Image

കറുമ്പിയെന്ന് വിളിച്ചതിന്റെ പകതീര്‍ക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; 5 മരണം

Published on 23 June, 2018
കറുമ്പിയെന്ന് വിളിച്ചതിന്റെ പകതീര്‍ക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; 5 മരണം
മുംബൈ: തന്റെ കറുപ്പ് നിറത്തിന്റെ പേരില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തില്‍ മനംനൊന്ത യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഈ ഭക്ഷണം ക!ഴിച്ച നാലു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 120 ആളുകള്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. ഒരു ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്‍ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലര്‍ത്തിയത്.

ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. വന്‍തോതില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നു ചടങ്ങിനെത്തിയവരെ ചോദ്യം ചെയ്തു. ഇതോടെയാണു യുവതി വലയിലായത്. പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ വീടിനു സമീപത്തുനിന്നും കണ്ടെത്തി.

രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ നിറത്തിന്‍റെയും മോശപ്പെട്ട പാചകത്തിന്‍റെയും പേരില്‍ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നു. ഇതിലുള്ള വിരോധമാണു ഭക്ഷണത്തില്‍ വിഷം കലര്‍ത്താനുള്ള തീരുമാനത്തിലെത്തിച്ചതെന്നു യുവതി മൊഴി നല്‍കി. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്. ചികിത്സ തേടിയെത്തിയ മിക്കവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക