Image

എഡിജിപിയുടെ മകളുടെ പരാതി വ്യാജം, പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി

Published on 22 June, 2018
എഡിജിപിയുടെ മകളുടെ പരാതി വ്യാജം, പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാറിന് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി. എക്‌സ്‌റേ എടുക്കാന്‍ വിസമ്മതിച്ചുവെന്നും ഡോക്ടര്‍ അറിയിച്ചു. ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ഡോക്ടര്‍ മൊഴി നല്‍കി.ഡ്രൈവര്‍ ഗവാസ്‌കര്‍ തന്റെ കാലില്‍ വാഹനം കയറ്റിയെന്ന് ആരോപിച്ചാണ് സ്‌നിഗ്ധ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ് ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് പുതിയ വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ എഡിജിപിയുടെ മകളുടെ മൊഴിയെടുത്തേക്കും.

ഡോക്ടറുടെ മൊഴിയും ആശുപത്രി രേകകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതോടെ എഡിജിപിയുടെ മകളുടെ പരാതി പൊളിയാനാണ് സാധ്യത കൂടുതല്‍. മര്‍ദ്ദനമേറ്റ ഗവാസ്‌കര്‍ക്കെതിരെ എഡിജിപി ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് കഴിഞ്ഞ ദിവസം പരാതി സമര്‍പ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെ തുടര്‍ന്നാണ് ഗവാസ്‌കര്‍ക്ക് പരിക്കേറ്റതെന്നും തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. 

മകള്‍ മര്‍ദ്ദിച്ചുവെന്ന പോലീസ് പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഡിജിപിയുടെ നീക്കം. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഭാനുവുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ പെരുമാറ്റം മോശമാണെന്ന് അച്ഛനോട് പരാതി പറഞ്ഞിരുന്നുവെന്നും ഇത് അച്ഛന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ഗവാസ്‌ക്കറിന്റെ പരാതിക്കു പിന്നിലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക