക്കെതിരെയുള്ള യുദ്ധം പുരോഗമിക്കുമ്പോഴാണ് തന്റെ സീറോ ടോളറന്‍സ് നയം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ട്രമ്പ് പ്രഖ്യാപിച്ചത്.

64കാരിയായ സിസ്റ്റര്‍ പറഞ്ഞു: കുടുംബങ്ങളെ ഭാഗിക്കുകയില്ല എന്നറിയുന്നത് ആശ്വാസകരമാണ്, അദ്ദേഹം(പ്രസിഡന്റ്) മനസ് മാറ്റം നടത്തിയത് നന്നായി. വളരെ ഉന്നതതത്വങ്ങള്‍ പാലിക്കുന്ന ഒരു രാജ്യമാണഅ നമ്മുടേത്. കുടിയേറ്റ നടപടികള്‍ നാം അന്തസിന് ചേരുംവിധം ചെയ്യണം. ഇപ്പോഴും രാജ്യം നേരിടുന്ന കുടിയേറ്റ ഭീഷണി നിലനില്‍ക്കുകയാണ്. ഒപ്പം മദ്ധ്യ അമേരിക്കയിലെ അക്രമവും പട്ടിണിയും.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവര്‍ അല്‍സാല്‍വഡോര്‍ സന്ദര്‍ശിച്ചിരുന്നു. മരാസ് ആ രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുക്കുകയാണെന്ന് ഏതൊരാള്‍ക്കും മനസിലാകും.(അല്‍ സാല്‍വഡോറിലെ ഒരു അക്രമസംഘത്തെയാണ് മരാസ് എന്ന് വിശേഷിപ്പിക്കുന്നത്. സാല്‍വഡോറല്‍ അമ്മമാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തങ്ങളുടെ കുട്ടികളെ ഏറ്റു വാങ്ങുന്ന രംഗം കരളലിയിക്കുന്നതാണ്. അവരുടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അമേരിക്ക തിരിച്ചയച്ചതാണ്. അമ്മമാര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ കുട്ടികളെ യു.എസിലേയ്ക്ക് അയയ്ക്കാന്‍ ഞങ്ങള്‍ വന്‍ തുകകള്‍ കടം വാങ്ങി. ഇനി ഇത് എങ്ങനെ തിരിച്ചു നല്‍കും?'

അല്‍സാല്‍വഡോറിലെയും അവര്‍ സന്ദര്‍ശിച്ച മറ്റൊരു അയല്‍ രാജ്യം ഗോട്ടിമാലയിലെയും ഭരണം സുശക്തമാക്കാന്‍ യു.എസ്. ഗവണ്‍മെന്റ് തയ്യാറാകണം. രണ്ട് രാജ്യങ്ങളും സന്ദര്‍ശിച്ചതിന് ശേഷം അവര്‍ വാഷിംഗ്ടണ്‍ ഡി.സി.യിലെത്തി യു.എസ്. ഗവണ്‍മെന്റ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി. അതിന് ശേഷം അവര്‍ ഫ്‌ളോറിഡയില്‍ നടന്ന യു.എസ്. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സില്‍ സംബന്ധിച്ചു. ബിഷപ്പുമാര്‍ കുടുംബങ്ങളെ വേര്‍തിരിക്കുന്നത് അധാര്‍മ്മികമാണെന്ന് പറഞ്ഞതായി സിസ്റ്റര്‍ വെളിപ്പെടുത്തി.

ആദ്യം കാണുമ്പോള്‍ അവര്‍ വളരെ വിനീതയാണെന്ന് തോന്നും. പക്ഷെ, സ്‌നേഹിതാ, അവര്‍ ഒരു പുലിയാണെന്ന് വൈകാതെ നിങ്ങള്‍ മനസ്സിലാക്കും, 70 കാരനായ റവ.അല്‍ഫോണ്‍സോ ഗുവാര പറയുന്നു. ഗുവാരയും പിമെന്റയും ബ്രൗണ്‍സ് വില്‍കാരാണ്. ഗുവാരയ്ക്ക് ദശകങ്ങളായി പിമെന്റയെ അടുത്തറിയാം.

റവ.അല്‍ഫോണ്‍സോ വാലി ഇന്റര്‍ഫെയ്തിലെ പുരോഹിതനാണ്. അതിര്‍ത്തി സഭകളിലെ ദാരിദ്ര്യം, പാര്‍പ്പിടപ്രശ്‌നം, കുടിയേറ്റ നയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ സ്വയം സമര്‍പ്പിതമാണ് വാലി ഇന്റര്‍ഫെയ്ത്. പിമെന്റ 1980 കളില്‍ മദ്ധ്യഅമേരിക്കന്‍ രാജ്യങ്ങളായ അല്‍സാല്‍വഡോര്‍, നിക്വാരഗ്വ, ഗ്വോട്ടിമാല എന്നിവടങ്ങളില്‍ നിന്ന് അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ദക്ഷിണ ടെക്‌സസില്‍ അഭയം തേടിയ കൗമാരക്കാരുടെ കുടിയേറ്റ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു എന്ന് ഗുവാര പറയുന്നു.

ഇരുവരും മക്കെല്ലന് സമീപമുള്ള നഗരം സാന്‍ ഹുവാനില്‍ ഒരേ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഈ നഗരത്തിലാണ് അന്താരാഷ്ട്ര പ്രശസ്തമായ കത്തോലിക്ക ദേവാലയം ബസലിക്ക ഓഫ് അവര്‍ ലേഡി ഓഫ് സാന്‍ ഹുവാന്‍ ഡെല്‍ വാലേ സ്ഥിതി ചെയ്യുന്നത്. താന്‍ പിമെന്റയെ അപൂര്‍വമായേ കാണാറുള്ളൂ, അല്ലാതെ കാണുന്നത് ടെലിവിഷനിലാണെന്ന് തമാശയായി ഗുവാര പറഞ്ഞു.

ഒരു കന്യാസ്ത്രീയുടെ പോരാട്ട വിജയം(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക